14 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 12, 2025
March 26, 2025
March 25, 2025
March 24, 2025
March 22, 2025
March 22, 2025
March 21, 2025
March 17, 2025
March 13, 2025

ജനാധിപത്യത്തെ തകര്‍ക്കുന്ന സൗജന്യ വില്പന

Janayugom Webdesk
January 20, 2025 5:00 am

ജനാധിപത്യത്തില്‍ വോട്ടവകാശം എന്നത് പൗരന്റെ അടിസ്ഥാന അവകാശവും ധാര്‍മ്മിക ഉത്തരവാദിത്തവുമാണ്. വെെദേശികാധിനിവേശ കാലത്തും, അതിനുമുമ്പ് അധികാരം ജന്മായത്തമെന്ന പേരില്‍ സിംഹാസനത്തിലിരുന്ന ചക്രവര്‍ത്തിമാരോടും സുല്‍ത്താന്‍മാരോടും പടപൊരുതിയാണ് ഇന്ത്യക്കാരായ നമ്മള്‍ ജനാധിപത്യം സംസ്ഥാപിച്ചെടുത്തത്. ബ്രിട്ടീഷ് ഭരണകാലത്ത് ചിലപ്രവിശ്യകളില്‍ പരിമിതജനാധിപത്യവും വോട്ടവകാശവും പിടിച്ചുവാങ്ങിയെങ്കിലും അത് വാച്യാര്‍ത്ഥത്തില്‍ത്തന്നെ ‘പരിമിത’മായിരുന്നു. 1947ല്‍ രാജ്യം സ്വതന്ത്രമാവുകയും തദ്ദേശീയ ഭരണത്തിന് അരങ്ങൊരുങ്ങുകയും ചെയ്തപ്പോഴാണ് വാേട്ടവകാശം പൗരാവകാശമായി മാറുന്നത്. ദേശീയസ്വാതന്ത്ര്യസമര കാലത്ത് സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സമരങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിച്ചെങ്കിലും സ്ത്രീകളുടെ വോട്ടവകാശത്തിനുള്ള പ്രസ്ഥാനത്തെ പിന്തുണയ്ക്കില്ലെന്ന് പ്രസ്താവിച്ചുകൊണ്ട് മഹാത്മാഗാന്ധി യങ് ഇന്ത്യയില്‍ ലേഖനം പ്രസിദ്ധീകരിച്ചതും ചരിത്രമാണ്. 1946ല്‍ രൂപീകൃതമായ ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭ, ഭരണഘടനയുടെ കരട് തയ്യാറാക്കിയപ്പോഴാണ് സാര്‍വത്രിക വോട്ടവകാശവും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശവും 21 വയസ് പൂര്‍ത്തിയായ പൗരര്‍ക്കെല്ലാം വോട്ടവകാശവും ഉറപ്പാക്കിയത്. 1951ലെ ആദ്യപൊതുതെരഞ്ഞെടുപ്പില്‍ത്തന്നെ തീരുമാനം നടപ്പിലായി. 1989 മാര്‍ച്ച് 28നാണ് വോട്ടിങ് പ്രായം 21ല്‍ നിന്ന് 18 വയസാക്കി കുറച്ചത്. നിര്‍ഭയമായും സ്വതന്ത്രമായും വോട്ട് രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യവും അവകാശവും ഭരണഘടനയും അനുബന്ധനിയമവും പൗരന്‍മാര്‍ക്ക് നല്‍കുന്നു. അതോടൊപ്പം തന്നെ വോട്ടിനായി സമ്മാനങ്ങളോ, കെെക്കൂലിയോ, മറ്റ് പ്രലോഭനങ്ങളോ ഭീഷണികളോ പാടില്ലെന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കര്‍ശനമായ നിയമവിലക്കുമുണ്ട്. 

കഴിഞ്ഞ ഏതാനും ദശകങ്ങളായി രാജ്യത്ത് ജനാധിപത്യം കമ്പോളവല്‍ക്കരിക്കപ്പെടുന്നതായാണ് അനുഭവം. വോട്ട് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന പ്രവണത പരോക്ഷമായ രീതിയില്‍ തെരഞ്ഞെടുപ്പുകളെ വിപണിയായി രൂപാന്തരപ്പെടുത്തിക്കാെണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും മുന്നണികളാണെങ്കില്‍ അവരും, വിജയിച്ചാല്‍ നടപ്പാക്കുന്ന പദ്ധതികള്‍ എന്തൊക്കെയെന്ന് വോട്ടര്‍മാരെ അറിയിക്കാന്‍ മാനിഫെസ്റ്റോകള്‍ പുറത്തിറക്കാറുണ്ട്. റോഡ്, പാലം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, വീട് തുടങ്ങി തങ്ങളുടെ ഭരണം എങ്ങനെയായിരിക്കുമെന്ന് വോട്ടര്‍മാരോട് പറയാനുള്ള അവകാശം മത്സരിക്കുന്നവര്‍ക്കുണ്ട്. ആ നയപരിപാടികള്‍ വിലയിരുത്തിത്തന്നെയാണ് നമ്മെ ഭരിക്കേണ്ടവരെ തെരഞ്ഞെടുക്കേണ്ടത്. ഉദാഹരണത്തിന് സംസ്ഥാനത്തെ ഇടതു മുന്നണി സര്‍ക്കാര്‍ നവകേരള സൃഷ്ടിക്കുള്ള 50 ഇന പരിപാടി ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചുകൊണ്ടാണ് തുടര്‍ഭരണം നേടിയത്. എന്നാല്‍ ഈയടുത്തകാലത്ത് നടന്ന വിവിധ തെരഞ്ഞെടുപ്പുകളിലും നിലവില്‍ നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പുകളിലും അവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ചില പ്രത്യേക വിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമിട്ടുള്ള പ്രലോഭനങ്ങളാണ്. പ്രത്യേകിച്ച് സ്ത്രീകളെയാണവര്‍ മോഹവലയത്തില്‍ കുരുക്കാന്‍ ശ്രമിക്കുന്നത്. നരേന്ദ്ര മോഡിയുടെ ‘ഉജ്വല്‍ യോജന’യില്‍ തുടങ്ങിയ ഈ ‘കെെക്കൂലി’ വാഗ്ദാനം, സൗജന്യയാത്ര, സാമ്പത്തിക സഹായം തുടങ്ങി പൂര്‍ണമായ രീതിയില്‍ വോട്ടിന് പണം വാഗ്ദാനം ചെയ്യുന്ന രീതിയിലേക്ക് അധഃപതിച്ചിരിക്കുന്നു. ഡൽഹിയില്‍ ആം ആദ്മി പാർട്ടിയും ബിജെപിയും കോൺഗ്രസും പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വിലയിരുത്തിയാല്‍ പ്രലോഭനങ്ങളിലെ കേമത്തത്തിലാണ് മത്സരമെന്ന് ബോധ്യമാകും. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും സമൂഹത്തിലെ പ്രത്യേക വിഭാഗങ്ങൾക്കും വേണ്ടിയുള്ള ‘ക്ഷേമ പദ്ധതികൾ’ എന്നാണവര്‍ അവകാശപ്പെടുന്നത്. 

വനിതകൾക്ക് പ്രതിമാസം 2500 രൂപ, ഗർഭിണികൾക്ക് ഒറ്റത്തവണ 21,000 രൂപയും ആറ് പോഷകാഹാര കിറ്റുകളും ആദ്യ കുട്ടിക്ക് 5,000, രണ്ടാമത്തെ കുട്ടിക്ക് 6,000 രൂപ വീതം നൽകുമെന്ന് ബിജെപിയുടെ ‘സങ്കല്പപത്ര’ പറയുന്നു. വീടുകളിൽ 300 യൂണിറ്റും ആരാധനാലയങ്ങൾക്ക് 500 യൂണിറ്റ് വരെയും സൗജന്യ വൈദ്യുതിയും ബിജെപി വാഗ്ദാനം ചെയ്യുന്നു. 500 രൂപയ്ക്ക് എൽപിജി സിലിണ്ടറുകൾ, സൗജന്യ റേഷൻ കിറ്റുകൾ, എല്ലാ വീടുകൾക്കും 300 യൂണിറ്റ് സൗജന്യ വൈദ്യുതി എന്നിവയാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ നല്‍കുന്ന ‘പ്യാരി ദീദി യോജന’യും നേരത്തേ അവര്‍ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകൾക്ക് മാത്രം ലഭിക്കുന്ന സൗജന്യ ബസ് യാത്രാ പദ്ധതിയിൽ പുരുഷ വിദ്യാർത്ഥികളെയും മുതിർന്ന പൗരന്മാരെയും ഉൾപ്പെടുത്തുമെന്ന് ബിജെപി പറയുമ്പോള്‍ വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയും മെട്രോ നിരക്കില്‍ 50 ശതമാനം ഇളവും എഎപി വാഗ്ദാനം ചെയ്യുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ ‘റെവഡി’ എന്ന് ആക്ഷേപിച്ച നരേന്ദ്ര മോഡിയുടെ പാര്‍ട്ടിയാണ് തങ്ങള്‍ക്ക് വാേട്ട് ചെയ്യുന്നവര്‍ക്ക്, പ്രത്യേകിച്ച് വനിതകള്‍ക്ക് ഇത്രയും പണം സൗജന്യമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇങ്ങനെ വോട്ട് വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും മനസിൽ ഒരിക്കലും പശ്ചാത്താപം തോന്നണമെന്നില്ല. കാരണം തങ്ങള്‍ അഴിമതിക്കാരാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. ഇത് പച്ചയായ വോട്ട് കച്ചവടമാണ്, പണം നല്‍കിയുള്ള വാങ്ങലും പണത്തിനായുള്ള വില്‍ക്കലും. ജനാധിപത്യത്തെയാണിവര്‍ വില്‍ക്കുന്നത്. പൗരന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പൊതുപുരോഗതിയായിരിക്കണം രാഷ്ട്രീയ നേതൃത്വങ്ങള്‍ മുന്നോട്ടുവയ്ക്കേണ്ട മാനിഫെസ്റ്റോ. അതിനനുസരിച്ചാവണം ജനഹിതം നിര്‍ണയിക്കേണ്ടത്.

TOP NEWS

April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.