22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 20, 2024
December 19, 2024
December 13, 2024
December 10, 2024
December 4, 2024
November 22, 2024
November 10, 2024
October 31, 2024
October 28, 2024

സ്വാതന്ത്ര്യ സമര സേനാനിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എ ഗോപാലൻകുട്ടി മേനോൻ അന്തരിച്ചു

Janayugom Webdesk
കോഴിക്കോട്
April 15, 2023 1:31 pm

പ്രമുഖ സ്വാതന്ത്യസമര സേനാനിയും ഗാന്ധിയനും സമാരാധ്യനായ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന എ ഗോപാലൻകുട്ടി മേനോൻ (106) അന്തരിച്ചു. മൃതദേഹം ഇന്നു വൈകുന്നേരം 4 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്ക്കരിക്കും. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറും അദ്ധ്യാപികയുമായിരുന്ന പരേതയായ വി എൻ ഭാനുമതി ടീച്ചറാണു ഭാര്യ. മക്കൾ: വി എൻ ജയ ഗോപാൽ (മാതൃഭൂമി റിട്ട. ഡപ്യൂട്ടി എഡിറ്റർ), വി എൻ ജയന്തി (യൂനൈറ്റഡ് ഇന്തൃ ഇൻഷ്യൂറൻസ്). സഹോദരങ്ങൾ: പരേതരായ കുഞ്ഞു അമ്മ, ലക്ഷ്മിക്കുട്ടി അമ്മ, മാധവ മേനോൻ, അപ്പുക്കുട്ടി മേനോൻ, കല്യാണിക്കുട്ടി അമ്മ, മീനാക്ഷി ക്കുട്ടി അമ്മ.

കൊയിലാണ്ടിയിലെ അള്ളമ്പത്തൂർ ചുട്ടേത്ത് തറവാട്ടിൽ കണാരൻ നായർ ശ്രീദേവി അമ്മ ദമ്പതികളുടെ ഏഴ് മക്കളിൽ അഞ്ചാമനായിട്ടായിരുന്നു ജനനം. കുട്ടിക്കാലത്ത് തന്നെ ദേശീയ ബോധം മനസ്സിൽ അലയടിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ സ്വാതന്ത്യസമരത്തിന്റെ ഭാഗമായി പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി. അയിത്തോച്ചാടാനം, കള്ള് ഷാപ്പ് ഉപരോധം, ഹരിജനോദ്ധാരണം, ഹിന്ദി പ്രചാരണം, വിദേശവസ്ത്ര ബഹിഷ്ക്കരണം തുടങ്ങിയ ദേശസ്നേഹപരമായ പൊതുപ്രവർത്തനങ്ങളിൽ കുട്ടിക്കാലത്ത് തന്നെ മേനോൻ പങ്കെടുത്തു. കറ കളഞ്ഞ മനുഷ്യ സ്നേഹി, സത്യസന്ധതയുടെ ആൾരൂപം, ലളിതമായ ജീവിത ശൈലി, ആരിലും മതിപ്പുളവാക്കുന്ന വിനയ മധുരമായ പെരുമാറ്റം, അധികാര പദവികളിലും സ്ഥാനമാനങ്ങളിലും അശേഷം താൽപ്പര്യം പ്രകടിപ്പിക്കാത്ത പ്രകൃതം, ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാത്ത അടിയുറച്ച കമ്മ്യൂണിസ്റ്റ് — എല്ലാ അർത്ഥത്തിലും ശീല ശുദ്ധിയുള്ള കുലീനനായ പൊതുപ്രവർത്തകനായിരുന്നു മേനോൻ. ആരോഗ്യം അനുവദിച്ച കാലമത്രയും പൊതു സേവനങ്ങൾക്ക് ഉഴിഞ്ഞു വെച്ച ത്യാഗ നിർഭരമായ ജീവിതമായിരുന്നു. അരുതായ്മകളോട് അരുതെന്നു പറയാനുള്ള അസാമാന്യമായ ധീരത എപ്പോഴും പ്രകടിപ്പിച്ചു.

ഹരിജനോദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായി 1934 ൽ കോഴിക്കോടെത്തിയ ഗാന്ധിജിയോടൊപ്പം കഴിയാൻ മേനോനു അസുലഭമായ ഭാഗ്യം ഉണ്ടായി. കൊയിലാണ്ടിയിലെ സ്വീകരണം കഴിഞ്ഞ് റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ ഗാന്ധിജിയുടെ ശുശ്രൂഷയ്ക്ക് വേണ്ടി കെ കേളപ്പന്റെ നേതൃത്വത്തിലുളള സംഘാടകർ ചുമതലപ്പെടുത്തിയത് എ ഗോപാലൻകുട്ടി മേനോന്റെ നേതൃത്വത്തിലുള്ള മൂന്ന് വിദ്യാർത്ഥികളെയായിരുന്നു. സത്യസന്ധനായി ജീവിക്കാനും ഹിന്ദി പഠിക്കാനുമാണു ഇവരെ അനുഗ്രഹിച്ചു കൊണ്ട് ഗാന്ധിജി ഉപദേശിച്ചത്. ആ സംഭവം മേനോന്റെ ജീവിതത്തിലെ നിർണ്ണായമായ വഴിത്തിരിവായി. ഗാന്ധിജിയുടെ എളിമ ജീവിതം സ്വജീവിതത്തിൽ പകർത്തിയ മേനോൻ ഗാന്ധിയൻ കമ്മ്യൂണിസ്റ്റായി സത്യസന്ധനായി ജീവിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കോൺഗ്രസ്സിലും സോഷ്യലിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ച മേനോൻ ഇരുപത്തി ഒന്നാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. പന്തലായിനി (ഇന്നത്തെ കൊയിലാണ്ടി) പഞ്ചായത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചു. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഭിന്നിപ്പുണ്ടായപ്പോൾ മേനോൻ ദേശാഭിമാനി പത്രത്തിന്റെ മാനേജറായിരുന്നു. എന്നാൽ അദ്ദേഹം സിപിഐക്കൊപ്പം ഉറച്ചു നിന്നു. പൊതുപ്രവർത്തനത്തിനിടയിൽ പലപ്പോഴും ഭീകര മർദനത്തിനു വിധേയമായി. ജയിൽവാസം അനുഷ്ഠിക്കേണ്ടി വന്നു. സി പി ഐ നേതാക്കയെ സത്യൻ മൊകേരി, ടി വി ബാലൻ, കെ കെ ബാലൻ, പി ഗവാസ്, പി കെ നാസർ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.

Eng­lish Summary;Freedom fight­er and senior Com­mu­nist Par­ty leader A Gopalankut­ty Menon pass­es away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.