30 December 2025, Tuesday

അഭിപ്രായ സ്വാതന്ത്ര്യം അപകടത്തില്‍; ഒരു വർഷത്തിനിടെ 14,875 കേസുകള്‍

എട്ട് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
Janayugom Webdesk
ന്യൂഡൽഹി
December 24, 2025 9:28 pm

ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റങ്ങൾ ആശങ്കാജനകമായി വര്‍ധിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം മാത്രം രാജ്യത്ത് 14,875 അഭിപ്രായ സ്വാതന്ത്ര്യ ലംഘന കേസുകൾ റിപ്പോർട്ട് ചെയ്തതായി ‘ഫ്രീ സ്പീച്ച് കളക്ടീവ്’ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ എട്ട് മാധ്യമപ്രവർത്തകരും ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കൊല്ലപ്പെട്ടതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഉത്തർപ്രദേശിൽ രണ്ടും, ആൻഡമാൻ നിക്കോബാർ, ഛത്തീസ്ഗഢ്, ഹരിയാന, കർണാടക, ഒഡിഷ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഓരോ മാധ്യമപ്രവർത്തകരുമാണ് കൊല്ലപ്പെട്ടത്. പഞ്ചാബിൽ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കൊല്ലപ്പെട്ടു. മാധ്യമപ്രവർത്തകർക്കെതിരെ നടന്ന 40 ഓളം ആക്രമണങ്ങളിൽ 33 എണ്ണവും അവരെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. 

12 കേസുകളിൽ ജോലി തടസ്സപ്പെടുത്തുന്നതിനായി ഭീഷണിപ്പെടുത്തലുകളും ഉണ്ടായി. അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഈ വർഷം 117 അറസ്റ്റുകൾ രേഖപ്പെടുത്തി. ഇതിൽ എട്ട് പേർ മാധ്യമപ്രവർത്തകരാണ്. യുഎപിഎ (UAPA) പ്രകാരം അറസ്റ്റിലായ കശ്മീരിലെ ഇർഫാൻ മെഹ്‌രാജ് (2023 മുതൽ), ജാർഖണ്ഡിലെ രൂപേഷ് കുമാർ (2022 മുതൽ) എന്നിവർ ഇപ്പോഴും ജയിലിൽ തുടരുകയാണ്. ഗുജറാത്തില്‍ 108 അഭിപ്രായ സ്വാതന്ത്ര്യ ലംഘനങ്ങളും ഉത്തർപ്രദേശില്‍ 83 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 78 കേസുകളുമായി കേരളം മൂന്നാം സ്ഥാനത്തുണ്ട്. 

സെൻസർഷിപ്പും ഡിജിറ്റൽ നിയന്ത്രണങ്ങളും ഡിജിറ്റൽ ഇടങ്ങളിൽ സർക്കാർ ഇടപെടലുകൾ ശക്തമായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 11,385 സെൻസർഷിപ്പ് കേസുകളാണ് രേഖപ്പെടുത്തിയത്. ഏകദേശം 8,000-ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്കുള്ള പ്രവേശനം തടയാൻ കേന്ദ്ര സർക്കാർ ഈ വർഷം ശ്രമിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,070 തവണ ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തി.
സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചതും അക്കാദമിക് മേഖലയിലെ സ്വയംഭരണത്തിനുള്ള നിയന്ത്രണങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 19 സിനിമകൾക്ക് കേന്ദ്രം പ്രദർശനാനുമതി നിഷേധിച്ചതും ഇതില്‍ ഉള്‍പ്പെടുന്നു. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ഭീഷണികൾക്ക് പുറമെ, കോർപ്പറേറ്റ് ഇടപെടലുകളും പുതിയ നയരൂപീകരണങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ഫ്രീ സ്പീച്ച് കളക്ടീവ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.