
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ കരുത്തുകാട്ടി ഇന്ത്യ സഖ്യം. അഡാനി മുതല്‍ അംബേദ്കര് വരെ നീളുന്ന വിഷയങ്ങള്‍ ലോക്‌സഭയുടേയും രാജ്യസഭയുടേയും അകത്തളങ്ങളെ ചൂടുപിടിപ്പിച്ചു. നവംബര്‍ 25ന് ആരംഭിച്ച് ഇന്നലെ അവസാനിച്ച, പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷ കക്ഷികള്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇരുസഭകളിലും നടത്തിയത്. സഭയില്‍ പക്ഷപാതിത്വം കാണിക്കുന്നു എന്നാരോപിച്ച് രാജ്യസഭാ ചെയര്‍മാനെതിരെ ഇംപീച്ച്മെന്റ് പ്രമേയ നോട്ടീസ് ലഭിച്ച സാഹചര്യം ഉണ്ടായത് ഭരണകക്ഷിക്ക് നാണക്കേടായി. അടുത്തകാലത്തെങ്ങും പാര്‍ലമെന്റില്‍ ഇത്രയും ചൂടേറിയ ചര്‍ച്ചകളും വാഗ്വാദങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിട്ടില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടായി, മൃഗീയ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ബിജെപി തുടര്‍ന്നുവന്ന ഏകാധിപത്യ നിലപാടുകള്‍ അവസാനിച്ചതിന്റെ ദൃഷ‍്ടാന്തമായി ശീതകാല സമ്മേളനം മാറി. പ്രതിപക്ഷത്തെ വിഭജിക്കാന്‍ പലതവണ കേന്ദ്രസര്‍ക്കാര്‍ പല തന്ത്രങ്ങളും പയറ്റിയിരുന്നു. പ്രതിപക്ഷ എംപിമാരെ പാര്‍ട്ടികളുടെ അടിസ്ഥാനത്തില്‍ ബ്ലോക്കുകളായി ഇരുത്തുകയും ചെയ‍്തു. എങ്കിലും സര്‍ക്കാരിനെ ഒറ്റക്കെട്ടായി നേരിടാന്‍ ഇന്ത്യ സഖ്യത്തിന് സാധിച്ചു.
ഭരണഘടനാശില്പി ഡോ. അംബേദ‍്കറെ കുറിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. അമിത്ഷാ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നു. ഇതിനെ ഒടുവില്‍ കായികമായി നേരിടാന്‍ വരെ ബിജെപി തയ്യാറായി. പാര്‍ലമെന്റില്‍ നടന്ന സംഘര്‍ഷത്തില്‍ ഭരണ‑പ്രതിപക്ഷ എംപിമാര്‍ക്ക് പരിക്കേറ്റു. അഡാനി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം ട്രെഷറി ബെഞ്ചിനെ വരിഞ്ഞുമുറുക്കിയപ്പോള്‍ സോണിയാ ഗാന്ധിക്ക് കോടീശ്വരന്‍ ജോര്‍ജ് സൊറോസ് ധനസഹായം നല്‍കുന്ന സംഘടനകളുമായി ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചെങ്കിലും അതത്ര ഏശിയില്ല. ശീതകാല സമ്മേളനം ആരംഭിച്ച ദിവസം തന്നെ അഡാനിക്കെതിരായ യുഎസ് കുറ്റപത്രത്തില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. യുപിയിലെ സംഭാലില്‍ പൊലീസ് വെടിവയ‍്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടതും വന്‍ പ്രതിഷേധത്തിന് കാരണമായി. മഹാരാഷ‍്ട്രയിലെ പര്‍ബാനിയില്‍ ഭരണഘടനയുടെ പകര്‍പ്പ് നശിപ്പിക്കുകയും പ്രതിഷേധിച്ച ദളിത് പ്രവര്‍ത്തകരെ പൊലീസ് മര്‍ദിക്കുകയും ചെയ‍്ത സംഭവവും ഇതോടൊപ്പം പാര്‍ലമെന്റില്‍ ഉയര്‍ന്നു. കസ്റ്റഡിയിലെടുത്ത യുവാവ് കൊല്ലപ്പെട്ടതോടെ പാര്‍ലമെന്റ് മാത്രമല്ല ബിജെപി ഭരിക്കുന്ന യുപിയിലെയും മഹാരാഷ‍്ട്രയിലെയും നിയമസഭകളും സ‍്തംഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിരവധി ബില്ലുകളുടെ അവതരണത്തിനും സാക്ഷ്യം വഹിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷം ഒന്നടങ്കം എതിര്‍പ്പുമായി സഭ സ‍്തംഭിപ്പിച്ചതോടെ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ട് കേന്ദ്രം ഒളിച്ചോടി. അവതരണാനുമതിക്കുള്ള വോട്ടിങ്ങില്‍ 269 പേര്‍ ബില്ലിനെ അനുകൂലിച്ചും 198 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. എന്നാല്‍ വിപ് നല്‍കിയിട്ടും കേന്ദ്രമന്ത്രിമാരടക്കം 20 എംപിമാര്‍ ഹാജരാകാതിരുന്നത് ബിജെപിയെ തന്നെ ഞെട്ടിക്കുന്നതായി. ഭരണഘടനയുടെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് രണ്ട് ദിവസം വിശദമായ ചര്‍ച്ചകള്‍ നടന്നു. പ്രധാനമന്ത്രി കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ചപ്പോള്‍ പ്രതിപക്ഷം നരേന്ദ്രമോഡിയും ബിജെപിയും ആര്‍എസ്എസും ഭരണഘടന തകര്‍ക്കാന്‍ നടത്തുന്ന തീക്കങ്ങളെ തുറന്നുകാട്ടുന്നതിലും വിജയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.