
ആപ്പിളിന്റെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വൈസ് പ്രസിഡന്റായി ബംഗളൂരുവിൽ നിന്നുള്ള അമർ സുബ്രഹ്‌മണ്യൻ തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ മേധാവിയായ ജോൺ ജിയാനാൻഡ്രിയയുടെ പകരക്കാരനായാണ് അമർ എത്തുന്നത്. വിരമിക്കുന്നതുവരെ ജിയാനാൻഡ്രിയ ഉപദേശകനായി തുടരും. ആപ്പിൾ സിഇഒ ടിം കുക്ക് ആണ് അമർ സുബ്രഹ്‌മണ്യനെ വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചത്. എഐ എന്നത് ആപ്പിൾ തന്ത്രത്തിന്റെ കേന്ദ്രബിന്ദുവാണെന്നും, എഐ, എംഎൽ ഗവേഷണങ്ങളിലും ഉൽപ്പന്നങ്ങളിലും സവിശേഷതകളിലുമുള്ള അമറിന്റെ ആഴത്തിലുള്ള വൈദഗ്ധ്യം കമ്പനിയുടെ നിലവിലുള്ള നവീകരണത്തിനും ഭാവിയിലെ ആപ്പിൾ ഇന്റലിജൻസ് സവിശേഷതകൾക്കും മുതൽക്കൂട്ടാകുമെന്നും ടിം കുക്ക് പറഞ്ഞു.
ബെംഗളൂരു സർവകലാശാലയിൽ നിന്ന് 2001‑ൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസിൽ ബിരുദം നേടിയ അമർ, തുടർന്ന് ഐബിഎമ്മിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ചു. 2005‑ൽ വാഷിങ്ടൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്ഡിക്ക് ചേർന്ന ശേഷം മൈക്രോസോഫ്റ്റിൽ ഇന്റേണായി പ്രവേശിച്ചു, പിന്നീട് വിസിറ്റിങ് റിസർച്ചറായും പ്രവർത്തിച്ചു. പിഎച്ച്ഡിക്ക് ശേഷം ഗൂഗിളിൽ ഗവേഷകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം, എട്ട് വർഷത്തിനു ശേഷം പ്രിൻസിപ്പൽ എഞ്ചിനീയറായും 2019‑ൽ എഞ്ചിനീയറിങ് വൈസ് പ്രസിഡന്റായും ഉയർന്നു. ഗൂഗിളിന്റെ ജെമിനി അസിസ്റ്റന്റിനുവേണ്ടി എഞ്ചിനീയറിംഗ് മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ വർഷം ജൂലൈ മുതൽ മൈക്രോസോഫ്റ്റ് എഐയുടെ കോർപ്പറേറ്റ് വൈസ് പ്രസിഡന്റായും അദ്ദേഹം ഏതാനും മാസങ്ങൾ പ്രവർത്തിച്ചു.
പ്രധാന എതിരാളികളായ സാംസങ് ഇലക്ട്രോണിക്‌സിനെ അപേക്ഷിച്ച് ഉൽപ്പന്നങ്ങളിൽ എഐ സവിശേഷതകൾ ഉൾപ്പെടുത്തുന്നതിൽ ആപ്പിൾ കാണിക്കുന്ന മന്ദത അമർ സുബ്രഹ്‌മണ്യന്റെ വരവോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിൾ ഫൗണ്ടേഷൻ മോഡലുകൾ, എംഎൽ ഗവേഷണം എന്നിവയുൾപ്പെടെ നിർണായക മേഖലകൾക്ക് സുബ്രഹ്‌മണ്യൻ നേതൃത്വം നൽകും. സോഫ്റ്റ്‌വെയർ മേധാവി ക്രെയ്ഗ് ഫെഡെറിഗിക്കാണ് അമർ റിപ്പോർട്ട് ചെയ്യേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.