ഭൂമി തട്ടിപ്പുകളും വിവരങ്ങൾ മറച്ചുവച്ചുള്ള തിരിമറികളും തടയിടാൻ റവന്യു വകുപ്പ് ആവിഷ്കരിക്കുന്ന യുണിക് തണ്ടപ്പേർ (ഒരാൾക്ക് ഒറ്റ തണ്ടപ്പേർ) ഈ മാസം 16ന് നിലവിൽ വരും. കൽപറ്റയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഒരാൾക്ക് സംസ്ഥാനത്ത് എവിടെയെല്ലാം ഭൂമിയുണ്ടെങ്കിലും അതെല്ലാം ഒറ്റ തണ്ടപ്പേരിലാകും. റവന്യു വകുപ്പ് സേവനങ്ങൾ ലഭ്യമാക്കുന്ന റെലിസ് പോർട്ടലുമായി വസ്തു ഉടമയുടെ മൊബൈൽ നമ്പറും ആധാറും ലിങ്ക് ചെയ്യും. അതോടെ റവന്യു വകുപ്പിൽനിന്ന് ലഭിക്കുന്ന 12 അക്ക തണ്ടപ്പേരാവും ഭൂമി സംബന്ധമായ എല്ലാ ഇടപാടുകളുടെയും അടിസ്ഥാനം.
യുണിക് തണ്ടപ്പേർ വരുമ്പോൾ ബിനാമി ഭൂമി സമ്പാദനം നടക്കില്ല. വസ്തു വിവരം മറച്ചുവച്ച് ആനുകൂല്യങ്ങൾ നേടാനും കഴിയില്ല. ഇതിലൂടെ സംസ്ഥാനത്തെ തണ്ടപ്പേരുകളുടെ എണ്ണം കുറയും. ഭൂമി വിവരങ്ങൾ ഡിജി ലോക്കറിൽ സൂക്ഷിക്കാം. സംസ്ഥാനത്ത് എവിടെയും വസ്തുവിന്റെ കരം ഒടുക്കാം. ഇത് നടപ്പാകുന്നതോടെ പരിധിയിൽ കൂടുതൽ ഭൂമി കൈവശം വയ്ക്കാനാവില്ല.
തണ്ടപ്പേർ വില്ലേജ് ഓഫീസ് പരിധിയിൽ പോക്കുവരവ് ചെയ്യുന്ന ആധാരങ്ങൾക്ക് ഒന്നു മുതലുള്ള നമ്പറാണ് നൽകുന്നത്. ഈ നമ്പറാണ് ‘തണ്ടപ്പേർ’. ഇത് രേഖപ്പെടുത്തുന്ന ബുക്ക് ‘തണ്ടപ്പേർ രജിസ്റ്റർ’. ഒരു വില്ലേജിൽ രണ്ടോ അതിലധികമോ ബ്ലോക്കുകളായി തിരിച്ചാകും സർവേ നമ്പറുകളും മറ്റും രേഖപ്പെടുത്തുക. ഓരോ ബ്ലോക്കിലും ഒന്നുമുതലുള്ള നമ്പറിലാവും തണ്ടപ്പേർ. ഒരു വില്ലേജിലെ രണ്ട് ബ്ലോക്കുകളിലും സ്ഥലമുള്ള വ്യക്തിക്ക് ഒന്നിലധികം തണ്ടപ്പേർ ഉണ്ടാകും. യുണിക് തണ്ടപ്പേർ വരുമ്പോൾ റെലിസ് പോർട്ടൽ രൂപപ്പെടുത്തുന്ന 12 അക്ക നമ്പറാവും തണ്ടപ്പേർ.
ഒരു വ്യക്തി എവിടെയെല്ലാം ഭൂമി ഇടപാട് നടത്തിയാലും ഈ നമ്പറിലാവും രജിസ്റ്ററാവുക. റെലിസ് പോർട്ടലിലെ പുതിയ മെനുവിൽ വസ്തു വിവരങ്ങളും ആധാർ നമ്പറും മൊബൈൽ നമ്പറും നൽകി ലിങ്ക് ചെയ്യാം.
English Summary: From the 16th single name scheme to prevent land fraud
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.