
വി എസ് അച്യുതാനന്ദൻ വിവാഹത്തിന് ശേഷമാണ് കുടുംബവീടായ വെന്തലത്തറ വീട്ടിൽ നിന്നും വേലിക്കകത്ത് വീട്ടിൽ താമസമായത്. ഇതോടുകൂടി വെന്തലത്തറ വീട്ടിൽ അച്യുതാനന്ദൻ എന്നത് വേലിക്കകത്ത് വീട്ടിൽ അച്യുതാനന്ദനായി. അച്യുതാനന്ദൻ എന്ന പേരിന് മുന്നിൽ ചേർക്കപ്പെടുന്ന വിഎസ് എന്ന ചുരുക്കപ്പേരിന് വെന്തലത്തറ ശങ്കരൻ എന്നും വേലിക്കകത്ത് ശങ്കരൻ എന്നും വിളിക്കാൻ കഴിയുന്നതിനാൽ തുടക്കത്തിലേ അറിയപ്പെട്ടിരുന്ന വിഎസ് എന്നതിന് മാറ്റമുണ്ടായില്ല. വേലിക്കകത്ത് വീടും അതിനോടനുബന്ധിച്ചുള്ള ഭൂമിയും ജ്യേഷ്ഠൻ ഗംഗാധരന്റെ പേർക്കുള്ളതായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളാൽ വീടും പറമ്പും വില്‍ക്കുവാനുള്ള ശ്രമത്തിലായിരുന്നു ഗംഗാധരൻ. ആളെക്കണ്ടെത്താനുള്ള ശ്രമത്തിനിടെ ഒരു ദിവസം ഗംഗാധരന്റെ മൂത്തമകൾ പൊന്നമ്മ അച്ഛനോട് ചോദിച്ചു. “അച്ഛാ വീടും പറമ്പും കൊടുക്കുന്നുവെങ്കിൽ അത് കൊച്ചച്ചന് കൊടുത്തൂടെ. കൊച്ചച്ചൻ പാർട്ടി ഓഫിസിലും വാടക വീട്ടിലുമൊക്കെയല്ലേ കഴിയുന്നത്”. പെട്ടെന്നായിരുന്നു ഗംഗാധരന്റെ മറുപടി ഉണ്ടായത്. “അവന് അങ്ങനെ ആഗ്രഹമൊന്നും കാണില്ല. പാർട്ടി ഓഫിസ് തന്നെയാ അവന്റെ ആശ്രയം”. എങ്കിലും അദ്ദേഹം വീടും പറമ്പും വില്‍ക്കുന്നതിനെക്കുറിച്ച് വിഎസിനോടും പറഞ്ഞു.
“തല്‍ക്കാലം ഇതേ പോംവഴിയുള്ളൂ. കെട്ടിടോം പുരയിടോം വില്‍ക്കണം. നിനക്ക് തരണമെന്നാ പൊന്നമ്മ പറയുന്നത്. രാജേന്ദ്രന്റെ ചികിത്സയ്ക്കുവേണ്ടി നീ കുറെ രൂപ ചെലവാക്കിയിട്ടുണ്ടല്ലോ. അതു കഴിച്ച് തന്നാൽ മതി. നീ വേണ്ടാന്നൊന്നും പറയരുത്. നീ തന്നെ വാങ്ങണം.” ഗംഗാധരൻ പറഞ്ഞു.
നിർബന്ധത്തിനു വഴങ്ങിയ വിഎസ്, ഭാര്യ വസുമതിയോട് വീടിനെക്കുറിച്ച് സംസാരിച്ചു. 1972ൽ ഗംഗാധരൻ നെഞ്ച് വേദനയെ തുടർന്ന് അന്തരിച്ചു. ഗംഗാധരന്റെ മക്കൾ വിഎസിന്റെ പേരിൽ പ്രമാണം രജിസ്റ്റർ ചെയ്തുകൊടുത്തു. വേലിക്കകത്തു വീടും പറമ്പും വിഎസിന്റെ പേരിലേക്കു മാറി. വേലിക്കകത്തു വീട് എന്ന പേര് അച്യുതാനന്ദനും തുടർന്നു. വീട്ടിന്റെ മുൻവശത്തെ മതിലിൽ ഇന്നും ആ പേര് സ്ഥാനം പിടിച്ചിട്ടുണ്ട്. വേലിക്കകത്ത് വി എസ് അച്യുതാനന്ദൻ.
വേലിക്കകത്ത് വീട് പറവൂർ ഗവ. ഹൈസ്കൂളിൽ നിന്നും മാറി അമ്പലപ്പുഴ പോകുന്ന പഴയ നടക്കാവ് റോഡിൽ ഏകദേശം 600 മീറ്റർ മാറി സ്ഥിതിചെയ്യുന്നു. തന്റെ പ്രവർത്തനമേഖലയുമായി ബന്ധപ്പെട്ട് ക ന്റോൺമെന്റ് ഹൗസിലും ക്ലിഫ് ഹൗസിലുമൊക്കെ കഴിഞ്ഞിരുന്ന അദ്ദേഹം ഓണത്തിന് കൃത്യമായും വേലിക്കകത്തുണ്ടാകുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.