ജനങ്ങളിൽ ആശങ്ക പരത്തി എലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡിൽ ഇന്ധന ചോർച്ച.ഇന്ന് വൈകുന്നേരം മുതൽ സമീപത്തെ ഓടയിലേക്കും പുഴയിലേക്കും ഡീസൽ വൻ തോതിൽ ഒഴുകുകയായിരുന്നു. സമീപത്തെ ജലാശയങ്ങളിൽ മത്സ്യങ്ങൾ വൻ തോതിൽ ചത്തുപൊന്തിയതോടെയാണ് ഇന്ധന ചോർച്ച നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നാട്ടുകാർ എച്ച് പി സി എല്ലിലെത്തി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും സമയോചിതമായി നടത്തിയ ഇടപെടലാണ് പ്രദേശത്ത് ആശ്വസം പകർന്നത്.
ഡീസൽ കൂടുതലായി പുഴയിലേക്കും കടലിലേക്കും ഒഴുകിപ്പോയി വലിയ അപകടം സംഭവിക്കാതിരിക്കാൻ നാട്ടുകാർ ബക്കറ്റുകളിൽ ഇന്ധനം മുക്കിയെടുക്കുകയായിരുന്നു. പിന്നീട് ബാരലുകളെത്തിച്ച് ഇന്ധനം അതിലേക്ക് നിറച്ചു. ഫയർ ഫോഴ്സ് എത്തിയെങ്കിലും അവരുടെ എന്തു ചെയ്യണണെന്നറിയാതെ പ്രയാസത്തിലായി. വെള്ളം അടിച്ച് ഇന്ധനം ഒഴിവാക്കുന്നത് സ്ഥിതി കൂടുതൽ അപകടകരമാക്കുമെന്ന തിരിച്ചറയിൽ ഫയർഫോഴ്സ് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ഇന്ധന ചോർച്ചയുണ്ടാകുമ്പോൾ പ്രവർത്തിക്കുന്ന അലാറം സംവിധാനം എലത്തൂരിൽ പ്രവർത്തിക്കുന്നില്ല. അലാറം സംവിധാനം അറ്റകുറ്റ പണിയിലാണെന്നാണ് എച്ച് പി സിഎൽ അധികൃതരുടെ വിശദീകരണം. ഇന്ധനം നിറയുമ്പോഴും ചോരുമ്പോഴുമൊക്കെ മുഴങ്ങേണ്ടതാണ് ഈ അലാറം സംവിധാനം. അടുത്തിടെ പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെയാണ് ഡിപ്പോ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാവുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. 600 ലിറ്റർ ഡീസൽ ഒഴുകിപോയെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ അതിലധികം ഡീസൽ ഒഴുകിയെത്തിയിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഡിപ്പോയിൽ നിന്ന് ഇതിന് മുമ്പും ഇന്ധന ചോർച്ചയുണ്ടായിട്ടുണ്ട്. അടുത്ത ഏതാനം വർഷത്തിനിടെ നാലാം തവണയാണ് ഇന്ധന ചോർച്ചയുണ്ടാകുന്നതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ എച്ച് പി സി എൽ ഡിപ്പോ പ്രദേശത്ത് നിന്നും മാറ്റണമെന്നും ഇവർ പറയുന്നു. ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡിന്റെ അനാസ്ഥയ്ക്കെതിരെ രാത്രിയിലും പ്രതിഷേധം നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.