19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 7, 2024
July 22, 2024
July 19, 2024
July 19, 2024
June 15, 2024
May 22, 2024
November 5, 2023
October 12, 2023
October 5, 2023
April 20, 2023

ഇന്ധന വിലവർധന: മത്സ്യബന്ധന ബോട്ടുകൾ പൊളിച്ചു വില്‍ക്കുന്നു

ബേബി ആലുവ
കൊച്ചി
July 19, 2024 8:28 pm

ഇന്ധന വിലവർധന താങ്ങാനാവാതായതോടെ മത്സ്യബന്ധന ബോട്ടുകൾ പൊളിച്ചു വിലക്കാൻ നിർബന്ധിതരായി ബോട്ടുടമകൾ. സംസ്ഥാനത്ത് മീൻ പിടിത്തത്തിലേർപ്പെട്ട 4000 ത്തോളം ബോട്ടുകളിൽ നല്ലൊരു ശതമാനം രണ്ട് വർഷത്തിനിടയിൽ ഇങ്ങനെ ആക്രി വിലയ്ക്ക് വിറ്റു കഴിഞ്ഞു. 

രണ്ട് വർഷം മുമ്പ് ഡീസൽ വില ലിറ്ററിന് 86 രൂപയായിരുന്നു. ഇപ്പോൾ10 രൂപയ്ക്കടുത്താണ് കൂടിയിട്ടുള്ളത്. ഇതിനു പുറമെ വല, സ്പെയർപാർട്സ്, വടം തുടങ്ങിയ അനുബന്ധ ഉപകരണങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. മത്സ്യബന്ധന ബോട്ടുകൾ വാങ്ങാനും ആളില്ലാതായതോടെയാണ്, വരുമാനമില്ലാത്തതുമൂലം കെട്ടിയിട്ടിരിക്കുന്ന ബോട്ടുകൾ വെള്ളത്തിൽ മുങ്ങി തുരുമ്പെടുത്ത് നശിക്കും മുമ്പ് പൊളിച്ചുവിറ്റ് ബാധ്യത തീർക്കാൻ ഉടമകൾ നിർബന്ധിതരാകുന്നതെന്ന് ബോട്ടുടമ അസോസിയേഷൻ ജന. സെക്രട്ടറി ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ പറഞ്ഞു. ഓരോ വലിയ ബോട്ടിനും 25 ഉം ചെറുബോട്ടുകൾക്ക് ഏഴും ലക്ഷം രൂപ വരെ ബാധ്യതയുണ്ട്പാലക്കാടും തമിഴ് നാട്ടിലുമുള്ള കമ്പനികൾക്കാണ് ബോട്ടുകൾ വില്‍ക്കുന്നത്. കൊല്ലം, കൊച്ചി, കണ്ണൂർ, ബേപ്പൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ബോട്ടുകൾ പൊളിക്കുന്നതിനായി യാർഡുകളുണ്ട്. ബോട്ടുകൾ പൊളിച്ചു വില്‍ക്കുന്നത് അതിലെ തൊഴിലാളികൾക്ക് പണിയില്ലാതാകുന്നതോടൊപ്പം അനുബന്ധ മേഖലകളെയും വലിയ തോതിൽ ബാധിക്കും. 

വലിയ ബോട്ടുകൾക്ക് ഒരു സീസണിലേക്കു മാത്രം 1,35,000 ലിറ്റർ ഡീസലാണ് വേണ്ടി വരുന്നത്. ഇടത്തരം ബോട്ടുകൾക്ക് ഒരു ലക്ഷം ലിറ്ററും അതിലും ചെറിയതിന് 40, 000 ലിറ്ററും ആവശ്യമാണ്. ഡീസൽ വാങ്ങാൻ മാത്രം ഒരു സീസണിൽ ബോട്ടുടമകൾക്ക് 38 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് ചെലവ് വരുന്നത്. മറ്റ് ചെലവുകൾ പുറമെ. കേരളമൊഴിച്ചുള്ള തീരദേശ സംസ്ഥാനങ്ങളിൽ മത്സ്യബന്ധന യാനങ്ങൾക്ക് കേന്ദ്ര സർക്കാർ സബ്സിഡി നൽകുന്നുണ്ട്. കേരളത്തിനു മാത്രം അത് നിഷേധിക്കുന്നു. അതേസമയം നികുതിയിനത്തിൽ മേഖലയിൽ നിന്ന് കോടികൾ ഈടാക്കുന്നുമുണ്ട്. 

ബോട്ടുകളുടെ നിർമാണച്ചെലവും താങ്ങാനാവാത്തതാണ്. സാമാന്യം വലുപ്പമുള്ള ഒരു ബോട്ട് കടലിലിറക്കാറാകുമ്പോൾ ഒരു കോടി മുതൽ ഒന്നരക്കോടി വരെ ചെലവ് വരും. എന്നാൽ, അതിന് അനുസൃതമായുള്ള വരുമാനം മീൻ പിടിത്തം കൊണ്ട് കിട്ടുന്നുമില്ല. കഴിഞ്ഞ സീസണിൽ ഏറിയാൽ 80–85 ദിവസമാണ് ബോട്ടുകൾക്ക് കടലിൽപോകാനായത്. മത്സ്യ ലഭ്യത കുറയുന്നത്, വിദേശ ഡിമാന്റിൽ വന്ന ഇടിവ്, ഇടത്തട്ടുകാരുടെ ചൂഷണം-അങ്ങനെ മത്സ്യ ബന്ധന മേഖലയ്ക്ക് തിരിച്ചടിയാവുന്ന പ്രശ്നങ്ങൾ പലതുണ്ട്. പല വിദേശ രാജ്യങ്ങളും സ്വന്തം നിലയ്ക്ക് മത്സ്യ ഉല്പാദനത്തിലേക്ക് തിരിഞ്ഞിട്ടുമുണ്ട്. ഇതിനൊക്കെപ്പുറമെയാണ്, കടലാമ വിഷയത്തിൽ അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതി നിരോധിച്ചതു മൂലമുണ്ടായിട്ടുള്ള ഗുരുതര പ്രതിസന്ധി. ഈ സാഹചര്യത്തിൽ, നിർമാണച്ചെലവിന്റെ 10 ശതമാനം പോലും തിരിച്ചു കിട്ടുന്നില്ലെന്നതാണ് പലരെയും ബോട്ടുകൾ പൊളിച്ചു വില്‍ക്കാന്‍ നിർബന്ധിതരാക്കുന്നതെന്ന് ഉടമകളുടെ സംഘടന പറയുന്നു. 

Eng­lish Sum­ma­ry: Fuel price hike: Fish­ing boats are dis­man­tled and sold

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.