2 March 2026, Monday

എണ്ണവില കത്തുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
March 2, 2026 10:25 pm

പശ്ചിമേഷ്യയിൽ ഇറാനും അമേരിക്ക‑ഇസ്രയേൽ സഖ്യവും തമ്മിലുള്ള യുദ്ധം കടുത്തതോടെ ലോകവിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ആഗോള എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് ഇടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടതാണ് വിപണിയെ വൻ പ്രതിസന്ധിയിലാക്കിയത്. ഇന്നലെ മാത്രം അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ ഏകദേശം 7.7% വർധന രേഖപ്പെടുത്തി.
അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 78.46 ഡോളറായി ഉയർന്നു. അമേരിക്കൻ ക്രൂഡ് ഓയിൽ വില ബാരലിന് 71.97 ഡോളറിലെത്തി. യുദ്ധഭീതി നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ എണ്ണവില ബാരലിന് 100 ഡോളർ കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഏതാണ്ട് നിലച്ച മട്ടാണ്. കപ്പലുകളുടെ ദിശ നിർണയിക്കുന്ന സാറ്റലൈറ്റ് സംവിധാനങ്ങൾ അട്ടിമറിക്കപ്പെട്ടതോടെ കപ്പൽ ഗതാഗതം ഗണ്യമായി കുറഞ്ഞു. ഈ മേഖലയിലൂടെ നീങ്ങുന്ന കപ്പലുകൾക്ക് നേരെ ഇറാൻ തുടർച്ചയായി ആക്രമണ ഭീഷണി ഉയർത്തുന്നുണ്ട്. ഇലക്ട്രോണിക് സംവിധാനങ്ങൾ തകരാറിലാകുന്നത് കപ്പലുകൾ കൂട്ടിയിടിക്കാനും ദിശ തെറ്റാനും കാരണമാകുന്നു.
ഈ പാത ദീർഘകാലത്തേക്ക് അടഞ്ഞുകിടന്നാൽ പ്രതിദിനം 80 ലക്ഷം മുതൽ ഒരു കോടി ബാരൽ വരെ എണ്ണയുടെ കുറവ് ലോകവിപണിയിൽ ഉണ്ടാകും. 

സൗദി അറേബ്യയുടെയും അബുദാബിയുടെയും പൈപ്പ് ലൈനുകൾ ഉപയോഗിച്ചാലും ഈ വൻ കുറവ് നികത്താൻ കഴിയില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം അഞ്ച് ലക്ഷത്തിലധികം ബാരൽ എണ്ണ ശുദ്ധീകരിക്കാൻ ശേഷിയുള്ള സൗദി അരാംകോയുടെ റാസ് തനൂറ ശുദ്ധീകരണ ശാല ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ അടച്ചത് എണ്ണക്ഷാമം സംബന്ധിച്ച ആശങ്ക ഉയരുന്നതിന് കാരണമായി.
അനിയന്ത്രിതമായ വിലക്കയറ്റം തടയുന്നതിനായി എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് പ്രതിദിനം 2,06,000 ബാരൽ എണ്ണ അധികമായി ഉല്പാദിപ്പിക്കാൻ ധാരണയിലെത്തിയിരുന്നു. എന്നാൽ, ആഗോള ആവശ്യത്തിന്റെ 0.2 ശതമാനത്തിൽ താഴെ മാത്രമുള്ള ഈ വര്‍ധനവ് നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ലെന്നാണ് വിലയിരുത്തൽ.

എണ്ണവിലയിലെ കുതിച്ചുചാട്ടം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ പെട്രോൾ, ഡീസൽ വില വര്‍ധിക്കാൻ കാരണമാകും. ഇന്ധനവില കൂടുന്നത് ചരക്ക് നീക്കത്തെ ബാധിക്കുകയും നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുകയും ചെയ്യും. പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ ഏഷ്യൻ രാജ്യങ്ങൾ ബദൽ മാർഗങ്ങൾ തേടുകയാണ്. ഇന്ത്യ തങ്ങളുടെ എണ്ണശേഖരം പരിശോധിച്ചു വരികയാണെന്നും, പശ്ചിമേഷ്യയിലെ കുറവ് നികത്താൻ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വീണ്ടും വലിയ തോതിൽ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നും വിപണി നിരീക്ഷകർ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.