31 December 2025, Wednesday

Related news

December 29, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

പണപ്പിരിവും പിൻവാതിൽ നിയമനവും: ബിജെപിയിൽ തമ്മിലടി രൂക്ഷം

സ്വന്തം ലേഖകന്‍ 
കോഴിക്കോട്
January 11, 2023 8:20 pm

വ്യാപകമായ പണപ്പിരിവും പിൻവാതിൽ നിയമനങ്ങളും ബിജെപിയിൽ പൊട്ടിത്തെറിയിലെത്തി. ഏറെനാളായി പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നങ്ങളാണ് ഒടുവിൽ സംസ്ഥാന അധ്യക്ഷന്റെ നാട്ടിൽ പ്രവർത്തകരുടെ തമ്മിലടിയില്‍ കലാശിച്ചത്.
കേന്ദ്രഭരണത്തിന്റെ മറവിൽ ബിജെപി നേതാക്കൾ കോഴിക്കോട് ജില്ലയിൽ വലിയ തോതിൽ പണപ്പിരിവ് നടത്തുന്നുവെന്ന പരാതിക്കിടയിലാണ് പേരാമ്പ്രയിൽ പെട്രോൾ പമ്പ് ഉടമയിൽ നിന്ന് രസീതില്ലാതെ നേതാക്കൾ പണം വാങ്ങിയത്. ഇതിനെത്തുടർന്ന് ആർഎസ്എസ് പ്രവർത്തകർ ബിജെപി യോഗസ്ഥലത്തേക്ക് കയറി നേതാക്കളെ മർദ്ദിക്കുകയായിരുന്നു. എന്നാല്‍ പാർട്ടിയെ അനധികൃതമായി ഉപയോഗപ്പെടുത്തുന്ന ചിലരുടെ നീക്കങ്ങൾക്കെതിരെയുള്ള പ്രവർത്തകരുടെ സ്വാഭാവിക പ്രതികരണം മാത്രമാണിത് എന്നാണ് കെ സുരേന്ദ്രനെ അനുകൂലികള്‍ പറയുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന്റെ അനുയായികളാണ് അനധികൃത പണപ്പിരിവ് നടത്തിയതെന്നാണ് സുരേന്ദ്രന്‍ പക്ഷത്തിന്റെ ആരോപണം.

പേരാമ്പ്രക്കടുത്ത് മൂരികുത്തിയിൽ ആരംഭിക്കുന്ന പെട്രോൾ പമ്പിന്റെ ഉടമയെ ഭീഷണിപ്പെടുത്തി ബിജെപി നേതാക്കൾ 1.10 ലക്ഷം രൂപ രസീതില്ലാതെ വാങ്ങിയിരുന്നു. അതിന് ശേഷവും പമ്പിനെതിരെ ബിജെപി പ്രവർത്തകർ സമരം തുടര്‍ന്നു. സമരം അവസാനിപ്പിക്കണമെങ്കിൽ ഒന്നര ലക്ഷത്തോളം രൂപ വീണ്ടും തരണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ബിജെപി അനുഭാവികൂടിയായ പമ്പ് ഉടമ പുറത്തുവിട്ടതോടെയാണ് ആർഎസ്എസ് പ്രവർത്തകർ ബിജെപി നേതാക്കൾക്കെതിരെ രംഗത്തുവന്നത്. പമ്പ് ഉടമയിൽ നിന്നും ബിജെപി നേതാക്കൾ പണം ആവശ്യപ്പെടുന്ന ഫോൺ ശബ്ദരേഖ പുറത്തുവരികയും ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. 

കെ സുരേന്ദ്രന്റെ മകന് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നിയമനം നൽകിയതുൾപ്പെടെയുള്ള പിൻവാതിൽ നീക്കങ്ങള്‍ പാർട്ടിയിൽ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. സംസ്ഥാന പ്രസിഡന്റിന്റെ അനുയായികളെ ഫിലിം സെൻസർ ബോർഡിൽ തിരുകിക്കയറ്റിയതും എം ടി രമേശ് വിഭാഗം ചർച്ചയാക്കിയിരുന്നു. ഇതിനെതിരെ കെ സുരേന്ദ്രൻ വിഭാഗത്തിന് ലഭിച്ച ആയുധമാണ് പേരാമ്പ്രയിലെ സംഘർഷം.
രമേശിന്റെ അടുത്ത അനുയായികളായ എം മോഹനൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വ്യാപകമായി പണപ്പിരിവ് നടത്തുന്നുണ്ടെന്നാണ് ഇവരുടെ ആരോപണം. 2016 ൽ കോഴിക്കോട്ട് നടന്ന ബിജെപി ദേശീയ കൗൺസിൽ യോഗത്തിന്റെ പേരിൽ വ്യാജ രസീത് അടിച്ച് പണപ്പിരിവ് നടത്തിയതിന് എം മോഹനനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എന്നാൽ കുറച്ചു കാലം കഴിഞ്ഞ് സ്ഥാനത്ത് തിരിച്ചെത്തിയ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വൻ തോതിൽ പണപ്പിരിവ് നടത്തുകയാണെന്നാണ് ഒരു വിഭാഗം വ്യക്തമാക്കുന്നത്. 

മോഹനൻപങ്കെടുത്ത യോഗത്തിലാണ് പുറത്ത് നിന്നെത്തിയ ആർ എസ് എസ് പ്രവർത്തകർ കഴിഞ്ഞ ദിവസം അക്രമം അഴിച്ചുവിട്ടത്. അണികളെക്കൊണ്ട് സമരം ചെയ്യിപ്പിച്ച് നേതാക്കൾ പണം വാങ്ങുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ആർഎസ്എസ് പ്രവർത്തകർ പേരാമ്പ്രയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ബിജെപി യോഗം അലങ്കോലപ്പെടുത്തിയത്. അക്രമം കോർ കമ്മിറ്റി അന്വേഷിക്കുമെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ സജീവൻ വ്യക്തമാക്കി. 

Eng­lish Sum­ma­ry; Fundrais­ing and back­door appoint­ments: Infight­ing in BJP

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.