
അന്തരിച്ച മുതിര്‍ന്ന സിപി(ഐ)എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം വൈകുന്നേരം അഞ്ച് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍ നടന്നു. തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞുവച്ച നേതാവിന്റെ ഭൗതിക ശരീരം വിലാപയാത്രയായാണ് ശാന്തികവാടത്തില്‍ എത്തിച്ചത്.
സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും വിലാപയാത്ര ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ആനത്തലവട്ടം ആനന്ദന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. എ കെ ജി സെന്ററില്‍ എത്തിയാണ് മുഖ്യമന്ത്രി അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചത്.
1950കളില്‍ വിദ്യാര്‍ത്ഥിയായിരിക്കെ തുടങ്ങിയ കയര്‍ തൊഴിലാളി രംഗത്തെ പ്രവര്‍ത്തനമാണ് ആനത്തലവട്ടം ആനന്ദനെന്ന തൊഴിലാളി നേതാവിനെ രൂപപ്പെടുത്തുന്നത്. കയര്‍, കൈത്തറി, കശുവണ്ടിയടക്കമുള്ള തൊഴില്‍ മേഖലകളിലെ സംഘാടനത്തിലൂടെ അദ്ദേഹം തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരത്തേക്ക് വന്നു. പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങളിലൂടെ സംസ്ഥാന സെക്രട്ടേറിയറ്റംഗം വരെയായി. 1987ലും 96ലും 2006ലും എംഎല്‍എയായി. 1996ല്‍ വക്കം പുരുഷോത്തമനെ തോല്പിച്ചാണ് ആനത്തലവട്ടം നിയമസഭയിലെത്തിയത്.
കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങൾക്കായുള്ള സമിതി (1989–91), പരിസ്ഥിതി സംബന്ധിച്ച സമിതി (2000–01), എസ്റ്റിമേറ്റ്സ് കമ്മിറ്റി (2006–11) എന്നിവയുടെ ചെയർമാനായും പ്രവർത്തിച്ചു. കയർഫെഡ് പ്രസിഡന്റ്, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ്, കയർ ബോർഡ് വൈസ് ചെയർമാൻ, സംസ്ഥാന പ്ലാനിങ് ബോർഡ് രൂപവൽക്കരിച്ച പരമ്പരാഗത വ്യവസായങ്ങളെ സംബന്ധിച്ച കർമ്മസേനയുടെ ചെയർമാൻ, സിഐടിയു സംസ്ഥാന സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
1954ൽ കൂലിക്കുവേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്ക് മുതലിങ്ങോട്ട് കയർ തൊഴിലാളി സമരങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. കയർ അപെക്സ് ബോർഡിന്റെ ചെയർമാൻ എന്ന നിലയിൽ കയർ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുവേണ്ടി നടത്തിയ പ്രവർത്തനങ്ങളും മാതൃകാപരമായിരുന്നു.
തൊഴിലാളിയുടെ ശബ്ദം നിയമസഭാ വേദിയിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. സഭയിലെ സംവാദമായാലും പൊതുഇടങ്ങളിലെ പ്രക്ഷോഭമായാലും ചാനല്‍ സംവാദങ്ങളിലായാലും തന്റേതായ രീതിയാണ് ആനത്തലവട്ടം പിന്തുടർന്നത്. അസുഖബാധിതനായി ചികിത്സയില്‍ കഴിയുമ്പോഴും തൊഴിലാളികളുടെ പ്രശ്നങ്ങളെ സര്‍ക്കാരിനു മുന്നില്‍ എത്തിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഏതൊരു വിഷയത്തിലും വ്യക്തമായ നിലപാടുണ്ടായിരുന്ന അദ്ദേഹം രാഷ്ട്രീയം നോക്കാതെ തൊഴിലാളികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.