26 December 2025, Friday

സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പില്‍; ദുഃഖാചരണം, എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചു

Janayugom Webdesk
തിരുവനന്തപുരം
December 8, 2023 9:56 pm

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് കോട്ടയം കാനത്തുള്ള വീട്ടുവളപ്പില്‍ നടക്കും. നാളെ രാവിലെ 7.30ന് വിമാനമാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കുന്ന ഭൗതിക ശരീരം സിപിഐ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പട്ടം പി എസ് സ്മാരകത്തില്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. സിപിഐ കോട്ടയം ജില്ലാ കൗണ്‍സില്‍ ഓഫിസിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് മൃതദേഹം സ്വവസതിയിലേക്ക് കൊണ്ടുപോവും.

കാനത്തിന്റെ വിയോഗത്തില്‍ നാളെ മുതല്‍ ഒരാഴ്ച പാര്‍ട്ടി ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചതായി സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ അറിയിച്ചു.
കാനത്തിന്റെ നിര്യാണത്തില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, മുന്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം, അസീസ് പാഷ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എംപി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ പി പി സുനീര്‍, ഇ ചന്ദ്രശേഖരന്‍, മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.