
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ മാനാമധുര വില്ലേജിലെ കീലാഡിയില്‍ നടക്കുന്ന പര്യവേക്ഷണത്തിനിടെ കൂടുതല്‍ ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി. തമിഴ്നാട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ വകുപ്പാണ് അതീപ്രാചീന കാലത്തെ നിര്‍മ്മിതിയുടെ ബാക്കിപത്രം കണ്ടെത്തിയത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) ഖനനത്തെ എതിര്‍ക്കുന്നതിനിടയിലാണ് മൂന്നാഘട്ടം പര്യവേക്ഷണത്തില്‍ 30 അടി നീളമുള്ള പ്രാചീന നിര്‍മ്മിതി കണ്ടെത്തിയത്. ഭാരത സംസ്കാരത്തിന് സിന്ധു — ഹാരപ്പന്‍ സംസ്കാരവുമായി അഭേദ്യമായ ബന്ധമുണ്ടെന്ന ആര്‍എസ്എസ് — തീവ്ര ഹൈന്ദവ വാദത്തെ പാടെ നിഷേധിക്കുന്ന തെളിവുകളാണ് കീലാഡിയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതാണ് കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പിന് കാരണം.
2015ലാണ് പ്രദേശത്ത് തമിഴ്നാട് സര്‍ക്കാര്‍ പര്യവേക്ഷണം ആരംഭിച്ചത്. സംസ്ഥാന ആര്‍ക്കിയോളജിക്കല്‍ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ 14,000ത്തിലധികം പുരാവസ്തുക്കള്‍ കണ്ടെത്തി. മണ്‍പാത്രങ്ങള്‍, ലിഖിതങ്ങള്‍ അടങ്ങിയ മണ്‍പാത്രക്കഷണങ്ങള്‍, വിവിധ ഉപകരണങ്ങള്‍ എന്നിവ സംഘകാലത്ത് തമിഴ്നാട്ടില്‍ ഒരു നാഗരികത നിലനിന്നിരുന്നു എന്നതിന്റെ തെളിവായിരുന്നു. 2017ല്‍ എഎസ്ഐ രംഗത്തുവരികയും പര്യവേക്ഷണ ചുമതല ഏറ്റെടുക്കുകയും ചെയ്തു. എഎസ്ഐ സൂപ്രണ്ടിങ് എന്‍ജീനിയറായിരുന്ന അമര്‍നാഥ് രാമകൃഷ്ണനായിരുന്നു പര്യവേക്ഷണത്തിന്റെ ചുമതല. പുതിയ കണ്ടെത്തിലിന് പിന്നാലെ അമര്‍നാഥിനെ മാറ്റുകയും ശ്രീറാമിനെ നിയോഗിക്കുകയും ചെയ്തു. തുടര്‍ന്നാണ് എഎസ്ഐ കീലാഡി പര്യവേക്ഷണത്തില്‍ നിലപാട് മാറ്റിയത്. പര്യവേക്ഷണം നടന്നിരുന്ന സ്ഥലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഖനനം നടത്തിയ ശ്രീറാമിന്റെ സംഘം പ്രത്യേകണ്ടെത്തല്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഖനനം അവസാനിപ്പിക്കുകയായിരുന്നു.
ചതുര്‍വര്‍ണ്യ പാരമ്പര്യം ഉദ്ഘോഷിക്കുന്ന സംസ്കാരങ്ങളെ നിഷ്പ്രഭമാക്കുന്ന പ്രാചീന സംസ്കൃതിയുടെ തെളിവുകള്‍ പുറത്തുവന്നതോടെയാണ് കേന്ദ്രം നിലപാടുമാറ്റിയതെന്ന് ചരിത്രകാരന്‍മാരും ഗവേഷകരും ചൂണ്ടിക്കാട്ടുന്നു. സിന്ധു — ഹാരപ്പന്‍ സംസ്കാരത്തിന് തുല്യമോ അതിലും ഉ.തമോ ആയ ദ്രാവിഡ സംസ്കാര ചരിത്രം തമസ്കരിക്കാനാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.