19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 9, 2024
October 29, 2024
October 18, 2024
October 6, 2024
October 1, 2024
September 6, 2024
August 3, 2024
July 22, 2024

കേന്ദ്രം കേരളത്തിന് അരിയും തരില്ല; പൊതുവിപണി വില്പനയിലും വിലക്ക് 

Janayugom Webdesk
തിരുവനന്തപുരം
March 18, 2024 10:46 pm
കേരളത്തിന് അധിക അരി നൽകേണ്ട സാഹചര്യമില്ലെന്നും എഫ്‌സിഐ ഗോഡൗണിൽനിന്ന് നേരിട്ട് ലേലത്തില്‍ പങ്കെടുത്ത് ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ അനുവദിക്കില്ലെന്നും കേന്ദ്രം. കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ​ഗോയൽ മന്ത്രി ജി ആർ അനിലിന് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്.  പൊതുവിപണി വില്പന പദ്ധതി (ഒഎംഎസ്എസ്) വഴി സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്ന അരി വാങ്ങുന്നതിൽ നിന്നും സപ്ലൈകോയേയും കൺസ്യൂമർഫെഡിനെയും കേന്ദ്രം വിലക്കിയിരുന്നു.
അരിക്ഷാമമുള്ളതിനാൽ  വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ കേന്ദ്രമന്ത്രിക്ക് പലതവണ കത്തയച്ചു. ഇതിനുള്ള മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ കത്ത്.  അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ഒഎംഎസ്എസ് അനുവദിക്കൂ എന്നും കേരളത്തിന് ആവശ്യമായ അരി നൽകുന്നുണ്ടെന്നുമാണ് കേന്ദ്രത്തിന്റെ വാദം. ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്കീമില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകളെയും സര്‍ക്കാര്‍ ഏജന്‍സികളെയും കേന്ദ്രസര്‍ക്കാര്‍ പുറത്താക്കിയത് പൊതുവിപണിയില്‍ അരിവില വര്‍ധനക്കും സ്വകാര്യ കുത്തകകളുടെ ഇടപെടലുകള്‍ക്കും വഴിവയ്ക്കുന്നതാണ്.
സർക്കാർ ഏജൻസി എന്ന നിലയിൽ സപ്ലൈകോ നവംബർ വരെ ടെന്‍ഡറിൽ പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് 94 ലക്ഷം റേഷൻ കാർഡുടമകളാണുള്ളതിൽ മുൻഗണന റേഷൻ കാർഡുകാർ 52.76 ലക്ഷമാണ്. ഒരു വർഷം 14.25 ലക്ഷം ടൺ റേഷൻ ഭക്ഷ്യധാന്യം മാത്രമാണ് കേന്ദ്രം കേരളത്തിന് അനുവദിക്കുന്നത്. ഇതിൽ 10.26 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങളും 43 ശതമാനം വരുന്ന മുൻഗണനാ വിഭാഗത്തിനും. 57 ശതമാനം വരുന്ന മുൻഗണനേതര വിഭാഗത്തിന് 3.99 ലക്ഷം ടൺ മാത്രമാണ് നൽകുന്നത്. ഒരു മാസത്തെ അരിയുടെ ടൈഡ് ഓവർ വിഹിതം 33,294 ടണ്ണാണ്. ഇത് സംസ്ഥാനത്തെ 57 ശതമാനം വരുന്ന മുൻഗണനേതര വിഭാഗത്തിന് പര്യാപ്തമല്ല.
ഉത്സവസീസണിൽ കൂടുതൽ അരി നൽകുന്നതിനും ഇത് തടസമാണ്. 16,25,000 ടൺ ഭക്ഷ്യധാന്യം കേരളത്തിനു കിട്ടിക്കൊണ്ടിരുന്നത് ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയശേഷം 14,25,000 ആയി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് ഒഎംഎസ് പദ്ധതിവഴി ലേലത്തിൽ പങ്കെടുത്ത് 29 രൂപ നിരക്കിൽ അരി വാങ്ങി 23ഉം 24 ഉം രൂപയ്ക്ക് സംസ്ഥാനം വിതരണം ചെയ്തിരുന്നത്. എഫ്‌സിഐ ഡിപ്പൊ തലത്തിലാണ് ലേലം നടത്തുന്നത്. ഡിപ്പോയിലെ ലഭ്യതയ്ക്കനുസരിച്ചാണ് ടെന്‍ഡറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷ്യധാന്യം ലഭിക്കുക. ഈ പദ്ധതിയില്‍ നിന്നാണ് കേരളത്തെ മോഡി സര്‍ക്കാര്‍ പുറത്താക്കിയത്.
കേരളം പോലൊരു ഉപഭോക്തൃ സംസ്ഥാനത്ത് അരിയും ഗോതമ്പുമെല്ലാം കൃത്യമായി വിതരണത്തിന് എത്തിക്കുകയെന്നത് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. അധികമായി ഫുഡ് കോര്‍പറേഷനിലുള്ള സ്റ്റോക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന തുകപ്രകാരം എടുത്താണ് ഇത് നിര്‍വഹിച്ചിരുന്നത്. പൊതുവിപണിയില്‍ വില വര്‍ധനയുണ്ടാകുമ്പോള്‍ അടിസ്ഥാന വിലയില്‍ എഫ്‌സിഐയില്‍ നിന്ന് കിട്ടുന്ന ഭക്ഷ്യധാന്യങ്ങളാണ് പൊതുവിപണിയിലെ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ സംസ്ഥാനത്തെ സഹായിക്കുന്നത്.
Eng­lish Sum­ma­ry: g r anil against cen­tral government
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.