
ഗാന്ധിജിയില്‍ നിന്ന് അദ്ദേഹത്തിന്റെ സത്യാന്വേഷണ പരീക്ഷണ കഥകളില്‍ നിന്ന് ബഹുദൂരം അകലെയായിരിക്കുന്നു ഭീതിജനകമായ വര്‍ത്തമാനകാല ഇന്ത്യയും ലോകവും.
മഹാനായ കാറല്‍ മാര്‍ക്സ് ‘മാന്ത്രിക വിപഞ്ചിക’ എന്ന കവിതയില്‍ കുറിച്ചു;
‘കാതിലത്രയ്ക്കപൂര്‍വമനോജ്ഞമായ്
പാടുകയാണതാനന്ദമത്തമാം
വീണപോല്‍, വിറകൊള്ളുന്ന തന്ത്രിപോല്‍!
വീണുറങ്ങുന്ന ഗായകനെയുണര്‍-
ത്തിടുന്നു. ”നിന്റെ ഹൃത്തടമെന്തേയി-
ന്നീവിധം ഭീതിയാര്‍ന്നു തുടിക്കുന്നു?’
കാതില്‍ അത്രമേല്‍ അപൂര്‍വമനോജ്ഞതയോടെ പാടുന്ന വീണയും ആനന്ദമത്തമായ ആ ഗാനത്തിനായി വിറകൊള്ളുന്ന തന്ത്രികളും വീണുറങ്ങുന്ന ഗായകനെ ഉണര്‍ത്തുന്ന ഭാവനയുടെ ഹൃദയവും ഇന്ന് കൊടും ഭീതിയില്‍ അമര്‍ന്നിരിക്കുന്നു.
വീണ്ടുമൊരു ഗാന്ധിജയന്തിയില്‍ പുഷ്പവൃഷ്ടി നടത്തിയും സാഷ്ടാംഗം പ്രണമിച്ചും ഗാന്ധി സ്തുതികള്‍ പാടിയും സംതൃപ്തരായശേഷം നാം ഗാന്ധി പകര്‍ന്ന പാഠങ്ങളെ വീണ്ടും വീണ്ടും മറക്കുന്നു. 1929 സെപ്റ്റംബര്‍ 19ന് ‘യങ് ഇന്ത്യ’യില്‍ ഗാന്ധിജി എഴുതി;
‘രാമരാജ്യം എന്ന വാക്ക് ഞാനുപയോഗിക്കുന്നത് എന്റെ മുസല്‍മാന്‍ മിത്രങ്ങള്‍ തെറ്റിദ്ധരിക്കരുത്. രാമരാജ്യത്തിന്റെ അര്‍ത്ഥം ഹിന്ദുരാജ്യമെന്നല്ല. അത് സദ്ഭരണവും ദൈവരാജ്യവുമാണ്. എനിക്ക് രാമനും റഹീമും ഒരേ ദൈവ ചൈതന്യമത്രേ. സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ഏകദൈവത്തെയല്ലാതെ മറ്റൊരു ദൈവത്തെയും ഞാന്‍ അംഗീകരിക്കുന്നില്ല.’
രാമനെ ബിംബമാക്കുകയും മിത്തുകളെ ദുര്‍വ്യാഖ്യാനിക്കുകയും ചെയ്ത് രാഷ്ട്രീയായുധമാക്കി പള്ളികള്‍ പൊളിക്കുകയും രാമക്ഷേത്രം നിര്‍മ്മിക്കുകയും പുതുപള്ളികളും ചരിത്രസ്മാരകങ്ങളും പൊളിച്ചടുക്കി അമ്പല നിര്‍മ്മാണത്തിന് യത്നിക്കുകയും ചരിത്ര പാഠപുസ്തകങ്ങളെ അഗ്നിക്കിരയാക്കുകയും രാമനുവേണ്ടി ആയുധധാരികളായി ചോരപ്പുഴകളൊഴുക്കി ഹിന്ദുരാഷ്ട്രം സൃഷ്ടിക്കുവാനിറങ്ങി തിരിച്ചിരിക്കുന്നവരും രാമരാജ്യം എന്നാല്‍ ഹിന്ദു രാജ്യമല്ലെന്നും അത് സദ്ഭരണത്തിന്റേതാണെന്നും രാമനും റഹീമും തനിക്ക് ഓരോ ദൈവ ചൈതന്യമാണെന്നും പറഞ്ഞ ഗാന്ധിജി പകര്‍ന്ന പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നുവോ?’ അവര്‍ക്കതിനാവുകയില്ല. കാരണം രാമഭക്തിയല്ല അവരെ നയിക്കുന്നത്, രാമനിലൂടെയുള്ള സിംഹാസനാരോഹണങ്ങളും പട്ടാഭിഷേകങ്ങളും മാത്രമാണ് നാഥുറാം വിനായക് ഗോഡ്സെയുടെ കൈയില്‍ തോക്ക് തിരുകിവച്ചനുഗ്രഹിച്ചവരെ നയിക്കുന്നത്. ഇന്ത്യ ഒരു രാഷ്ട്രമാണെന്നും പക്ഷേ, രണ്ട് രാജ്യമാണെന്നും ഹിന്ദു — മുസ്ലിം മതങ്ങളെ മുന്‍നിര്‍ത്തി ഇന്ത്യയില്‍ ആദ്യമായി രാഷ്ട്രവിഭജനവാദമവതരിപ്പിച്ച സവര്‍ക്കര്‍ അവര്‍ക്ക് വീര്‍സവര്‍ക്കറാവുന്നതും ഗാന്ധിജി വെറുക്കപ്പെട്ടവനാവുന്നതും അതുകൊണ്ടാണ്.
‘ആത്മകഥ അഥവാ എന്റെ സത്യന്വേഷണ പരീക്ഷണ കഥ’ എന്ന പുസ്തകത്തില്‍ ‘വിട’ എന്ന 44-ാം അധ്യായത്തില്‍ ഗാന്ധിജി എഴുതി,
”സത്യമല്ലാതെ മറ്റൊരു ഈശ്വരനില്ലെന്ന് എന്റെ അഴിവില്ലാത്ത അനുഭവങ്ങള്‍ എന്നെ ബോധ്യപ്പെടുത്തിയിരിക്കുന്നു. സത്യത്തെ സാക്ഷാത്കരിക്കാനുള്ള ഏകമാര്‍ഗം അഹിംസയാണെന്ന് ഈ അധ്യായങ്ങളിലെ ഓരോ പേജും വായനക്കാരോട് പ്രഖ്യാപിക്കുന്നില്ലെങ്കില്‍ ഈ അധ്യായങ്ങളെല്ലാം എഴുതാന്‍ ഞാന്‍ നടത്തിയ സര്‍വ പ്രയത്നവും വൃഥാവിലായെന്ന് ഞാന്‍ കരുതും.….അഹിസംയുടെ സമ്പൂര്‍ണ സാക്ഷാത്കാരത്തിന് മാത്രമേ സത്യത്തിന്റെ സമഗ്രദര്‍ശനം സാധ്യമാകൂ”. ഗാന്ധിജി ലക്ഷ്യംവച്ച അഹിംസയുടെ സമ്പൂര്‍ണ സാക്ഷാത്കാരം ഇന്നെവിടെ? സത്യത്തിന്റെ സമഗ്ര ദര്‍ശനമെവിടെ? ഗാന്ധിജിയുടെ ഘാതകരും അവരുടെ കൂട്ടാളികളും ഇന്നത്തെ അവരുടെ അനുചരന്മാരും ആ ദര്‍ശന മാഹാത്മ്യങ്ങളെ തമസ്കരിച്ചു.
ഗാന്ധിജിയുടെ സമരമുറകളെ പാടേ നിരാകരിക്കാതെ മറ്റൊരു സ്വാതന്ത്ര്യ സമ്പാദന പ്രക്ഷോഭധാര ഉദയം ചെയ്തിരുന്നു. ഗോപാലകൃഷ്ണ ഗോഖലെയുടെ മിതവാദവും ബാലഗംഗാധര തിലകന്റെ തീവ്രവാദവും മുതല്‍ സ്വാതന്ത്ര്യസമരത്തിലെ ഇരുധാരകള്‍ കാണാം. എന്നാല്‍ തീവ്രസ്വാതന്ത്ര്യാഭിനിവേശം ശക്തിപ്പെട്ടത് വിപ്ലവബോധമുള്ള ചെറുപ്പക്കാരിലൂടെയായിരുന്നു. ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ കര്‍താര്‍ സിങ്, കര്‍താര്‍ സിങ്ങിനെ ആരാധിച്ചിരുന്ന ഭഗത്‌സിങ്, കര്‍താര്‍സിങ്ങിനൊപ്പം 1915ല്‍ തന്നെ ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ വിപ്ലവത്തിനായി ഇറങ്ങിത്തിരിച്ച ബാബസോഹന്‍ സിങ്, മൂര്‍സിങ്, പൃഥ്‌വിസിങ് എന്നിവരുടെ ആശയധാരകളെ ഭഗത്‌സിങ്ങും ബട്കേശ്വര്‍ ദത്തും സുഖ്ദേവും രാജ്സിങ്ങും ഹരികിഷനും യോഗേന്ദ്രനാഥ് ദാസും ഹെമു കലാനിയുമടങ്ങുന്ന യുവജന വിദ്യാര്‍ത്ഥികളെ വിപ്ലവബോധത്തിലേക്കും തീവ്രസ്വാതന്ത്ര്യദാഹത്തിലേക്കും നയിച്ചു. നവജവാന്‍ ഭാരത‌്സഭയും ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷനുമെല്ലാം ഈ വിപ്ലവകാരികളുടെ നേതൃത്വത്തില്‍ വ്യത്യസ്ത സമരധാരയ്ക്ക് തിരികൊളുത്തിയത് ഭഗത്‌സിങ്ങിന്റെയും കൂട്ടരുടെയും സഹപോരാളിയും പില്‍ക്കാലത്ത് സിപിഐ ജനറല്‍ സെക്രട്ടറിയുമായ അജയഘോഷ് ‘ഭഗത്‌സിങ്ങും സഖാക്കളും’ എന്ന കുറിപ്പില്‍ ആലേഖനം ചെയ്തിട്ടുണ്ട്. 1929ലെ ലാഹോര്‍ ഗൂഢാലോചനക്കേസും അതിന് മുമ്പ് 1925ലെ കര്‍ക്കറിയിലെ അറസ്റ്റും ഇന്ത്യയിലെ വിപ്ലവബോധമുള്ള പോരാളികളെ വേട്ടയാടുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ നീച പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു.
ലാലാ ലജ്പത്‌റായിയെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ ജനറല്‍ സാന്‍ഡേഴ്സനെ വധിച്ചതിനുശേഷം 1928 ഡിസംബര്‍ 18ന് രാത്രി ലാഹോറിലെ നിരവധി ചുമരുകളില്‍ ഒരു ലഘുലേഖയുടെ കയ്യെഴുത്തുപ്രതി പ്രത്യക്ഷപ്പെട്ടു. ഭഗത്‌സിങ്ങിന്റെ കൈപ്പടയിലുള്ളതായിരുന്നു അത്. ലാഹോര്‍ ഗൂഢാലോചനക്കേസിന്റെ തെളിവായി ഇതിലൊരു പ്രതി ഹാജരാക്കപ്പെടുകയുമുണ്ടായി. ലാലാ ലത്പത്‌റായിയുടെ ക്രൂരമായ കൊലപാതകത്തെ കുറിച്ച് സൂചിപ്പിച്ചതിന് ശേഷം ആ ലഘുലേഖയില്‍ ഇങ്ങനെ കുറിച്ചു;
‘ഇന്ത്യന്‍ ദേശീയതയുടെ ശിരസില്‍ പതിച്ച പ്രഹരം ഇന്ത്യന്‍ യുവത്വത്തോടും പൗരുഷത്തോടുമുള്ള വെല്ലുവിളിയാണ്. ഈ രാജ്യം ഇപ്പോഴും ജീവിച്ചിരുപ്പുണ്ടെന്ന്, ചെറുപ്പക്കാരുടെ രക്തം തണുത്ത് കട്ടപിടിച്ചിട്ടില്ലെന്ന്, രാഷ്ട്രത്തിന്റെ അഭിമാനം അപകടപ്പെടുമ്പോള്‍ ജീവന്‍ നല്‍കാന്‍ അവര്‍ക്ക് കഴിയുമെന്ന് ലോകം അറിയട്ടെ, വിപ്ലവം നീണാള്‍ വാഴട്ടെയെന്ന് ആ ചെറുപ്പക്കാര്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.
മാര്‍ക്സിയന്‍ ദര്‍ശനങ്ങളിലും മഹത്തായ റഷ്യന്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിലൂം ആകൃഷ്ടരായ ആ ചെറുപ്പക്കാര്‍ ജീവന്‍ ത്യജിക്കുവാന്‍ സന്നദ്ധരായാണ് പൊരുതാനിറങ്ങിയത്. ‘ചിന്തയുടെ ഉരകല്ലിലാണ് വിപ്ലവത്തിന്റെ വാളിന് മൂര്‍ച്ചയേറുന്നത്’ എന്നെഴുതിയ ഭഗത്‌സിങ് വിപ്ലവത്തിന്റെ സ്വഭാവവും മാര്‍ഗങ്ങളും വിപ്ലവാനന്തരമുള്ള ഭരണവ്യവസ്ഥയും വിഭാവനം ചെയ്തു. രക്തം ചിന്തിയതുകൊണ്ടും ആയുധമെടുത്തതുകൊണ്ടും വിപ്ലവമുണ്ടാവുകയില്ലെന്നും ബഹുജനങ്ങളെയാകെ ഉണര്‍ത്തിയെടുത്തശേഷം പാകപ്പെടുന്ന സാമൂഹ്യ അന്തരീക്ഷത്തില്‍ മാത്രമേ യഥാര്‍ത്ഥ വിപ്ലവമുണ്ടാവുകയുള്ളുവെന്നും ഓര്‍മ്മിപ്പിച്ചു.
കഴുമരത്തിലേറ്റുന്നതിന് സമയമായി എന്നറിയിക്കുവാനെത്തിയ ബ്രിട്ടീഷ് പൊലീസിനോട് ഭഗത്‌സിങ് പറഞ്ഞത് ‘നിമിഷങ്ങള്‍കൂടി തരൂ… ഞാന്‍ ഈ പുസ്തകത്തിന്റെ അവസാന താളുകള്‍കൂടി വായിച്ചുതീര്‍ക്കട്ടെ‘യെന്നാണ്. ഭഗത് ആ നിമിഷങ്ങളില്‍ വായിച്ചുകൊണ്ടിരുന്നത് ലെനിന്റെ പുസ്തകമായിരുന്നു. നിര്‍ഭയമായ കണ്ണുകളുമായി ഇങ്ക്വിലാബ് മുഴക്കി തൂക്കിലേറിയ ഭഗത്‌സിങ്ങിനെ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രവും ലെനിന്റെ വിപ്ലവപോരാട്ടവും അത്രമേല്‍ സ്വാധീനിച്ചിരുന്നു. ഇന്ത്യന്‍ മണ്ണിലേക്ക് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സൗന്ദര്യവും ധീരതയും കാന്തിയും പ്രസരിക്കുവാന്‍ തുടങ്ങുന്നതിന്റെ പ്രാരംഭദശയില്‍ തന്നെ മാര്‍ക്സിയന്‍ ചിന്തകളും സോഷ്യലിസ്റ്റ് ഭരണകൂടവും വിപ്ലവമാതൃകകളും ആഴത്തില്‍ പഠിക്കുവാനും ഗ്രഹിക്കുവാനും കഴിഞ്ഞ ഭഗത്‌സിങ്, തൂക്കുമരം കാത്തുകിടക്കുന്ന വേളയില്‍, ‘യുവാക്കളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക്’ എന്ന രേഖകളില്‍ നിലനില്‍ക്കുന്ന ചൂഷണ വ്യവസ്ഥിതിയെ തകര്‍ക്കാന്‍ അര്‍പ്പണബോധമുള്ളവരുടെ പാര്‍ട്ടിയുണ്ടാകണമെന്നും കര്‍ഷകരും തൊഴിലാളികളുമാണ് വിപ്ലവത്തിന്റെ ചാലകശക്തിയാകുന്നതെന്നും സമര്‍ത്ഥിച്ചുകൊണ്ടെഴുതി. അങ്ങനെയുണ്ടാകുന്ന പാര്‍ട്ടിയുടെ പേര് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നാകണമെന്നും നിര്‍ദേശിച്ചു.
ഗാന്ധിജിയുടെയും ഭഗത്‌സിങ്ങിന്റെയും വീക്ഷണതലങ്ങളും സമരമുറകളും തീര്‍ത്തും വ്യത്യസ്തമായിരുന്നു. പക്ഷേ ലക്ഷ്യം ഒന്നായിരുന്നു. ഗാന്ധിജി ഈശ്വരനിലും ജാതിമതങ്ങളുടെ സന്ദേശങ്ങളിലും വിശ്വസിച്ചു. എല്ലാ മതങ്ങളും നല്‍കുന്ന മാനവമൈത്രി സന്ദേശം പഠിപ്പിച്ചുകൊണ്ടിരുന്നു. ഭഗത്‌സിങ് ഈശ്വരന്റെയും വിശ്വാസങ്ങളുടെയും പിന്നാലെ പോയില്ല. മതാന്ധതയെയും വര്‍ഗീയ ചിന്തയെയും അന്ധവിശ്വാസത്തെയും ജയിലിനുള്ളിലിരുന്നും പുറത്തുനിന്നും എതിര്‍ത്തു. ഒരു ഭീരുവായി പരിണമിക്കുമ്പോള്‍ മാത്രമേ മരണം വന്ന് മാടിവിളിക്കുമ്പോള്‍ ദൈവത്തിന്റെ കാല്‍ക്കീഴില്‍ അഭയം പ്രാപിക്കുവാനും ജീവരക്ഷയ്ക്കുവേണ്ടി യാചിക്കുവാനും കഴിയൂ എന്ന് ഭഗത്‌സിങ് വിശ്വസിച്ചു. ഒരു നിമിഷത്തിലും ഭീരുവല്ലാതിരുന്നതുകൊണ്ട് അദ്ദേഹം അന്ധനായ ദൈവഭക്തനായില്ല. ‘ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദിയായി’ എന്ന ദീര്‍ഘലേഖനത്തില്‍ ഭഗത്‌സിങ് അത് വിവരിക്കുന്നുണ്ട്.
സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവര്‍ ഇന്ന് ഭാരതരത്ന പുരസ്കാരത്തിനായി മുറവിളി കൂട്ടുന്നു. സവര്‍ക്കറും ഹെഡ്ഗേവാറും ഗോല്‍വാള്‍ക്കറും അവര്‍ക്ക് ഭാരതരത്നങ്ങള്‍. ഗാന്ധിജിയും നെഹ്രുവും ഭഗത്‌സിങ്ങും ചന്ദ്രശേഖര്‍ ആസാദും സുഖദേവും രാജ്ഗുരുവും ചരിത്രത്തിന്റെ ചവറ്റുകൂനയില്‍. ഭഗവത്ഗീതയെ മാറോടു ചേര്‍ത്തുപിടിക്കുന്നവരുടെ കരാള ഹസ്തങ്ങളില്‍ ചോരയുണങ്ങാത്ത കൊടുംവാളുകള്‍, ഉലയാത്ത ആയുധങ്ങള്‍. മഹാഭൂരിപക്ഷം അരക്ഷിതാവസ്ഥയുടെ കൂരിരുട്ടില്‍ സാമ്പത്തികാടിമത്തത്തിലൂടെ രാഷ്ട്രീയാടിമത്തത്തിന്റെ രക്ഷനേടാനാവാത്ത കെണിയിലേക്ക് സാമ്രാജ്യത്വ ദാസന്മാര്‍ തള്ളിയിടുമ്പോള്‍ ലോകത്തെ വിസ്മയിപ്പിച്ച സ്വാതന്ത്ര്യസമര ഗാഥകള്‍ക്കുമേല്‍ മണ്ണ് വാരിയിടുന്നു. ഗാസയില്‍ കുഞ്ഞുങ്ങള്‍, അമ്മ പെങ്ങന്മാര്‍, വൃദ്ധര്‍ സയണിസ്റ്റ് ഭീകരതയുടെ കൊടും ക്രൂരതയാല്‍ പൈശാചികമായി കൊലചെയ്യപ്പെടുമ്പോള്‍ ഇരു കരങ്ങളുമായി അവരെ ആലിംഗനം ചെയ്യുന്നവരെവിടെ? യുദ്ധത്തെ വെറുത്ത, യുദ്ധം വിതച്ച വിനാശങ്ങള്‍ കണ്ട് വിലപിച്ച ഗാന്ധിജിയെവിടെ? ജനകരാജാവിന്റെ ദേശമെന്ന് കരുതപ്പെടുന്ന ചമ്പാരനില്‍ നീലം കര്‍ഷകര്‍ക്കായി ഐതിഹാസിക കര്‍ഷക പ്രക്ഷോഭം നയിച്ച ഗാന്ധിജിയെവിടെ? കര്‍ഷകരെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന ഭരണകൂട ഭീകരതയെവിടെ? സമര്‍ത്ഥനായ ബനിയ ജാതിക്കാരനായി കാണുന്ന അമിത് ഷാമാരെവിടെ? മനുഷ്യന്റെ ആത്മ‑ഹൃദയ ശുദ്ധീകരണത്തിലൂടെ മനുഷ്യമാനസങ്ങള്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥിച്ച ഗാന്ധിജിയെവിടെ?
ഗോഡ്സെമാരുടെ പുതുഗണങ്ങള്‍ തിമിര്‍ത്താടാതിരിക്കുവാന്‍ ഗാന്ധിജിയില്‍ നിന്ന് നാം ഇനിയും ഏറെ പഠിക്കുവാനുണ്ടെന്ന് ഈ ബീഭത്സകാലവും ആ കാലത്തെ അശ്ലീലതയും വര്‍ഗീയ അജണ്ടകളും ഫാസിസ്റ്റ് അജണ്ടകളും നമ്മെ വിളിച്ചുണര്‍ത്തി പറയുന്നു, ലോകാ സമസ്താ സുഖിനോ ഭവന്തൂ! എന്ന ഭാരതീയ സമത്വദര്‍ശനം ഗാന്ധിജി ആവര്‍ത്തിച്ചുരുവിട്ടതും അതേ സമത്വചിന്ത മുന്നോട്ടുവച്ച മാര്‍ക്സിയന്‍ ദര്‍ശനങ്ങളെ ഭഗത്‌സിങ് നിര്‍വചിച്ചതും കാലമേല്പിക്കുന്ന കടമ നിര്‍വഹിക്കുവാനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.