
ഇന്ത്യയെന്ന രാജ്യത്തിന്റെയും അതിലെ ജനതയുടെയും ജീവാത്മാവും പരമാത്മാവുമാണ് ഗാന്ധിജി. ഒരു വ്യക്തിയായി മാത്രമല്ല അദ്ദേഹം ചരിത്രത്തിലുള്ളത്; ആശയമായി, മൂല്യബോധമായി, നൈതിക ദിശാസൂചികയായി ഇന്ത്യയുടെ മനസിൽ ഇപ്പോഴും ജീവിക്കുന്നു. അഹിംസയും സത്യവും അദ്ദേഹത്തിനൊരു രാഷ്ട്രീയ തന്ത്രമല്ലായിരുന്നു; അത് ജീവിതത്തിന്റെ അര്‍ത്ഥമായിരുന്നു. അധികാരത്തെക്കാൾ ഉത്തരവാദിത്തവും, വിജയത്തെക്കാൾ മാനവികതയും, ശക്തിയെക്കാൾ നൈതികതയും വിലമതിച്ച നേതൃമാതൃകയാണ് ഗാന്ധിജി നമുക്ക് നൽകിയത്.
ദരിദ്രന്റെ കണ്ണീരും ദുർബലന്റെ വേദനയും തന്റെ രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലാക്കിയ ഗാന്ധിജി, സ്വാതന്ത്ര്യസമരത്തെ ഒരു ജനകീയ ആത്മീയ പ്രസ്ഥാനമാക്കി മാറ്റി. ഗ്രാമീണ ഇന്ത്യയുടെ ഹൃദയമിടിപ്പ് അദ്ദേഹം കേട്ടു. ചർക്ക പോലുള്ള ലളിതമായ അടയാളത്തിലൂടെ സ്വാഭിമാനവും സ്വയംപര്യാപ്തതയും രാജ്യത്തിന്റെ ആത്മാവിലേക്ക് നട്ടുപിടിപ്പിച്ചു. മതങ്ങളെയും ഭാഷകളെയും ജാതികളെയും അതിജീവിക്കുന്ന മനുഷ്യസ്നേഹത്തിന്റെ സന്ദേശമായിരുന്നു ഗാന്ധിജിയുടെ ഇന്ത്യ. അങ്ങനെയുള്ള മഹദ് വ്യക്തിയെ തമസ്കരിക്കുകയും തേജോവധം ചെയ്യുകയും ചെയ്താൽ ഭാരതനാട് പൊറുക്കില്ല.
ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിന്ന് ഒരുപരിധിവരെ പട്ടിണി തുടച്ചുമാറ്റിയ, ഓരോ തൊഴിലാളിയുടെയും വീട്ടമ്മമാരുടെയും കയ്യിൽ പണമെത്തിച്ച്, അവരുടെ ജീവിത സ്വപ്നങ്ങൾക്കു നിറം പകർന്ന ഏറ്റവും ആശയസമ്പന്നമായ പദ്ധതിയായിരുന്നു മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി ആക്ട് അഥവാ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഇന്ത്യയിലെ വിദൂര ഗ്രാമഗ്രാമാന്തരങ്ങളിൽ നിന്ന് അത് പട്ടിണിയെ അകറ്റി നിർത്തി. ഏറ്റവും ദരിദ്രനായ മനുഷ്യനെപ്പോലും സംരക്ഷിക്കുന്ന സോഷ്യൽ സെക്യൂരിറ്റി നെറ്റ്‌വർക്ക് ആയി അത് മാറി. നേരിട്ട് തൊഴിലാളികളിൽ പണമെത്തിക്കുന്നതു വഴി ഇടനിലക്കാരുടെ ചൂഷണം പൂർണമായും ഇല്ലാതാക്കി. ഒരു പുതിയ ഇന്ത്യയുടെ തുടക്കമായിരുന്നു ഈ സമ്പ്രദായം.
ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ് എന്ന് സ്വപ്നം കണ്ട രാഷ്ട്രപിതാവിന്റെ പേര് ആ പദ്ധതിയുടെ കാവ്യനീതിയായിരുന്നു. ഉറപ്പ് നൽകുന്ന 100 ദിവസത്തെ തൊഴിലവകാശം ദരിദ്രരായ മനുഷ്യരോടുള്ള നീതിയായിരുന്നു. ആ പദ്ധതി ഇന്ത്യയിലെ കോർപറേറ്റ് മുതലാളിമാരെ പ്രീണിപ്പിച്ചില്ല, ഇന്ത്യയിലെ സ്റ്റോക്ക് മാർക്കറ്റിനെ ബൂസ്റ്റ് ചെയ്തില്ല. പക്ഷേ, ദാരിദ്ര്യം മൂലം ജീവിതം വഴിമുട്ടിയ മനുഷ്യരുടെ ജീവിതത്തിലേക്ക് പ്രത്യാശയുടെ വെളിച്ചമായി. പട്ടിണി മൂലം ആത്മഹത്യാമുനമ്പിൽ നിന്ന കുടുംബങ്ങളെ ജീവിത്തിലേക്ക് തിരികെയെത്തിച്ചു.
പണം നേരിട്ട് കയ്യിലെത്താൻ തുടങ്ങിയതോടെ ഗ്രാമഗ്രാമാന്തരങ്ങളിൽ ഉപഭോഗം വർധിച്ചു. ക്രയവിക്രയങ്ങൾ കൂടി. ചെറുകിട ബിസിനസുകാരിൽ ഊർജം നിറച്ചു. രാജ്യത്തിന്റെ സമഗ്രമായ സാമ്പത്തിക വളർച്ചയ്ക്ക് ഏറ്റവും മികച്ച അടിസ്ഥാനം നൽകി. ഇനി ആ ദിനങ്ങളില്ല. ഇന്ത്യയിലെ ഏറ്റവും വിപ്ലവകരമായ ഈ പദ്ധതിയിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് എടുത്തുകളഞ്ഞ്, തൊഴിലവകാശം എടുത്തു കളഞ്ഞ് പദ്ധതിയെ അപ്പാടെ തകർത്തുകളയാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നു. ഇത് ഇന്ത്യൻ ഗ്രാമങ്ങളെ പട്ടിണിക്കിട്ട് കൊല്ലാനുള്ള ശ്രമമാണ്. അതിനെതിരെ ഗ്രാമഗ്രാമാന്തരങ്ങളില്‍ പ്രതിഷേധമുയരണം. ഓരോ തൊഴിലാളിയും ഓരോ ദരിദ്രനും ഈ തീരുമാനത്തെ ചെറുക്കണം. തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശത്തെ റദ്ദ് ചെയ്യാനുള്ള കരിനിയമത്തിനെതിരെ ചെറുത്തുനിൽക്കേണ്ടത് ജനതയുടെ കടമയാണ്. രാജ്യത്തുനിന്ന് ഗാന്ധിസ്മൃതി പോലും നീക്കം ചെയ്യാനുള്ള അധമമായ ഈ തീരുമാനത്തെ പ്രബുദ്ധരായ ജനത ചോദ്യം ചെയ്യേണ്ടതുണ്ട്.
വികസിത് ഭാരത് — ഗ്യാരന്റി ഫോർ റോസ്ഗർ ആന്റ് അജീവികാ മിഷൻ (ഗ്രാമീൺ) എന്നാണ് തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ പേര്. ഇത് നിലവിൽ വരുന്നതോടെ കോടിക്കണക്കിന് തൊഴിലാളികൾ പദ്ധതിയിൽ നിന്നു പുറത്താകും. കാരണം ഓരോ സംസ്ഥാനത്തും ഗ്രാമീണ മേഖല ഏത് എന്ന് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാകും. കേന്ദ്രസർക്കാർ ഗ്രാമീണം എന്നംഗീകരിക്കാത്ത മേഖലകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ പദ്ധതിയില്‍ നിന്ന് പുറത്താകും. സെമി അർബൻ ലാൻഡ്സ്കേപ്പ് ഉള്ള കേരളത്തെയായിരിക്കും ഇത് ഏറ്റവുമധികം ബാധിക്കുന്നത്. എന്നു മാത്രവുമല്ല പദ്ധതിച്ചെലവിന്റെ 40% സംസ്ഥാനം വഹിക്കണമെന്ന പുതിയ നിബന്ധന കേരളം പോലുള്ള സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കും.
യുപിഎ സർക്കാർ വിഭാവനം ചെയ്ത് മഹാത്മാ ഗാന്ധിയുടെ പേരിൽ നടപ്പാക്കിയ ഈ പദ്ധതിയുടെ എല്ലാ ജനോപകാരപ്രദമായ ഘടകങ്ങളും എടുത്തുകളഞ്ഞ്, മഹാത്മജിയുടെ പേര് പോലും നീക്കം ചെയ്ത്, പരിമിതമായ ബജറ്റ് മാത്രം സൃഷ്ടിച്ച് പദ്ധതിയുടെ അന്തഃസത്ത നശിപ്പിച്ച് പുതിയ രൂപത്തിൽ കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ ശ്രമം. ഇതിനെതിരെ രാഷ്ട്രീയത്തിന് അതീതമായി മുഴുവൻ ജനതയും രംഗത്തിറങ്ങണം. പ്രതിഷേധിക്കണം, സമരം ചെയ്യണം. ഇത് ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരമാണ്.
നരേന്ദ്ര മോഡിയുടെ ഗാന്ധി നിന്ദ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, അതിന് ദശകത്തോളം പഴക്കമുണ്ട്. ഗാന്ധിജിയെ പിറകോട്ടുതള്ളി ഗോഡ്സെയെ രാഷ്ട്രപിതാവായി ഉയർത്തിക്കൊണ്ടുവരാനുള്ള ആസൂത്രിത നീക്കമാണ് സംഘ്പരിവാർ ശക്തികൾ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ദശാബ്ദങ്ങളുടെ പഴക്കമുള്ള ഹിന്ദുത്വ അജണ്ടയാണത്. 2014ൽ അധികാരത്തിലേറിയതുമുതൽ തുടങ്ങിയതാണ് മോഡിയുടെയും സഹചാരികളുടെയും ഗാന്ധിയെ നിന്ദിക്കുകയും ഗാന്ധിഘാതകൻ നാഥുറാം ഗോഡ്സെയെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന നിലപാട്. ഒന്നാം മോഡിസർക്കാരിന്റെ ആദ്യ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടത് ഗാന്ധിജിയുമായി ബന്ധപ്പെട്ട ഫയലുകൾ നശിപ്പിക്കലായിരുന്നു. ഈ വിഭാഗത്തിൽപ്പെട്ട 15,000 രേഖകളാണ് 2014 ജൂലൈയിൽ നശിപ്പിക്കപ്പെട്ടത്.
2017ൽ ഖാദി കമ്മിഷന്റെ കലണ്ടറിൽ ഗാന്ധിയുടെ ചിത്രത്തിനു പകരം മോഡിയുടെ ചിത്രം ചേർത്തു. എൻസിഇആർടി പുസ്തകങ്ങളിൽ നിന്ന് ഗാന്ധിജിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഒന്നൊന്നായി നീക്കം ചെയ്തു. 2019 ജനവരി 30ന് ഗാന്ധിചിത്രത്തിലേക്ക് വെടിയുതിർത്ത് ഗാന്ധിവധത്തെ പുനരാവിഷ്കരിക്കുകയും ഗാന്ധി രക്തസാക്ഷിദിനത്തെ ആഘോഷമാക്കുകയും ചെയ്ത ഹിന്ദു മഹാസഭാ നേതാവ് പൂജാ ശകുൻ പാണ്ഡെയുടെയും അനുയായികളുടെയും ചെയ്തികൾ ഭാരതീയർ ഓർക്കുന്നുണ്ടാവും.
മഹാത്മാ ഗാന്ധിയെ ലോകം അറിയുന്നത് 1982ൽ റിച്ചാഡ് ആറ്റൻബറോയുടെ ‘ഗാന്ധി’ സിനിമ ഇറങ്ങിയതോടെയായിരുന്നു എന്നാണ് മോഡി പ്രസ്താവിച്ചത്. മാർട്ടിൻ ലൂഥർ കിങ്ങിനെയും നെൽസൻ മണ്ടേലയെയും പോലുള്ള നേതാക്കളെക്കുറിച്ച് ലോകം ബോധവാന്മാരാണെങ്കിലും ഗാന്ധിയെക്കുറിച്ച് ലോകത്തിന് അറിവില്ലായിരുന്നു എന്ന് മോഡി ജനതയുടെ മുഖത്ത് നോക്കി കള്ളം പറഞ്ഞു. 1982ൽ ഗാന്ധി സിനിമ ഇറങ്ങുന്നതിന് അരനൂറ്റാണ്ട് മുമ്പ് 1930ൽ ന്യൂയോർക്കിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ടൈംസ് മാഗസിൻ ആ വർഷത്തെ ‘മാൻ ഓഫ് ദി ഇയറാ‘യി തെരഞ്ഞെടുത്തത് ഗാന്ധിജിയെയായിരുന്നു എന്നത് പോലും മോഡിക്ക് അറിവില്ലാതെ പോയി.
ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയെ മഹത്വവൽക്കരിക്കുന്നതിനായി അദ്ദേഹത്തിന്റെ പ്രതിമകളും ക്ഷേത്രങ്ങളും രാജ്യത്തങ്ങോളമിങ്ങോളം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് . 2016ലെ ഗാന്ധി ജയന്തി ദിനത്തിൽ ഉത്തർപ്രദേശിൽ മീററ്റിലെ ഹിന്ദു മഹാസഭാ ഓഫിസിൽ ആദ്യത്തെ ഗോഡ്സെ പ്രതിമ സ്ഥാപിക്കപ്പെട്ടു. ആ ഉദ്ഘാടന ചടങ്ങിൽ മുന്നോട്ടുവച്ച ആശയം “ഗാന്ധിജിയെ ആദരിക്കുന്നത് അവസാനിപ്പിക്കൂ, ഗോഡ്സെയേ ആരാധിക്കൂ” എന്നായിരുന്നു. 2017ൽ ഗ്വാളിയോറിൽ ഗോഡ്സെക്കായി ക്ഷേത്രവും പണിതു.
ഇന്ത്യയെന്നാൽ ഗാന്ധിജിയാണ്. ഒരു ദേശത്തിന്റെ പേര് ഒരു മനുഷ്യനുമായി ഇത്രമേൽ ലയിച്ച ചരിത്രം അപൂർവമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യം ഒരു രാഷ്ട്രീയ സംഭവമല്ലെന്ന് ലോകത്തെ പഠിപ്പിച്ചത് ഗാന്ധിജിയായിരുന്നു. അത് മനുഷ്യമനസിന്റെ വിമോചനമാണെന്ന് അദ്ദേഹം തെളിയിച്ചു. സത്യവും അഹിംസയും ആയുധമാക്കി ഒരു സാമ്രാജ്യത്തെ വിറപ്പിച്ച ആ മനുഷ്യൻ, ഇന്ത്യയുടെ മനഃസാക്ഷിയായി മാറി. ഗാന്ധിജി ഇന്ത്യയെ കണ്ടത് ഭൂപടത്തിലുള്ള ഒരു രാഷ്ട്രമെന്ന നിലയിലല്ല, കോടിക്കണക്കിന് മനുഷ്യരുടെ ദുഃഖവും പ്രതീക്ഷയും ചേർന്ന ഒന്ന് എന്ന നിലയിലാണ്.
വഴി തെറ്റുന്ന ഓരോ നിമിഷത്തിലും ഇന്ത്യ തിരിഞ്ഞുനോക്കേണ്ട കണ്ണാടി ഗാന്ധിജിയാണ്. അധികാരത്തിന്റെയും അക്രമത്തിന്റെയും ശബ്ദക്കളത്തിൽ, മനുഷ്യത്വത്തിന്റെ മൃദുസ്വരം ഓർമ്മിപ്പിക്കുന്ന ധർമ്മബോധം. ഗാന്ധിജി ഒരു ചരിത്രപാഠമായി മാത്രമല്ല, കാലാതീതമായ ഒരു നൈതിക ദിശയായിത്തന്നെ നിലനിൽക്കും. കാലം മാറിയാലും വെല്ലുവിളികൾ പുതുക്കപ്പെട്ടാലും ഇന്ത്യ വഴിതെറ്റാതിരിക്കാനുള്ള നൈതിക വെളിച്ചം ഗാന്ധിജിയാണ്. അധികാര രാഷ്ട്രീയത്തിന്റെ കോലാഹലത്തിനിടയിൽ, മനുഷ്യനെ മനുഷ്യനായി കാണാനുള്ള ബോധം ഓർമ്മിപ്പിക്കുന്ന ശബ്ദം. അതുകൊണ്ടുതന്നെ ഗാന്ധിജി ഇന്ത്യയുടെ ജീവാത്മാവാണ്, രാജ്യത്തിന്റെ ആത്മബോധം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.