ഹിന്ദുത്വത്തെ അടിസ്ഥാനമാക്കിയുള്ള സങ്കീർണമായ രാഷ്ട്രീയം മുഖമുദ്രയാക്കുന്ന ആർഎസ്എസ്, വിമർശനങ്ങൾക്കും വിയോജിപ്പുകൾക്കുമെതിരെ ആശയപരമായ പ്രതിരോധം സൃഷ്ടിക്കുന്നതിന് പകരം സ്വന്തമായി ആവിഷ്കരിച്ച തങ്ങളുടെ ആശയങ്ങളിൽ അഭിരമിച്ചുകൊണ്ട് സമസ്ത വീക്ഷണങ്ങളെയും ഫാസിസ്റ്റ് സമ്മർദങ്ങൾക്ക് വിധേയപ്പെടുത്താനാണ് എക്കാലവും ശ്രമിക്കാറുള്ളത്. ദേശസ്നേഹത്തിന്റെ പേരിൽ മറ്റുള്ളവരെ സംശയത്തോടെ വീക്ഷിക്കുന്നവർ ഭൂരിപക്ഷ മതവിശ്വാസത്തെ ദുരുപയോഗം ചെയ്ത് അധികാരം നിലനിർത്താൻ ഇതരമതങ്ങളെയെല്ലാം രാഷ്ട്രത്തിന് അന്യവും ദ്രോഹകരവുമായ ഘടകങ്ങളായി അവതരിപ്പിക്കുകയും ചെയ്യുന്നു.
എഴുത്തിനെയും പ്രഭാഷണങ്ങളെയും ജനാധിപത്യസംവാദങ്ങളെയും ഭയപ്പെടുന്നവർ ഹിന്ദുത്വ ദേശീയത പ്രതിനിധാനം ചെയ്യുന്ന സംസ്കാരങ്ങളോട് യോജിക്കാത്ത മതവിഭാഗങ്ങളോട് മാത്രമല്ല തങ്ങളുടെ ഇംഗിതങ്ങളോട് വിയോജിക്കുന്ന മുഴുവൻ വ്യക്തികളോടും സമൂഹങ്ങളോടും അസഹ്യമായ അസഹിഷ്ണുതയാണ് പുലർത്താറുള്ളത്. ഒരു മതത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള രാഷ്ട്രം നിർവചിക്കപ്പെടുന്നവരുടെ കാഴ്ചപ്പാടിൽ ദേശക്കൂറും ദേശഭക്തിയും അന്യമതവിദ്വേഷത്തിലൂന്നിയ വിഭാഗീയവികാരങ്ങളാകുന്നു. സംഘ്പരിവാറിനെ തികഞ്ഞ ദൈവിക പദ്ധതിയായി വിലയിരുത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത ആർഎസ്എസ് താത്വികാചാര്യൻ ഗോൾവാൾക്കർ മനുവിന്റെ മത്സ്യത്തോടാണ് അതിനെ ഉപമിച്ചത്. കരയ്ക്ക് വീണുപിടയുന്ന മത്സ്യത്തെ കുടത്തിലെ വെള്ളത്തിലിട്ടപ്പോൾ പൊടുന്നനെ അത് വലുതാവുകയും ശേഷം കുളത്തിലും നദിയിലും സമുദ്രത്തിലും സമാനരീതിയിലുള്ള വളർച്ചയുണ്ടാവുകയും ലോകാവസാനമായപ്പോൾ മത്സ്യത്തിന്റെ മുതുകിൽ കയറി മനു രക്ഷപ്പെടുകയും ചെയ്തതുപോലെ സംഘ്പരിവാർ ഹിന്ദുസമൂഹത്തെയാകമാനം രക്ഷിക്കുമെന്നാണ് അദ്ദേഹം പ്രബോധിപ്പിച്ചത്.
ദൈവം കലിയുഗത്തിൽ സംഘടനാ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതാണ് സംഘ്പരിവാർ എന്ന് ഗോൾവാൾക്കർ പറയുന്നു. സംഘിൽ ചേരുന്നതിനെ രണ്ടാംജന്മമായി വിശേഷിപ്പിക്കുന്ന അദ്ദേഹം മൃഗത്തിൽനിന്ന് മനുഷ്യനാകുന്നതോടെ ‘ദ്വിജൻ’ ആകുന്നതിന് തുല്യമാണ് ഒരാളുടെ സംഘ്പരിവാറിലേക്കുള്ള പ്രവേശനം എന്നും സമർത്ഥിക്കുന്നു. ‘ദ്വിജൻ’ എന്ന പദത്തിന് ‘രണ്ടാം ജന്മം’ എന്നും ‘ബ്രാഹ്മണൻ’ എന്നും അർത്ഥമുണ്ട്. ബ്രാഹ്മണത്വം സംഘിന്റെ പ്രചോദനവും ക്ഷത്രിയത്വം അതിന്റെ പോരാട്ടതന്ത്രവുമാണെന്നും ഗോൾവാൾക്കർ അടിയുറച്ചു വിശ്വസിച്ചു. മഹാത്മാഗാന്ധി — ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയ തുഷാർ ഗാന്ധിയെ തടഞ്ഞ നടപടി ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെ വേട്ടയാടുകയോ പ്രകോപിപ്പിക്കുകയോ ആക്രമിക്കുകയോ ചിലപ്പോൾ കൊലപ്പെടുത്തുകയോ ചെയ്യുക എന്ന ആർഎസ്എസിന്റെ എക്കാലത്തെയും പ്രഖ്യാപിത നയത്തിന്റെ ഭാഗമാണ്. നെയ്യാറ്റിൻകരയിൽ ടിബി ജങ്ഷനിൽ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് മടങ്ങവെയാണ് കഴിഞ്ഞ ദിവസം തുഷാർ ഗാന്ധിക്കെതിരെ ആർഎസ്എസ് പ്രവർത്തകർ സംഘടിച്ചെത്തി പ്രകോപനം സൃഷ്ടിച്ചത്. രാജ്യത്തിന്റെ ആത്മാവിന് കാൻസർ ബാധിച്ചിരിക്കുകയാണെന്നും അത് പടർത്തുന്നത് സംഘ്പരിവാർ ആണെന്നുമുള്ള തുഷാർ ഗാന്ധിയുടെ പരാമർശമാണ് ആർഎസ്എസിനെ പ്രകോപിപ്പിച്ചത്.
ആർഎസ്എസിന്റെ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കുന്നതിനായി ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതിന് ‘വിചാരധാര’യിലൂടെ അവർ മുന്നോട്ടുവയ്ക്കുന്ന വെറുപ്പിന്റെയും ന്യൂനപക്ഷവിരുദ്ധതയുടെയും പ്രത്യയശാസ്ത്ര നിലപാടുകൾ തുറന്നെതിർക്കുന്നതുകൊണ്ട് തന്നെ തുഷാർ ഗാന്ധി അവരുടെ കണ്ണിലെ കരടായിരുന്നു. ഇന്ത്യൻ പാർലമെന്റിലെ സെൻട്രൽ ഹാളിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിന് എതിർഭാഗത്ത് തത്തുല്യമായ പ്രാധാന്യത്തോടെ ഗാന്ധി ഘാതകന്റെ ചിത്രം സ്ഥാപിച്ചവർക്ക് ഗാന്ധിയുടെ പൗത്രൻ അനഭിമതനാകുന്നത് സ്വാഭാവികമാണല്ലോ.
തുഷാർ ഗാന്ധിയെ പോലുള്ളവർ ആർഎസ്എസിനെതിരെ വിമർശനം ഉന്നയിക്കാൻ ഇടയായ രാഷ്ട്രീയ സാഹചര്യം നമുക്കറിയാം. ഇന്ത്യ യഥാർത്ഥ സ്വാതന്ത്ര്യം നേടിയത് രാമക്ഷേത്രം ദർശനത്തിനായി തുറന്ന 2024 ജനുവരി 22നായിരുന്നുവെന്ന് ഒന്നാം വാർഷിക വേളയിൽ അഭിപ്രായപ്പെട്ട ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ആ ദിവസം ‘പ്രതിഷ്ഠാ ദ്വാദശി’ എന്ന പേരിൽ ആചരിക്കണമെന്നും പ്രഖ്യാപിച്ചിരുന്നു. അതുപോലെ തന്നെ ലൗ ജിഹാദും മീറ്റ് ജിഹാദുമാരോപിച്ച് ഇസ്ലാം മതവിശ്വാസികളെ പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ ഘർവാപസിയുടെ പേരിലാണ് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കിടയിൽ സംഘ്പരിവാർ ഭീതി പടർത്തുന്നത്. വംശഹത്യാ പദ്ധതി നടപ്പിൽ വരുത്താൻ പ്രത്യേകമായി രൂപപ്പെടുത്തിയെടുത്ത സംഘടനകളെ ഉപയോഗിച്ച ശേഷം അണിയറയ്ക്കുപിന്നിൽ സമർത്ഥമായി ഒളിഞ്ഞിരിക്കുന്ന കൗശല ബുദ്ധിയും ഇവർക്കുണ്ട്. മലേഗാവിലും മക്കാ മസ്ജിദിലും അജ്മീർ ഷറീഫിലും സംജോഝ എക്സ്പ്രസിലും അഭിനവ് ഭാരതിനെ ഉപയോഗിച്ച് സ്ഫോടനം നടത്തിയതും ഗോവിന്ദ് പൻസാരയെയും നരേന്ദ്ര ധാബോൽക്കറെയും പ്രൊഫ. എം എം കൽബുർഗിയെയും ഗൗരി ലങ്കേഷിനെയും സനാതൻ സൻസ്തയെ ഉപയോഗിച്ച് കൊലപ്പെടുത്തുകയും ചെയ്തതും ചില ഉദാഹരണങ്ങൾ മാത്രം. വിഘടനവാദികളെ കൂട്ടുപിടിച്ച് മത വിഭാഗങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കുന്ന വിധത്തിൽ ബ്രിട്ടീഷുകാർ ചെയ്തതിന് സമാനമായ ഭരണഘടനാ പരിഷ്കാരങ്ങളാണ് രാജ്യത്ത് തങ്ങളുടെ ഭരണകാലയളവിൽ സംഘ്പരിവാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ആത്മീയാനുഷ്ഠാനങ്ങൾ ജനങ്ങളെ വർഗീയവല്‍ക്കരിക്കുന്നതിനായി അവർ നിരന്തരം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം ആചാരാനുഷ്ഠാന വേളകളിൽ ബോധപൂർവം വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കുകയും പലപ്പോഴും അത് ആക്രമണ സംഭവങ്ങളിലേക്ക് നയിക്കപ്പെടുകയും ചെയ്തതിന്റെ നിരവധി ചരിത്രങ്ങൾ നമുക്ക് മുന്നിലുണ്ട്. ഹിന്ദുത്വമെന്ന പ്രത്യയശാസ്ത്രവും അതിന്റെ സൈദ്ധാന്തിക അഭ്യസനങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധമാകാതിരിക്കാൻ ആർഎസ്എസ് എന്നും ശ്രമിച്ചിരുന്നു. ‘ക്വിറ്റ് ഇന്ത്യ’ സമരകാലത്ത് ഗോൾവാൾക്കർ ആർഎസ്എസ് പ്രവർത്തകർക്ക് നൽകിയ ഉപദേശത്തിലൂടെ സ്വാതന്ത്ര്യ സമരത്തോടുള്ള അവരുടെ നിഷേധാത്മക സമീപനം നമുക്ക് വ്യക്തമാണ്.
“1942ലും പലരുടെയും മനസിൽ കടുത്ത വികാരമുണ്ടായിരുന്നു. ആ കാലയളവിലും സംഘത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ തുടർന്നുപോന്നു. സംഘം നേരിട്ടൊന്നും പറഞ്ഞില്ല. ബ്രിട്ടീഷുകാർക്കെതിരെ പൊരുതുകയെന്നത് കാര്യപരിപാടിയുടെ ഭാഗമല്ലെന്ന് ആർഎസ്എസ് തത്വസംഹിത വ്യക്തമായിത്തന്നെ പറയുന്നുണ്ട്. മതത്തെയും സംസ്കാരത്തെയും സംരക്ഷിക്കുന്നതിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്നാണ് നമ്മുടെ പ്രതിജ്ഞയിൽ പറയുന്നത്. ബ്രിട്ടീഷുകാർ ഇവിടംവിട്ട് പോകുന്നതിനെക്കുറിച്ച് അതിൽ ഒരു പരാമർശവുമില്ല എന്നകാര്യം നമ്മൾ ഓർക്കണം. ”(ശ്രീ ഗുരുജി സമഗ്ര ദർശൻ വാല്യം 4, പേജ് 40). ഭരണഘടനാ വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ എ ജി നൂറാനി ‘സവർക്കറും ഹിന്ദുത്വവും’ എന്ന കൃതിയിൽ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തോടുള്ള ആർഎസ്എസിന്റെ വിപ്രതിപത്തിയെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. “സവർക്കറുടെ വീക്ഷണത്തിൽ ഈ ഭൂമിയിൽ ഇന്ത്യ എന്നുപേരുള്ള ചെറിയ ഇടത്തിന്റെ സ്വാതന്ത്ര്യമല്ല ഹിന്ദുക്കളുടെ സ്വരാജ്. ഹിന്ദുത്വം സംരക്ഷിക്കപ്പെടുന്നതാണ് ഹിന്ദുസ്ഥാനത്തിന്റെ സ്വാതന്ത്ര്യം. ഹിന്ദുക്കളുടെ മതപരവും വംശീയവും സാംസ്കാരികവുമായ സ്വത്വമാണ് ഹിന്ദുത്വം. ആ സ്വത്വം എവിടെയാണോ ദൃഢമായിരിക്കുന്നത് അവിടെയാണ് ഹിന്ദുക്കളുടെ സ്വരാജ്. അവിടെ ഇന്ത്യയുടെ അതിർത്തിക്കുള്ളിലോ വെളിയിലോ ഉള്ള അഹിന്ദുക്കളുടെ അമിതഭാരം ഉണ്ടാവുകയില്ല.”
തീർന്നില്ല, സ്വാതന്ത്ര്യ സമര കാലത്ത് ജയിൽ വാസം അനുഭവിച്ചവരെ പരാമർശിക്കുന്നതിനിടയിൽ ജയിലിൽ പോകുന്നതുമാത്രമല്ല ദേശസ്നേഹമെന്നും ഉപരിപ്ലവമായ ഇത്തരം കാര്യങ്ങൾ ദേശസ്നേഹത്താൽ സ്വാധീനിക്കപ്പെടുന്നത് ശരിയല്ലെന്നും പ്രസ്താവിച്ചത് ഹെഡ്ഗേവാറായിരുന്നു. ഇന്ത്യയെന്നാൽ ഹിന്ദുത്വയും ഹിന്ദുത്വയെന്നാൽ ഇന്ത്യയുമാണെന്ന് പ്രസംഗിച്ചു നടക്കുന്നവരുടെ കപട രാഷ്ട്രീയത്തിന്റെ മുഖംമൂടിയാണിവിടെ അഴിഞ്ഞുവീഴുന്നത്. ഇത്തരം കാപട്യങ്ങൾ തന്നെയാണ് സംഘ്പരിവാറിനെ രാജ്യത്തിന്റെ ആത്മാവിന് കാൻസർ പടർത്തുന്നവർ എന്ന് വിശേഷിപ്പിക്കാൻ തുഷാർ ഗാന്ധിയെ പ്രേരിപ്പിച്ചത്.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ജനാധിപത്യ – മതനിരപേക്ഷ സംസ്കാരത്തിനുമെതിരെ ആർഎസ്എസ് നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ ഉയർന്നുവരുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കം അനുവദിക്കാൻ കഴിയില്ല. തന്നെത്തടഞ്ഞ ബിജെപി — ആർഎസ്എസ് പ്രവർത്തകർക്കെതിരെ തുഷാർ ഗാന്ധി മുഴക്കിയ ‘ആർഎസ്എസ് മൂർദാബാദ്’ എന്ന മുദ്രാവാക്യം ജനാധിപത്യ ഇന്ത്യയുടെ മൊത്തം പ്രതികരണമാണ്. വർഗീയവികാരം നിരന്തരം ആളിക്കത്തിച്ച് ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ലഭ്യമായ ഭരണാധികാരത്തെ ദുരുപയോഗം ചെയ്യുമ്പോൾ ഗാന്ധിമാരുടെ ശബ്ദം രാജ്യത്താകമാനം ഇനിയുമിനിയും മുഴങ്ങുക തന്നെ ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.