കൂട്ടബലാത്സംഗത്തിനിരയാക്കി എന്ന യുവതിയുടെ പരാതിയിൽ ഹരിയാന ബിജെപി അധ്യക്ഷൻ മോഹൻലാൽ ബദോലി, ഗായകൻ റോക്കി മിത്തൽ എന്നിവർക്കെതിരെ കേസ്. ഡൽഹി സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ ഡിസംബർ 13ന് ഹിമാചൽ പ്രദേശ് പൊലീസാണ് കേസെടുത്തത്. 2023 ജൂലൈ 3‑ന് കസൗലിയിലെ മങ്കി പോയിൻ്റ് റോഡിലുള്ള ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്‌മെൻ്റ് കോര്‍പ്പറേഷനറെ (എച്ച്‌പിടിഡിസി) റോസ് കോമൺ ഹോട്ടലിൽ വച്ചാണ് പിഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു.
എഫ്ഐആറിന്റെ പകർപ്പ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി തൊഴിലുടമയ്ക്കും സുഹൃത്തിനുമൊപ്പം വിനോദ യാത്രക്കായാണ് ഹിമാചൽ പ്രദേശിലെത്തിയതെന്ന് പരാതിയിൽ പറയുന്നു. സുഹൃത്തിനൊപ്പമാണ് രണ്ട് പ്രതികളെയും ആദ്യം കണ്ടത്. ഒരാൾ രാഷ്ട്രീയ പ്രവർത്തകനായ മോഹൻലാൽ ബദോലി ആണെന്നും മറ്റെയാൾ ഗായകനായ റോക്കി മിത്തൽ എന്ന ജയ് ഭഗവാൻ ആണെന്നും അവർ തന്നെ പരിചയപ്പെടുത്തി. തുടർന്ന് ഹോട്ടലിലെ മുറിയിൽ ഇരുന്ന് സംസാരിക്കാമെന്ന് പറഞ്ഞ് രണ്ട് സ്ത്രീകളെയും ഇവർ നിർബന്ധിച്ച് കൂട്ടിക്കൊണ്ടു പോയി.
തന്റെ അടുത്ത ആൽബത്തിൽ പരാതിക്കാരിയായ യുവതിയെ നായിക ആക്കാമെന്ന് റോക്കി മിത്തൽ മുറിയിൽ വച്ച് പറഞ്ഞു.
താൻ വലിയ സ്വാധീനമുള്ള ആളാണെന്നും സർക്കാർ ജോലി വാങ്ങിത്തരാമെന്നും മോഹൻലാൽ ബദോലിയും പറഞ്ഞു. ശേഷം യുവതികൾക്ക് മദ്യം വാഗ്ദാനം ചെയ്തു. നിഷേധിച്ചിട്ടും ഇരുവരും ചേർന്ന് തങ്ങളെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായി യുവതി പറയുന്നു. പിന്നീട്, തങ്ങൾ പറയുന്നത് അനുസരിച്ചില്ലങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തിനെ മറ്റൊരിടത്തേക്ക് മാറ്റിയിരുത്തിയ ശേഷം ഇരുവരും ചേർന്ന് തന്നെ ബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിൽ പറയുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
ഏകദേശം രണ്ട് മാസം മുമ്പും പ്രതികൾ യുവതികളെ പഞ്ച്കുളയിലേക്ക് വിളിക്കുകയും വ്യാജ ക്രിമിനൽ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനുശേഷമാണ് റോക്കി മിത്തലിന്റെ പഞ്ച്കുളയിലെ വിലാസവും ബദോലിയുടെ സോനിപത്തിലെ വിലാസവും അവരുടെ മൊബൈൽ ഫോൺ നമ്പറുകളും കണ്ടെത്താൻ യുവതികൾക്ക് കഴിഞ്ഞതും പരാതി കൊടുക്കാനായതും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.