
കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുലിനെ (24) നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതി ഉൾപ്പെടെ നാല് പേർ പൊലീസ് കസ്റ്റഡിയില്‍. പിടിയിലായവരിൽ രണ്ട് പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികൾ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്നും സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായ അലുവ അതുൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുമ്പോഴാണ് സംഭവം. പുതിയകാവു ഭാഗത്ത് വെച്ച് അതുലും സുഹൃത്ത് മനുവും സഞ്ചരിച്ച കാറിനെ മറ്റൊരു ഗുണ്ടാ സംഘം പിന്തുടരുകയായിരുന്നു. നിയന്ത്രണം വിട്ട കാർ റോഡിലെ താഴ്ചയിലേക്ക് മറിഞ്ഞതോടെ, പിന്തുടർന്ന സംഘം ആയുധങ്ങളുമായി ചാടിയിറങ്ങി അതുലിനെ വെട്ടിക്കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന മനുവിനും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.
കരുനാഗപ്പള്ളിയിലെ കടത്തൂർ സംഘവും ഓച്ചിറയിലെ വയനകം ഗുണ്ടാ സംഘവും തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം മടങ്ങുന്നതിനിടെ കടത്തൂർ സംഘത്തിലെ രണ്ടുപേരെ അതുലും കൂട്ടാളികളും വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ഈ കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.