24 March 2025, Monday
KSFE Galaxy Chits Banner 2

യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസ് ; കേസെടുത്ത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മൊഴിയെടുത്തു

Janayugom Webdesk
ആലപ്പുഴ
February 24, 2025 3:20 pm

കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകനെതിരെ കേസെടുത്ത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മൊഴിയെടുത്തു.കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരുടെ മൊഴിയാണ് ആലപ്പുഴ എക്സൈസ് അസി. കമ്മീഷണർ അശോക് കുമാർ രേഖപ്പെടുത്തിയത്. . ആലപ്പുഴ അസി. എക്സൈസ് കമ്മീഷണർ അന്വേഷണ റിപ്പോർട്ട് സംസ്ഥാന എക്സൈസ് കമ്മീഷണർക്ക് നൽകും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ. ഡിസംബർ 28നാണ് ആലപ്പുഴ തകഴിയിൽ നിന്ന് യു പ്രതിഭ എം എൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസെടുത്തത്. 

കേസിൽ ഒൻപതാം പ്രതിയായിരുന്നു കനിവ്. ജാമ്യം കിട്ടുന്ന വകുപ്പുകളായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. സംഭവം വാർത്തയായതോടെ മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാർത്തയാണെന്നുമുള്ള വാദവുമായി യു പ്രതിഭ പരസ്യമായി രംഗത്തെത്തി. പിന്നാലെ കേസിന്റെ എഫ്ഐആർ ഉൾപ്പടെ പുറത്ത് വന്നതോടെ വിവാദം രൂക്ഷമായി. തുടർന്ന് മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എക്സൈസ് കമ്മീഷണർക്കും പരാതി നൽകി. തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം. ആലപ്പുഴ അസി. എക്സൈസ് കമ്മീഷണർ അശോക് കുമാറിനാണ് അന്വേഷണ ചുമതല. കുട്ടനാട് എക്സൈസ് സി ഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽ കുമാർ എന്നിവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.