21 December 2025, Sunday

ചവറ്റുകുട്ട മുതലാളിത്തം അഥവാ മാലിന്യ കൊളോണിയലിസം

ജയ്സണ്‍ ജോസഫ്
September 24, 2025 4:17 am

“അമേരിക്കയിൽ ഒരാളുടെ ഉച്ചഭക്ഷണം ഇന്തോനേഷ്യയിൽ ഒരു ഭൗമ ദുരന്തമായി മാറാം” — സമ്പന്ന ലോകം വലിച്ചെറിയുന്ന മാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ ദരിദ്ര ലോകത്തെ കരുവാക്കുന്ന ചവറ്റുകുട്ട മുതലാളിത്തത്തെ പുലിറ്റ്സർ പുരസ്കാര ജേതാവ് അലക്സാണ്ടർ ക്ലാപ്പ് ഒരുവരിയിൽ ചുരുക്കുന്നതിങ്ങനെയാണ്.

ഇന്തോനേഷ്യയിലെ മാലിന്യ വ്യാപാരികൾ, ടർക്കിയിലെ ഇരുമ്പ് സ്റ്റീൽ പുനർവില്പനക്കാർ, ഗ്വാട്ടിമാല കാടുകളിലെ വിസ്പർ നെറ്റ്‌വര്‍ക്കുകൾ, പഴയ ഇലക്ട്രോണിക്സ് വസ്തുക്കൾ വ്യാപാരം നടത്തുന്ന ഘാനയിലെ ബർണർ ബോയ്സ് എന്നിവരെക്കുറിച്ച് അറിയാൻ പത്രപ്രവർത്തകനായ അലക്സാണ്ടർ ക്ലാപ്പ് രണ്ട് വർഷം അഞ്ച് ഭൂഖണ്ഡങ്ങളിലൂടെ ചുറ്റി സഞ്ചരിച്ചു. കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തെയും അവരുടെ പ്രകൃതിയെയും ചവച്ചുതുപ്പുന്ന നിശ്ശബ്ദ സംഘർഷമാണ് ‘മാലിന്യയുദ്ധം’ (Waste War) എന്ന ലോക ശ്രദ്ധനേടിയ അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ ഉള്ളടക്കം.

വികസിത രാജ്യങ്ങൾ തങ്ങളുടെ രാജ്യത്ത് കുന്നുകൂടുന്ന പ്ലാസ്റ്റിക്, ഇലക്ട്രോണിക്, രാസമാലിന്യങ്ങൾ എന്നിവ സംസ്കരിക്കാനുള്ള ഭീമമായ ചെലവ് ഒഴിവാക്കാൻ, അവയെ പുനരുപയോഗിക്കാവുന്നവ എന്ന ചാപ്പകുത്തി വികസ്വരരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന പ്രക്രിയയാണ് വിഷയം. കുറഞ്ഞ സാമ്പത്തിക ശേഷിയും ദുർബലമായ പാരിസ്ഥിതിക നിയമങ്ങളുമുള്ള ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളാണ് ഇതിനിരയാകുന്നത്. പണത്തിന് പകരമായി തങ്ങളുടെ നാടിനെ വിഷം നിറഞ്ഞ ചവറ്റുകുട്ടയാക്കി മാറ്റാൻ ഇതിലൂടെ അവർ നിർബന്ധിതരാകുന്നു. ഈ ചൂഷണത്തെ ‘മാലിന്യ കൊളോണിയലിസം’ (Waste Colo­nial­ism) എന്ന് വിളിക്കാം. “ലോകത്തിലെ മനുഷ്യനിർമ്മിത വസ്തുക്കളുടെ ആകെ അളവ് ഗ്രഹത്തിലെ മുഴുവൻ ജൈവാംശത്തിനും തുല്യമായി” എന്ന് നേച്ചർ മാസികയിൽ വന്ന 2020 ലെ ഒരു റിപ്പോർട്ടും കൂടെ വായിക്കണം.

പഴയ കൊളോണിയലിസം രാജ്യങ്ങളെ രാഷ്ട്രീയമായി കീഴടക്കിയെങ്കിൽ, മാലിന്യ കൊളോണിയലിസം അവരുടെ പ്രകൃതിയെയും ആരോഗ്യത്തെയും തകർത്ത് കീഴടക്കുന്നു. ഇറക്കുമതി ചെയ്യപ്പെടുന്ന മാലിന്യക്കൂമ്പാരങ്ങൾ ദുർബലമായ പാരിസ്ഥിതിക നിയമങ്ങളുമുള്ള ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലെ ഗ്രാമങ്ങളെയാണ് വിഴുങ്ങുന്നത്. ഈ ആഗോള മാലിന്യ വ്യാപാരത്തിൽ നിർണായക വഴിത്തിരിവുണ്ടായത് 2018ലാണ്. ലോകത്തിലെ ഏറ്റവും വലിയ മാലിന്യ ഇറക്കുമതിക്കാരായിരുന്ന ചൈന, ഓപ്പറേഷൻ നാഷണൽ സ്വാർഡ്(ഒഎൻഎസ്) എന്ന പേരിൽ നയം കൊണ്ടുവരികയും വിദേശ മാലിന്യങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ, യൂറോപ്പിലും അമേരിക്കയിലും മാലിന്യക്കൂമ്പാരങ്ങൾ ഉയർന്നു. മാലിന്യ കണ്ടെയ്‌നറുകൾ നിറച്ച കപ്പലുകൾ ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം, ഇന്ത്യ തുടങ്ങിയ പുതിയ തീരങ്ങൾ തേടിയിറങ്ങി. ഇത് ഈ രാജ്യങ്ങളിൽ വലിയ പാരിസ്ഥിതിക പ്രതിസന്ധികൾക്കും ജനകീയ പ്രക്ഷോഭങ്ങൾക്കും കാരണമായി. പല രാജ്യങ്ങളും മാലിന്യം നിറച്ച കണ്ടെയ്‌നറുകൾ കയറ്റിയയച്ച രാജ്യങ്ങളിലേക്കുതന്നെ തിരിച്ചയച്ചു. മാലിന്യം “എറിഞ്ഞുള്ള” കലാപങ്ങൾ കനത്തു.
മാലിന്യം എന്നത് നിത്യജീവിതത്തിലെ ഒരു പ്രാദേശിക പ്രശ്നമായി തോന്നാമെങ്കിലും യഥാർത്ഥത്തിൽ ആഗോള ഉപഭോഗരീതികളുമായും അന്താരാഷ്ട്ര വ്യാപാരവുമായും അധികാരബന്ധങ്ങളുമായും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഒരു ഉപഭോക്തൃ ഉല്പന്നത്തിന്റെ 99ശതമാനവും ആറ് മാസത്തിനുള്ളിൽ ഉപേക്ഷിക്കപ്പെടുന്നു എന്ന കണക്ക് ഭയപ്പെടുത്തുന്നതാണ്. ലോക ജനസംഖ്യയുടെ 16% മാത്രമുള്ള ഉയർന്ന വരുമാനമുള്ള രാജ്യങ്ങളാണ് ലോകത്തെ മാലിന്യത്തിന്റെ മൂന്നിലൊന്ന് ഉല്പാദിപ്പിക്കുന്നത്. അതിന്റെ ദോഷഫലങ്ങൾ ഏറ്റവും അനുഭവിക്കേണ്ടിവരുന്നതാവട്ടെ, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളും. ലോക ബാങ്കിന്റെ കണക്കാണിത്.

സമ്പന്ന രാജ്യങ്ങൾ, താരതമ്യേന കാര്യക്ഷമമായ മാലിന്യനിർമ്മാർജന സംവിധാനങ്ങളിലൂടെയോ, മറ്റ് രാജ്യങ്ങളിലേക്ക് മാലിന്യം കയറ്റി അയച്ചോ അവരുടെ മാലിന്യ ഉല്പാദനത്തെ മൂടുന്നു. എന്നാൽ വികസ്വര രാജ്യങ്ങൾ തുറന്ന സ്ഥലങ്ങളിൽ മാലിന്യം തള്ളുകയും കത്തിക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യ, പാരിസ്ഥിതിക പ്രതിസന്ധികൾ നേരിടുന്നു. വികസിത രാജ്യങ്ങൾ പ്ലാസ്റ്റിക്, ഇ‑മാലിന്യം, മറ്റ് അപകടകരമായ വസ്തുക്കൾ എന്നിവ പുനരുപയോഗം എന്ന വ്യാജേന ദരിദ്ര രാജ്യങ്ങളിലേക്ക് കയറ്റിയയയ്ക്കുമ്പോൾ അസമത്വം കൂടുതൽ വർധിക്കുന്നു. ഇത്തരം വ്യാപാരം ഹ്രസ്വകാലത്തേക്ക് വരുമാനം നൽകുന്നുണ്ടെങ്കിലും, അത് പ്രാദേശിക പരിസ്ഥിതിയെ മലിനമാക്കുകയും അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

ഇവിടെ ഘടനാപരമായ അനീതി പ്രകടമാണ്. ഏറ്റവും കുറവ് ഉപയോഗിക്കുന്നവർ, ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നവരുടെ അമിതത്വത്തിന്റെ ദുരിതം ഏറ്റെടുക്കേണ്ട ഗതികേട്. ജാവയിലെ ഗ്രാമങ്ങളിൽ ആളുകൾ ഇറക്കുമതി ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ച് ഭക്ഷണം പാകം ചെയ്യുന്നതും, ഘാനയിലെ അഗ്ബോഗ്ബ്ലോഷിയിൽ കുട്ടികൾ ഇ‑മാലിന്യം കൈകാര്യം ചെയ്യുന്നതും മനുഷ്യന്റെ നിസഹായതയെ ചൂഷണം ചെയ്യുന്നതാണ്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും കപ്പൽ പൊളിക്കൽ കേന്ദ്രങ്ങളിലെ തൊഴിലാളികളുടെ അവസ്ഥയും വേറിട്ടതല്ല.
അതേസമയം പ്ലാസ്റ്റിക്, ഇലക്ട്രോണിക്സ് പോലുള്ള വ്യവസായങ്ങൾ ഈ പ്രശ്നം രൂക്ഷമാക്കുന്നു. ആഗോള പുനരുപയോഗ ശേഷിയെക്കാൾ വേഗത്തിൽ പ്ലാസ്റ്റിക് ഉല്പാദനം വർധിച്ചുകൊണ്ടിരിക്കുന്നു. പ്രതിവർഷം 24 മുതൽ 34 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ജല ആവാസവ്യവസ്ഥയിൽ എത്തുന്നു. അതിവേഗം വളരുന്ന മാലിന്യങ്ങളായ ലെഡ്, മെർക്കുറി പോലുള്ള വിഷവസ്തുക്കൾ അടങ്ങിയിരിക്കുന്ന ഇ‑മാലിന്യം കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ഇരട്ടിയിലധികമായി. ഇത് ഗുരുതരമായ അപകടങ്ങൾ സൃഷ്ടിക്കുന്നു.
അന്താരാഷ്ട്ര നിയമങ്ങളെ, പ്രത്യേകിച്ച് ബേസൽ കൺവെൻഷനെ, അംഗീകരിക്കാത്ത അമേരിക്കൻ നിലപാട് തങ്ങളുടെ മാലിന്യങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ ദരിദ്ര രാജ്യങ്ങളിലേക്ക് തള്ളാൻ വികസിത രാജ്യങ്ങൾക്ക് പ്രേരണയായി. ദുർബല രാജ്യങ്ങളെ ചൂഷണം ചെയ്യുന്ന പാശ്ചാത്യ മനോഭാവത്തെയാണ് ഇത് തുറന്നുകാട്ടുന്നത്. എന്നിരുന്നാലും, ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നും മാലിന്യം ഉല്പാദിപ്പിക്കപ്പെടുന്ന സ്ഥലങ്ങളിൽ തന്നെ അത് സംസ്കരിക്കുക, ശക്തമായ നിയമങ്ങൾ നടപ്പാക്കുക, ജനപങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ ഈ ദുരവസ്ഥ മാറ്റിയെടുക്കാൻ കഴിയുമെന്നും ക്ലാപ്പ് പ്രത്യാശിക്കുന്നുണ്ട്.

മാലിന്യ പ്രശ്നം കേവലം സാങ്കേതികമോ, പരിസ്ഥിതിപരമോ ആയ വിഷയമല്ല. മറിച്ച് അത് രാഷ്ട്രീയവും സാമൂഹിക നീതിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഒരിക്കലും നിഷ്പക്ഷമല്ല എന്ന് പരിസ്ഥിതി പ്രവർത്തകർ ആവർത്തിച്ച് ചൂണ്ടിക്കാട്ടാറുമുണ്ട്. സർക്കാരുകളും പ്രാദേശിക അധികാരികളും മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നത് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലാണ്. മാലിന്യത്തിന്റെ രാഷ്ട്രീയത്തിൽ വർഗീയതയും ദാരിദ്ര്യവും ചേർന്നുണ്ടാക്കുന്ന അനീതികൾ ലോകമെമ്പാടും അതിരുകളില്ലാതെ തന്നെ പ്രകടമാണ്.

മാലിന്യ വിഷയത്തിൽ ജനങ്ങളുടെ സമീപനത്തിലും വൈരുദ്ധ്യം കാണാം. ഒരുവശത്ത് മാലിന്യം കുറയ്ക്കണമെന്നും പുനരുപയോഗിക്കണമെന്നും ശക്തമായി വാദിക്കുന്നവർ, മറുവശത്ത് അതുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ തങ്ങളുടെ പ്രദേശത്ത് വരുന്നതിനെ എതിർക്കുകയാണ് ചെയ്യുന്നത്. ബോധവല്‍ക്കരണം ഉയർന്നിട്ടും മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിവയ്ക്കുന്നു. പുറന്തള്ളുന്ന ഓരോ മാലിന്യവും ഭൂമിയുടെ കോണിലെവിടെയോ ഉള്ള ഒരു നിസ്വന്റെ സ്വപ്നങ്ങളുടെയും ജീവന്റെയും വിലയുള്ളതാകാം. എക്കാലവും ഉപഭോഗ സംസ്കാരത്തിന്റെ നുകം ചുമക്കുന്നത് ഇവർ മാത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.