15 November 2024, Friday
KSFE Galaxy Chits Banner 2

Related news

December 16, 2023
November 4, 2023
September 1, 2023
August 29, 2023
March 14, 2023
May 22, 2022
April 28, 2022
November 19, 2021

മാലിന്യമുക്തം നവകേരളം കാമ്പയിന്‍: തീം സോങ് പ്രകാശനം ചെയ്തു

Janayugom Webdesk
November 4, 2023 6:43 pm

മാലിന്യമുക്തം നവകേരളം കാമ്പയിന് കരുത്ത് പകരുന്ന ‘നമ്മളാണ് മാറ്റം’ തീം സോങ്ങിന്‍റെ പ്രകാശനം തദ്ദേശ സ്വയംഭരണ ‑എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. കേരളീയം പരിപാടിയുടെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിനാറിലാണ് തീം സോങ്ങ് പ്രകാശനം ചെയ്തത്. കേരള ഖരമാലിന്യ പരിപാലന പദ്ധതിയും ശുചിത്വ മിഷനും സംയുക്തമായി തയ്യാറാക്കിയ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള തീം സോങ് മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്.

കേരളത്തിലെ ഹരിതകര്‍മ സേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, മാലിന്യമുക്തം നവകേരളം കാമ്പയിനിന്‍റെ ലക്ഷ്യങ്ങള്‍, സാധ്യതകള്‍ തുടങ്ങിയവ തീം സോങ്ങിന്‍റെ ദൃശ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഥാസ് അണ്‍ടോള്‍ഡിന്‍റെ ബാനറില്‍ വിഷ്ണു വേണു സംവിധാനം ചെയ്ത തീം സോങ്ങിന്‍റെ വരികള്‍ അദ്രി ജോയുടേതാണ്. അശ്വിന്‍ റാം സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം ജോബ് കുര്യന്‍, സിതാര കൃഷ്ണകുമാര്‍, മധുവന്തി നാരായണ്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. ‘മാറേണ്ടത് ഞാനല്ലേ മാറ്റേണ്ടത് ഞാനെന്നെ’ എന്ന് തുടങ്ങുന്ന വരികള്‍ മാലിന്യ സംസ്കരണത്തില്‍ പുതിയ സംസ്കാരം രൂപപ്പെടുത്തുന്നതില്‍ നാം സ്വയം മാറേണ്ടതിന്‍റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.

മാലിന്യമുക്തം നവകേരളത്തിനായി 8000 ലധികം പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്നുണ്ടെന്നും 2024 മാര്‍ച്ചോടെ മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനാകുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫലപ്രദമായ പ്രവര്‍ത്തനങ്ങളിലൂടെ മാലിന്യപ്രശ്നം മൂലമുള്ള വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാന്‍ കഴിയും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ റേറ്റിംഗ്, സോഷ്യല്‍ ഓഡിറ്റിംഗ് എന്നിവ കൊണ്ടുവരും. തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ഗുണമേന്‍മയോടെ ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ്പ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 2024 ജനുവരിയോടെ കൊണ്ടു വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്‍റെ പ്രതിസന്ധി ഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സാമ്പത്തിക സാമൂഹ്യ മാറ്റത്തിന്‍റെ ചാലകശക്തിയായി പ്രവര്‍ത്തിച്ചെന്നും മന്ത്രി പറഞ്ഞു. സുശക്തമായ പ്രാദേശിക സര്‍ക്കാരുകളുടെ ഫലപ്രദമായ പ്രവര്‍ത്തനങ്ങളുടെ ദൃഢമായ അടിത്തറയുള്ളതു കൊണ്ടാണ് കേരളത്തിലുണ്ടായ പ്രളയം, കൊവിഡ് ദുരന്തങ്ങള്‍ക്ക് പരിഹാരം കാണാനായത്. പ്രാദേശിക സാമ്പത്തിക വികസനത്തിലൂടെ സംരംഭകത്വം, നൂതന ആശയങ്ങള്‍ക്ക് അവസരമൊരുക്കല്‍, നൈപുണ്യ വര്‍ധനവ്, തൊഴില്‍-വരുമാന ലഭ്യത എന്നിവയ്ക്ക് പ്രാദേശിക സര്‍ക്കാരുകള്‍ ലക്ഷ്യമിടുന്നു. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ സമ്പദ് ഉത്പാദനത്തില്‍ നേരിട്ട് ഇടപെടാന്‍ കഴിയുന്ന വിധം പ്രാദേശിക സര്‍ക്കാരുകളെ മാറ്റുക എന്നത് സര്‍ക്കാരിന്‍റെ പ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സെമിനാറിനോടനുബന്ധിച്ച് മാലിന്യമുക്തം നവകേരളം പ്രതിജ്ഞ മന്ത്രി ചൊല്ലിക്കൊടുത്തു. മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍, മുന്‍മന്ത്രി ടി.എം. തോമസ് ഐസക്, ചീഫ് സെക്രട്ടറി ഡോ. വേണു വി., തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, കെഎസ് ഡബ്ല്യുഎംപി പ്രൊജക്ട് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

Eng­lish Sum­ma­ry: Garbage-free New Ker­ala Cam­paign: Theme song released

You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.