22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 20, 2024
September 14, 2024
August 19, 2024
August 16, 2024
July 25, 2024
July 22, 2024
July 15, 2024
July 9, 2024
June 22, 2024

ഗേറ്റ് 2025 ഫെബ്രുവരി ഒന്ന് മുതല്‍

Janayugom Webdesk
September 14, 2024 12:04 pm

രാജ്യത്തെ മികവുറ്റ സ്ഥാപനങ്ങളിൽ സ്കോളർഷിപ്പോടെ ഉപരിപഠനാവസരവും നിരവധി പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിലവസരവും വാഗ്ദാനം ചെയ്യുന്ന ദേശീയ യോഗ്യതാ പരീക്ഷയാണ് ഗേറ്റ് (GATE — ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എന്‍ജിനീയറിങ്). ഫെബ്രുവരി 1, 2, 15, 16 തീയതികളിലാണ് പരീക്ഷ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരുവിനോടൊപ്പം ഏഴ് ഐഐടികൾ (ബോംബെ, ഡൽഹി, ഗുവാഹട്ടി, കാൺപൂർ, ഖരക്പൂർ മദ്രാസ്, റൂർക്കി) ചേർന്നുള്ള നാഷണൽ കോഓർഡിനേഷൻ ബോർഡാണ് പരീക്ഷ നടത്തുന്നത്. ഐഐടി റൂർക്കിക്കാണ് സംഘാടന ചുമതല. എൻജിനീയറിങ്, ടെക്നോളജി, സയൻസ്, ആർക്കിടെക്ചർ, കൊമേഴ്സ്, ആർട്സ് , ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ മാസ്റ്റേഴ്സ് / ഡയറക്ട് ഡോക്ടറൽ /ഡോക്ടറൽ പ്രോഗ്രാമുകളുടെ പ്രവേശനത്തിനും സ്കോളർഷിപ്പുകൾ ലഭിക്കാനും ഗേറ്റ് സ്കോർ ആവശ്യമാണ് . കേന്ദ്ര സർക്കാരിന്റെ ഗ്രൂപ്പ് ‘എ’ തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിനും ഗേറ്റ് സ്കോർ പരിഗണിക്കാറുണ്ട്. മൂന്നു വർഷമാണ് സ്കോറിന്റെ കാലാവധി. 

യോഗ്യത
എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ, സയൻസ്, ഹ്യുമാനിറ്റീസ് എന്നിവയിലെ ബിരുദധാരികൾക്കും മൂന്നാം വർഷമെങ്കിലും പഠിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. എത്ര തവണ വേണമെങ്കിലും പരീക്ഷയെഴുതാം.
30 പേപ്പറുകൾ
എയറോസ്പേസ് എൻജിനീയറിങ്, അഗ്രിക്കൾച്ചറൽ എൻജിനീയറിങ്, ആർക്കിടെക്ചർ ആന്റ് പ്ലാനിങ്, ബയോമെഡിക്കൽ എൻജിനീയറിങ്, ബയോടെക്നോളജി, സിവിൽ എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി, കെമിസ്ട്രി, ഡാറ്റാ സയൻസ് & എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, എൻവയോൺമെന്റൽ സയൻസ് ആന്റ് എൻജിനീയറിങ്, ഇക്കോളജി ആന്റ് ഇവല്യൂഷൻ, ജിയോ മാറ്റിക്സ് എന്‍ജിനീയറിങ്, ജിയോളജി ആന്റ് ജിയോഫിസിക്സ്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, മൈനിങ് എൻജിനീയറിങ്, മെറ്റല്ലർജിക്കൽ എൻജിനീയറിങ്, നേവൽ ആർക്കിടെക്ചർ ആന്റ് മറൈൻ എന്‍ജിനീയറിങ്, പെട്രോളിയം എൻജിനീയറിങ്, ഫിസിക്സ്, പ്രൊഡക്ഷൻ ആന്റ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്, സ്റ്റാറ്റിസ്റ്റിക്സ്, ടെക്‌‌സ്റ്റൈയിൽ എൻജിനീയറിങ് ആന്റ് ഫൈബർ സയൻസ്, എൻജിനീയറിങ് സയൻസസ്, ഹ്യൂമാനിറ്റീസ് ആന്റ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ് എന്നീ 30 വിഷയങ്ങളിലാണ് പരീക്ഷ. വിശദമായ സിലബസ് വെബ്സൈറ്റിൽ ലഭ്യമാണ് (gate2025.iitr.ac.in).
ഓൺലൈൻ പരീക്ഷ
ഓൺലൈൻ രീതിയിലുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. 100 മാർക്കിന്റെ മൂന്ന് മണിക്കൂർ പരീക്ഷ. 15 മാർക്കിന്റെ ജനറൽ ആപ്റ്റിറ്റ്യൂഡ് ചോദ്യങ്ങളുണ്ടാകും. തിരഞ്ഞെടുത്ത വിഷയങ്ങളിൽ മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ സെലക്ട്, ന്യൂമെറിക്കൽ ആൻസർ ടൈപ്പ് എന്നിങ്ങനെ മൂന്നു തരം ചോദ്യങ്ങളുണ്ടാകും. മൾട്ടിപ്പിൾ ചോയ്സ് വിഭാഗത്തിൽ ഉത്തരം തെറ്റിയാൽ മാർക്ക് നഷ്ടപ്പെടും.
ഒരു വിദ്യാർത്ഥിക്ക് രണ്ട് പരീക്ഷ വരെ എഴുതാം.
രണ്ടെണ്ണമെഴുതുന്നവർ നിർദിഷ്ട കോമ്പിനേഷനുകളിൽ നിന്ന് വിഷയങ്ങൾ തിരഞ്ഞെടുക്കണം. തിരഞ്ഞെടുക്കാവുന്ന കോമ്പിനേഷനുകളുടെ പട്ടിക വെബ്സൈറ്റിലുണ്ട്. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും സൈറ്റിൽ ലഭ്യമാണ്. ഗേറ്റ് യോഗ്യത നേടിയതിന് ശേഷം പ്രവേശനമാഗ്രഹിക്കുന്ന സ്ഥാപനങ്ങളിൽ പ്രത്യേകം അപേക്ഷ നൽകണം.
പരീക്ഷാ കേന്ദ്രങ്ങൾ
ഇന്ത്യയിൽ വിവിധ സോണുകളിലായി നിരവധി പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ ഐഐഎസ്‌സി ബംഗളൂരു സോണിൽ അങ്കമാലി, കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, പയ്യന്നൂർ, തൃശൂർ, വടകര, വയനാട് എന്നിവയും ഐഐടി മദ്രാസ് സോണിൽ ആലപ്പുഴ, ആലുവ, ആറ്റിങ്ങൽ, ചെങ്ങന്നൂർ, കാഞ്ഞിരപ്പള്ളി, കൊല്ലം, കോതമംഗലം, കോട്ടയം, മൂവാറ്റുപുഴ, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളുമുണ്ട് . ഒരേ സോണിലെ മൂന്ന് പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം. വിദേശത്ത് കേന്ദ്രങ്ങളില്ല.
അപേക്ഷ 26 വരെ
goaps.iitr.ac.in വഴി ഈ മാസം 26 വരെ അപേക്ഷിക്കാം. 500 രൂപ പിഴയോടെ ഒക്ടോബർ ഏഴ് വരെയും അപേക്ഷിക്കാം. ഒരു പേപ്പറെഴുതാൻ 1800 രൂപയാണ് ഫീസ്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 900 രൂപ മതി.
ഗേറ്റ് വഴി ജോലിയും
ഗേറ്റ് സ്കോർ പരിഗണിച്ച് നിയമനം നൽകുന്ന നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുണ്ട്. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL), ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (BSNL), കോൾ ഇന്ത്യ ലിമിറ്റഡ് (CIL), സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS), ചെനാബ് വാലി പവർ പ്രോജക്ട്‌സ് ലിമിറ്റഡ് (CVPPL), ദാമോദർ വാലി കോർപ്പറേഷൻ (DVC), ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ECIL), എന്‍ജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് (EIL), ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (GAIL), ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (IOCL), മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് (MDSL), നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO), നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ (NHAI), നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷൻ ഇന്ത്യ ലിമിറ്റഡ് (NLCIL), നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപറേഷൻ (NMDC), ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL), നാഷണൽ തെർമൽ പവർ കോർപറേഷൻ (NTPC), ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ (ONGC), പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ (PGCIL), പവർ സിസ്റ്റം ഓപ്പറേഷൻ കോർപറേഷൻ ലിമിറ്റഡ് (POSOCO), രാഷ്ട്രീയ ഇസ്പത് നിഗം ​​ലിമിറ്റഡ് (RINL) തുടങ്ങിയവ ഉദാഹരണങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.