ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെയും യുക്തിവാദി എം എം കൽബുർഗിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വൻ സ്വീകരണം നല്‍കി തീവ്രഹിന്ദു സംഘടനയായ ശ്രീരാമസേന. അമിത് ബഡ്ഡി, ഗണേഷ് മിസ്കിൻ എന്നിവര്‍ക്കാണ് ജന്മനാടായ ഹുബ്ബള്ളിയില്‍ സ്വീകരണം നല്‍കിയത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് പ്രതികള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. തുടര്‍ന്ന് ഈമാസം രണ്ടിന് നാട്ടിലെത്തിയ പ്രതികളെ പടക്കം പൊട്ടിച്ചും പൂമാലകളും കാവി ഷാളുകളും നല്‍കി സ്വീകരിക്കുകയായിരുന്നു. സ്വീകരണ പരിപാടികളുടെ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്. തുലജ ഭവാനി ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സ്വീകരണ പരിപാടികള്‍. ക്ഷേത്ര മതിലുകളില്‍ ‘ഹിന്ദു വ്യാഘ്രം’ എന്ന പേരില്‍ പ്രതികളുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകളും പതിച്ചിരുന്നു.
ഇതേ കേസില്‍ ഒക്ടോബർ 11 ന് ജയില്‍ മോചിതരായ പരശുറാം വാഗ്മോർ, മനോഹർ യാദവ് എന്നിവര്‍ക്കും ജന്മനാടായ വിജയപുരയില്‍ വൻ സ്വീകരണം ഹിന്ദു സംഘടനാ പ്രവർത്തകർ ഒരുക്കിയിരുന്നു. ശ്രീരാമ സേന നേതാവായ ഉമേഷ് വന്ദൽ ആയിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. ഗൗരി ലങ്കേഷ് വധക്കേസിലെ മറ്റൊരു പ്രതിയായ ശ്രീകാന്ത് പങ്കാർക്കറെ 2024 ഒക്ടോബർ 19 ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയില്‍ ചേര്‍ന്നിരുന്നു. ഇത് വിവാദമായതോടെ ഷിൻഡെ തന്നെ ഇയാളെ മാറ്റുകയായിരുന്നു.
ഹിന്ദുത്വ സംഘടനകള്‍ കൊലയാളികളെ ആദരിക്കുന്ന സംഭവങ്ങള്‍ ഇതാദ്യമല്ല നടക്കുന്നത്. നേരത്തെ ബിൽക്കീസ് ബാനു കേസിലെ പ്രതികള്‍ക്ക് സ്വീകരണം നല്‍കിയതും വലിയ വാര്‍ത്തയായിരുന്നു. 2017 സെപ്റ്റംബര്‍ അഞ്ചിന് ജോലി കഴിഞ്ഞ് മടങ്ങിയ ഗൗരിയെ വെസ്റ്റ് ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിനു മുമ്പില്‍വച്ചാണ് മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേര്‍ വെടിവച്ചത്. രണ്ട് വെടിയുണ്ടകള്‍ അവരുടെ നെഞ്ചിലും മറ്റൊന്ന് പിന്‍വശത്തും കൊണ്ടു. ഗൗരി ലങ്കേഷിന്റെ കൊലപാതകം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. ഒരു വര്‍ഷം കൊണ്ട് തന്നെ പ്രത്യേക അന്വേഷണ സംഘം കേസിലെ 17 പ്രതികളെയും പിടികൂടി. എന്നാല്‍ കൊലപാതകം നടന്ന് ഏഴ് വര്‍ഷം പിന്നിട്ടിട്ടും കേസിന്റെ വിചാരണ അവസാനിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.