
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകുമെന്ന പ്രതീക്ഷയില്‍ ഇസ്രയേല്‍, ഹമാസ് പ്രതിനിധികളുടെ ചര്‍ച്ച ആരംഭിച്ചു. ഈജിപ്തിലെ റിസോർട്ടായ ഷാം എൽ‑ഷെയ്ക്കിൽ വെച്ചാണ് പരോക്ഷ ചർച്ചകൾ നടക്കുക. റോൺ ഡെർമറുടെ നേതൃത്വത്തിലുള്ള ഇസ്രായേൽ പ്രതിനിധി സംഘം കെയ്റോയിലെത്തിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് പ്രതിനിധി സംഘം ഞായറാഴ്ച എത്തിയിരുന്നു. ഇസ്രയേൽ സൈന്യത്തെ ഭാഗികമായി പിൻവലിക്കുന്നതും തടങ്കലിൽ കഴിയുന്ന പലസ്തീൻ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി ഗാസയിൽ ബന്ദികളാക്കുന്നവരെ മോചിപ്പിക്കുന്നതും ഉൾപ്പെടെയുള്ള വെടിനിർത്തലിന്റെ ആദ്യ ഘട്ടത്തിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
യുഎസ് പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ എന്നിവരും ചർച്ചകളിൽ പങ്കെടുക്കുമെന്ന് ഈജിപ്തിലെ സർക്കാർ ഉടമസ്ഥതയിലുള്ള അൽ-അഹ്‌റാം വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. യുഎസ് സമാധാന പദ്ധതിയുടെ ചില ഘടകങ്ങൾ ഹമാസ് അംഗീകരിച്ചതിന് ശേഷമാണ് പുതിയ നീക്കം. പദ്ധതി പ്രകാരം, ഹമാസ് ബാക്കിയുള്ള 48 ബന്ദികളെ മൂന്ന് ദിവസത്തിനുള്ളിൽ മോചിപ്പിക്കും. അധികാരം ഉപേക്ഷിക്കുകയും ആയുധം ഉപേക്ഷിക്കുകയും ചെയ്യും. എന്നാല്‍ ഭരണം കെെമാറാമെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും സംഘടനയുടെ നിരായുധീകരണത്തെ സംബന്ധിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്താൻ കൂടുതൽ സമയം ആവശ്യമായി വരുമെന്ന് ചില ഹമാസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബന്ദികളെ മോചിപ്പിക്കണമെങ്കിൽ ഗാസയിൽ ഇസ്രയേൽ നടത്തുന്ന കനത്ത ബോംബാക്രമണം അവസാനിപ്പിക്കേണ്ടതുണ്ട്. ആക്രമണം അവസാനിപ്പിക്കണമെന്ന ട്രംപിന്റെ ആഹ്വാനമാണ് പ്രധാനമായും പാലിക്കുന്നതെന്ന് ഇസ്രയേൽ പറയുന്നു. ഇതിന്റെ ഭാഗമായി ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് സെെന്യം പ്രഖ്യാപിച്ചു, ശനിയാഴ്ച രാത്രി മുതൽ ഡസൻ കണക്കിന് പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും, സൈനികരെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ ആക്രമണങ്ങളാണ് നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.