
യുഎസ് നേതൃത്വത്തിലുള്ള “ബോർഡ് ഓഫ് പീസ്” ചാർട്ടറിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ മറ്റ് സ്ഥാപക അംഗങ്ങളുമായി ചേര്‍ന്നാണ് ട്രംപ് ചാര്‍ട്ടറില്‍ ഒപ്പുവച്ചത്. ലോകം ഒരു വർഷം മുമ്പുള്ളതിനേക്കാൾ സമ്പന്നവും സുരക്ഷിതവും സമാധാനപരവുമാണെന്ന് ട്രംപ് അവകാശപ്പെട്ടു. ലോക ചരിത്രത്തിൽ ഇതുവരെ സൃഷ്ടിക്കപ്പെട്ടതിൽ വച്ച് ഏറ്റവും ഫലപ്രദമായ സംഘടനകളിൽ ഒന്നായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. ചാർട്ടർ പൂര്‍ണമായും പ്രാബല്യത്തിൽ വന്നുവെന്നും സമാധാന ബോർഡ് നിലവില്‍ ഔദ്യോഗിക അന്താരാഷ്ട്ര സംഘടനയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. ട്രംപ് ചെയർമാനും യുഎസ് പ്രതിനിധിയും ആയിരിക്കും. എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളെ നിയമിക്കാനും അനുബന്ധ ബോഡികൾ സൃഷ്ടിക്കാനോ പിരിച്ചു വിടാനോ ട്രംപിന് അധികാരം ഉണ്ടായിരിക്കും. ഗാസയുടെ പുനർനിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നതിനാണ് വിഭാവനം ചെയ്തതെങ്കിലും ചാർട്ടറിന്റെ കരടില്‍ ബോര്‍ഡിന്റെ പങ്ക് പലസ്തീൻ പ്രദേശത്ത് മാത്രമായി പരിമിതപ്പെടുത്തുന്നതായി വ്യക്തമാക്കുന്നില്ല. യുഎഇ, ബഹ്‌റൈൻ, അൽബേനിയ, അർമേനിയ, അസർബൈജാൻ, ബെലാറസ്, ഹംഗറി, കസാക്കിസ്ഥാൻ, മൊറോക്കോ, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ ചാര്‍ട്ടറില്‍ ഒപ്പുവച്ചു. സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, ജോർദാൻ, ഇന്തോനേഷ്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങള്‍ ട്രംപിന്റെ ക്ഷണം സ്വീകരിച്ചിരുന്നു.
ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യുകെ വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. ഫ്രാൻസ്, നോർവേ, സ്വീഡൻ, സ്ലോവേനിയ തുടങ്ങിയ രാജ്യങ്ങളും അംഗമാകാന്‍ വിസമ്മതിച്ചിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രംപിന്റെ ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, അപ്പോളോ ഗ്ലോബൽ മാനേജ്മെന്റ് സിഇഒ മാർക്ക് റോവൻ, ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ട്രംപിന്റെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഗബ്രിയേൽ എന്നിവരാണ് എക്സിക്യൂട്ടീവ് ബോർഡിലെ അംഗങ്ങൾ. സഹായ വിതരണത്തിൽ ഗണ്യമായ വർദ്ധനവ്, വെള്ളം, വൈദ്യുതി, മലിനജല സംവിധാനങ്ങൾ തുടങ്ങിയ അവശ്യ അടിസ്ഥാന സൗകര്യങ്ങളുടെ പുനരധിവാസം, ആശുപത്രികളുടെയും ബേക്കറികളുടെയും പുനർനിർമ്മാണം എന്നിവ ഉൾപ്പെടെയുള്ള അടുത്ത 100 ദിവസത്തേക്കുള്ള പദ്ധതി ജാരെഡ് കുഷ്‌നർ അവതരിപ്പിച്ചു. ഐക്യരാഷ്ട്ര സഭയ്ക്ക് സമാന്തരമായി സമാധാന ബോര്‍ഡിനെ വളര്‍ത്തിയെടുക്കാനുള്ള ട്രംപിന്റെ ഗൂഢലക്ഷ്യമാണ് രാജ്യങ്ങളുടെ എതിര്‍പ്പിനു പിന്നില്‍. പശ്ചിമേഷ്യയിലും ലോകമെമ്പാടുമുള്ള മറ്റ് പ്രധാന നയതന്ത്ര പ്രശ്‌നങ്ങളിലും ഇടപെടാന്‍ ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള മറ്റ് സംഘടനകളുമായി ചേര്‍ന്ന് സമാധാന ബോര്‍ഡ് പ്രവര്‍ത്തിക്കുമെന്നാണ് ട്രംപ് പറയുന്നത്. ഗാസയിലെ പലസ്തീനികൾ സമാധാന ബോര്‍ഡിനെ അനുകൂലിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂർണ്ണമായും അഭിസംബോധന ചെയ്യേണ്ട അവകാശങ്ങളുള്ള ആളുകളായിട്ടല്ല, മറിച്ച് കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്നമായിട്ടാണ് ചർച്ച ചെയ്യുന്നതെന്ന് തോന്നല്‍ പലസ്തീനികള്‍ക്കിടയിലുണ്ടെന്ന് അൽ ജസീറ റിപ്പോര്‍ട്ടര്‍ താരിഖ് അബു അസൂം പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.