22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 22, 2026
January 20, 2026
January 19, 2026
January 16, 2026
January 13, 2026
January 10, 2026
January 6, 2026
January 2, 2026

ഈജിപ്തില്‍ ഗാസ സമാധാന ഉച്ചകോടി; 20ലധികം നേതാക്കള്‍ പങ്കെടുക്കും

ഗാസയിലേക്കുള്ള മാനുഷിക സഹായം പുനരാരംഭിക്കുന്നു
Janayugom Webdesk
കെയ്റോ
October 12, 2025 7:20 pm

ഈജിപ്തില്‍ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ‑സിസിയും അധ്യക്ഷത വഹിക്കും. ഈജിപ്തിലെ ചെങ്കടൽ റിസോർട്ട് നഗരമായ ഷാം എൽ‑ഷൈഖിൽ ഇന്ന് നടക്കുന്ന ഉച്ചകോടിയില്‍ 20ലധികം രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കുമെന്ന് അല്‍ സിസി അറിയിച്ചു. ഗാസ മുനമ്പിലെ യുദ്ധം അവസാനിക്കുക, പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും കെെവരിക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കുക, പ്രാദേശിക സുരക്ഷയുടെയും സ്ഥിരതയുടെയും പുതിയ യുഗത്തിന് തുടക്കം കുറിക്കുക എന്നിവയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, യുകെ പ്രധാനമന്ത്രി കെയ‍്ര്‍ സ്റ്റാര്‍മര്‍, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണ്‍ എന്നിവർ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈജിപ്തിലെത്തുമോ എന്നതില്‍ വ്യക്തതയില്ല. ഹമാസ് പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഷാം എൽ‑ഷെയ്ക്കിൽ നടന്ന പരോക്ഷമായ ചർച്ചകൾക്ക് ശേഷം ഇസ്രായേലും ഹമാസും വെടിനിർത്തലിനും തടവുകാരെ കൈമാറുന്നതിനുള്ള കരാറിലും ധാരണയിലെത്തിയതിനെ തുടർന്നാണ് ഉച്ചകോടി സംഘടിപ്പിച്ചത്. ഈജിപ്ത്, ഖത്തർ, തുർക്കി എന്നിവരുടെ മധ്യസ്ഥതയിൽ അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവർ പങ്കെടുത്ത ചർച്ചകളാണ് വെടിനിർത്തലിലേക്കുള്ള വഴിതുറന്നത്.

ഗാസയിലേക്കുള്ള മാനുഷിക സഹായം പുനരാരംഭിക്കുന്നു

വെടിനിര്‍ത്തല്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള നീക്കവുമായി അന്താരാഷ്ട്ര മാനുഷിക സംഘടനകള്‍. ഇസ്രയേലില്‍ നിന്ന് ഗാസയിലേക്കുള്ള എല്ലാ അതിര്‍ത്തികളും തുറക്കണമെന്ന് യുനിസെഫ് ആവശ്യപ്പെട്ടു. ഗാസയിലെ ഓരോ പലസ്തീനിക്കും മൂന്ന് മാസത്തേക്ക് ഭക്ഷണം നൽകാൻ ആവശ്യമായ സാധനങ്ങള്‍ സംഭരിച്ചിട്ടുണ്ടെന്ന് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി പറഞ്ഞു. സഹായ വിതരണം ക്ഷാമ വ്യാപനം നിയന്ത്രിക്കുന്നില്‍ അത്യന്താപേക്ഷിതമാണെന്ന് അഭയാര്‍ത്ഥി ഏജന്‍സി കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജൂലിയറ്റ് ടൗമ വ്യക്തമാക്കി.
ജോർദാൻ, ഈജിപ്ത് തുടങ്ങിയ അയൽരാജ്യങ്ങളിൽ പതിനായിരക്കണക്കിന് ടൺ സാധനങ്ങൾ എത്തിച്ചിട്ടുണ്ട്. കരാറിന്റെ ആദ്യ ഘട്ടത്തിലെ വ്യവസ്ഥകൾ പ്രകാരം, ഒരു ദിവസം ഏകദേശം 600 ട്രക്കുകള്‍ ഗാസയിലേക്ക് കടത്തിവിടും. ഗാസ മുനമ്പിലേക്കുള്ള സഹായ വിതരണവും പ്രവേശനവും ഇടപെടലില്ലാതെ തുടരണമെന്ന ട്രംപിന്റെ 20 ഇന പദ്ധതിയിൽ ഇസ്രയേൽ ഇനി ഉറച്ചുനിൽക്കുമെന്ന് സഹായ ഏജൻസികൾ പ്രതീക്ഷിക്കുന്നു. ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റാഫ ക്രോസിങ് ചൊവ്വാഴ്ച വീണ്ടും തുറക്കുമെന്ന് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ശനിയാഴ്ച പറഞ്ഞു. കഴിഞ്ഞ വര്‍ഷം റാഫ ക്രോസിങ്ങിന്റെ നിയന്ത്രണം ഇസ്രയേല്‍ ഏറ്റെടുത്തിരുന്നു. മാനുഷിക സഹായത്തിൽ ഐക്യരാഷ്ട്രസഭ വീണ്ടും സജീവമാകുന്നതോടെ യുഎസിന്റെയും ഇസ്രയേലിന്റെയും പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കും.

ഇസ്രയേല്‍ സെെന്യം പിന്‍വാങ്ങിയതോടെ പതിനായിരക്കണക്കിന് പലസ്തീനികൾ മടങ്ങിയെത്താന്‍ തുടങ്ങിയിട്ടുണ്ട്. സിവിൽ ഡിഫൻസ് ഏജൻസിയുടെ കണക്കനുസരിച്ച്, വെടിനിർത്തലിന് ശേഷം 5,00,000ത്തിലധികം ആളുകൾ ഗാസ സിറ്റിയിലേക്ക് തിരികെയത്തി. ഇസ്രായേലി സൈനിക പുനർവിന്യാസം നിരീക്ഷിക്കാൻ ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ശനിയാഴ്ച ഗാസയിൽ എത്തിയതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേലി ആർമി റേഡിയോ റിപ്പോർട്ട് ചെയ്തു. എന്നാല്‍ യുഎസിന്റെയോ മധ്യസ്ഥ രാജ്യങ്ങളുടെയോ സമ്മര്‍ദം തുടര്‍ന്നില്ലെങ്കില്‍ കരാർ തകരുമോ എന്ന ആശങ്കയുണ്ട്. ശനിയാഴ്ച പുലർച്ചെ ലെബനനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണം പുതിയ അക്രമങ്ങൾ ഉണ്ടാകുമെന്ന ആശങ്കയ്ക്ക് കാരണമായി. ഹിസ്ബുള്ളയുടെ യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
കരാർ പ്രകാരം, വെടിനിർത്തൽ ആരംഭിച്ച് 72 മണിക്കൂറിനുള്ളിൽ, അതായത് ഇന്ന് രാവിലെ, ഗാസയിലെ എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കാൻ ഹമാസ് ബാധ്യസ്ഥരാണ്. ഇസ്രായേൽ ജയിലുകളിൽ ദീർഘകാല തടവ് അനുഭവിക്കുന്ന 250 പലസ്തീനികളെയും യുദ്ധസമയത്ത് പിടിക്കപ്പെടുകയും കുറ്റം ചുമത്താതെ തടവിലാക്കപ്പെടുകയും ചെയ്ത 1,700 മറ്റ് പലസ്തീനികളെയുമാണ് ഇസ്രയേൽ മോചിപ്പിക്കുക. മോചിതരാകുന്നതിന് മുന്നോടിയായി നിരവധി തടങ്കൽ കേന്ദ്രങ്ങളിൽ നിന്ന് രണ്ട് ജയിലുകളിലേക്ക് തടവുകാരെ മാറ്റാൻ തുടങ്ങിയതായി ഇസ്രയേല്‍ ജയിൽ സർവീസ് അറിയിച്ചു.

 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.