
ഇസ്രായേൽ ആക്രമണത്തിൽ ഗാസക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂറോപ്പിൽ പതിനായിരങ്ങൾ അണിനിരന്നു. യുകെ, ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലാണ് വൻ പ്രതിഷേധ റാലികൾ നടന്നത്. സ്പെയിനിലെ ബാഴ്‌സലോണയിലും മാഡ്രിഡിലുമായി നടന്ന പ്രതിഷേധ റാലികളിൽ 70,000ത്തിലധികം പേർ പങ്കെടുത്തതായി ബാഴ്‌സലോണ ടൗൺ ഹാൾ അറിയിച്ചു. ഫലസ്തീൻ പതാകകൾ ഏന്തിയും ‘ഗാസ എന്നെ വേദനിപ്പിക്കുന്നു’, ‘വംശഹത്യ അവസാനിപ്പിക്കൂ’, ‘ഫ്ലോട്ടിലയെ മോചിപ്പിക്കൂ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയുമായിരുന്നു പ്രതിഷേധം. ഗാസയിലേക്കുള്ള സഹായവുമായി പോയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയെ ഇസ്രായേൽ തടഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു റാലി. ഈ സംഭവത്തിൽ ഇസ്രായേൽ കസ്റ്റഡിയിലെടുത്ത 450ലേറെ ആക്ടിവിസ്റ്റുകളിൽ മുൻ ബാഴ്‌സലോണ മേയർ ഉൾപ്പെടെ 40ലധികം സ്പെയിൻകാരും ഉൾപ്പെടുന്നു.ഇസ്രായേലിന്റെ ആക്രമണത്തെ വംശഹത്യ എന്ന് വിശേഷിപ്പിച്ച സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, എല്ലാ ഇസ്രായേൽ ടീമുകളെയും അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് ഫലസ്തീൻ അനുകൂല നിലപാടുകൾക്ക് വലിയ പിന്തുണ ലഭിക്കുന്നത്.
ഫ്ലോട്ടിലയെ തടഞ്ഞതിൽ പ്രതിഷേധിച്ച് ഇറ്റലിയിൽ വെള്ളിയാഴ്ച 20 ലക്ഷം പേരാണ് റാലിയിൽ അണിനിരന്നത്. തലസ്ഥാനമായ റോമിലും പോർച്ചുഗലിലെ ലിസ്ബണിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കൂടാതെ, ഗാസക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറ്റലിയിൽ ഒരു ദിവസം പണിമുടക്കും നടന്നു. ഇത് റെയിൽ, റോഡ് ഗതാഗതം സ്തംഭിപ്പിച്ചു. മിലാനിൽ ലക്ഷക്കണക്കിന് ആളുകളും, ഗിനോവയിൽ 40,000 ആളുകളും, ബ്രെസ്ചയിൽ 10,000 പേരും പങ്കെടുത്തു. ‘വംശഹത്യ അവസാനിപ്പിക്കുക, ഞങ്ങൾ എല്ലാം സുമൂദ് ഫ്ലോട്ടില’ എന്നെഴുതിയ ബാനറുമായി റോമിൽ ആയിരങ്ങൾ മാർച്ച് നടത്തി. നേപ്പിൾസ്, ലിവോർണോ, സലേർണോ തുറമുഖങ്ങളും പ്രതിഷേധക്കാർ ഉപരോധിച്ചു. ലണ്ടനിൽ നടന്ന പ്രതിഷേധത്തിനിടെ 442 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അയർലൻഡിലെ ഡബ്ലിനിലും ആയിരക്കണക്കിന് ആളുകൾ ഇസ്രായേലിനെതിരെ ഉപരോധം ഏർപ്പെടുത്താൻ സർക്കാരിനോട് ആവശ്യപ്പെട്ട് തെരുവിലിറങ്ങി. ഇസ്രായേൽ സേന പിടികൂടിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിലെ ആക്ടിവിസ്റ്റുകളിൽ 16 ഐറിഷ് പൗരന്മാരും ഉൾപ്പെടുന്നു. ഏഥൻസിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.