10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 7, 2025
January 6, 2025
January 5, 2025
January 5, 2025
January 4, 2025
January 4, 2025

ജിഡിപി വളര്‍ച്ച കൂപ്പുകുത്തി

 5.4 ശതമാനത്തിലേക്ക് ഇടിഞ്ഞു
 ഏഴ് പാദങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്ക്
 ചില്ലറ ഭക്ഷ്യ പണപ്പെരുപ്പം ഉയര്‍ന്നു തന്നെ 
 കാരണം ഉപഭോഗ നിരക്ക് കുറഞ്ഞതും മോശം കാലാവസ്ഥയും 
Janayugom Webdesk
ന്യൂഡല്‍ഹി
November 29, 2024 10:26 pm

കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദങ്ങളും റിസര്‍വ് ബാങ്കിന്റെ പ്രവചനങ്ങളും പാളി. മൊത്ത ആഭ്യന്തര ഉല്പാദന (ജിഡിപി) വളർച്ചാനിരക്ക് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ഏഴ് ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയിലേക്കാണ് ജിഡിപി ഇടിഞ്ഞിരിക്കുന്നതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർ‌ട്ട് വ്യക്തമാക്കുന്നു. 

ഉയര്‍ന്ന പണപ്പെരുപ്പവും ഉപഭോഗ നിരക്ക് കുറഞ്ഞതും മോശം കാലാവസ്ഥയും ഇടിവിന് കാരണമായി. 44.10 ലക്ഷം കോടി രൂപയാണ് കഴിഞ്ഞപാദ ജിഡിപി മൂല്യം. 2024 ജൂണില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 6.7 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. 8.1 ശതമാനമായിരുന്നു മുൻവർഷത്തെ ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ വളർച്ച. 2022–23ലെ ഒക്ടോബർ‑ഡിസംബർ പാദത്തിൽ 4.3 ശതമാനം രേഖപ്പെടുത്തിയതാണ് ഇതിന് മുമ്പുണ്ടായ ഏറ്റവും താഴ്ന്ന വളർച്ച. 

ഏഴ് ശതമാനം വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രവചനം. ആദ്യം 7.2 ശതമാനം വളരുമെന്ന് റിസർവ് ബാങ്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീടത് ഏഴുശതമാനത്തിലേക്ക് താഴ്ത്തുകയായിരുന്നു. എസ്ബിഐ റിസർച്ച് 6.5, റോയിട്ടേഴ്സ് 6.5, ഐസിആര്‍എ 6.6, ജെപി മോർഗൻ 6.3–6.5 എന്നിങ്ങനെയും വളർച്ച അനുമാനിച്ചിരുന്നെങ്കിലും അതിനെക്കാളെല്ലാം ഇടിഞ്ഞത് സാമ്പത്തിക വിദഗ്ധരെപ്പോലും അമ്പരപ്പിക്കുന്നതായി മാറി. 

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മെല്ലെപ്പോക്ക് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നു. സര്‍ക്കാരിന്റെ ചെലവ് ചുരുക്കലും ദുര്‍ബലമായ ഉപഭോഗവും പ്രതികൂല കാലാവസ്ഥയും സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ചു. ഉയര്‍ന്ന വായ്പാച്ചെലവും മന്ദഗതിയിലുള്ള വേതന വളര്‍ച്ചയും, ഗ്രാമീണ ഡിമാന്‍ഡ് വീണ്ടെടുക്കുന്നതിന്റെ സൂചനകള്‍ക്കിടയിലും, മാന്ദ്യത്തിന് കാരണമായി. കഴിഞ്ഞപാദത്തില്‍ കോര്‍പറേറ്റ് വരുമാനത്തിലും കുറവുണ്ടായി.

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കാര്‍ഷിക മേഖലയില്‍ മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. രാജ്യത്തെ തൊഴിൽമേഖലയുടെ മുഖ്യപങ്ക് വഹിക്കുന്ന കാർഷികരംഗം 1.7 ശതമാനത്തിൽ നിന്ന് 3.5 ശതമാനത്തിലേക്ക് വളർച്ച മെച്ചപ്പെടുത്തി. അതേസമയം ഉല്പദന മേഖലയുടെ വളർച്ച 14.3 ശതമാനത്തിൽ നിന്ന് 2.2 ശതമാനത്തിലേക്കെത്തി. ഖനനവും ക്വാറിയും 11.1ൽ നിന്ന് നെഗറ്റീവ് 0.1 ശതമാനം എന്ന രീതിയിലേക്ക് ചുരുങ്ങി. വൈദ്യുതി, കുടിവെള്ളം, ഗ്യാസ് തുടങ്ങിയ സേവനമേഖലകളുടെ വളർച്ച 10.5ൽ നിന്ന് 3.3 ശതമാനത്തിലേക്കും നിർമ്മാണ (കൺസ്ട്രക്ഷൻ) മേഖലയുടെ വളർച്ച 13.6ൽ നിന്ന് 7.7 ശതമാനത്തിലേക്കും ഇടിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.