15 December 2025, Monday

Related news

December 4, 2025
December 2, 2025
November 28, 2025
November 22, 2025
November 22, 2025
November 21, 2025
November 21, 2025
November 21, 2025
November 20, 2025
November 19, 2025

അന്താരാഷ്ട നാണയ നിധിയിൽ ഗീതാ ഗോപിനാഥ്‌ പടിയിറങ്ങുന്നു; പിന്നിൽ ട്രംപുമായുള്ള ഭിന്നതയെന്ന് സൂചന

Janayugom Webdesk
വാഷിങ്ങ്ടൺ
July 22, 2025 4:18 pm

അന്താരാഷ്ട നാണയ നിധിയിൽ ഇന്ത്യൻ വംശജയായ ഗീതാ ഗോപിനാഥ്‌ പടിയിറങ്ങുന്നു. യുഎസ് പൗരയായ ഗീതാ ഗോപിനാഥ് 2019‑ലാണ് ഐഎംഎഫില്‍ മുഖ്യ സാമ്പത്തികശാസ്ത്രജ്ഞയായി എത്തുന്നത്. ഈ പദവിയിലെത്തിയ പ്രഥമ വനിതയാണ് ഗീതാ ഗോപിനാഥ്. ഹാവാര്‍ഡിലെ അക്കാദമിക് പദവിയില്‍ നിന്നാണ് ഇവര്‍ ഐഎംഎഫിലേക്ക് എത്തിയത്. 2022 ജനുവരിയില്‍ ഐഎംഎഫില്‍ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. 2016–18 കാലയളവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി. കണ്ണൂര്‍ സ്വദേശികളുടെ മകളായി കൊല്‍ക്കത്തയിലാണ് ഗീത ജനിച്ചത്. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതയാണ് ഗീതയുടെ പടിയിറക്കത്തിന് പിന്നിലെന്നാണ് സൂചന. ഡൊണള്‍ഡ് ട്രംപും ഐഎംഎഫും തമ്മിലുള്ള ശീതയുദ്ധം തുടരുന്നതും ഗീതയുടെ വിടവാങ്ങലിന് കാരണമായെന്നാണ് വിലയിരുത്തല്‍. 

പുതിയ ഫസ്റ്റ് ഡെപ്യൂട്ടി മാനേജറെ അധികം വൈകാതെ പ്രഖ്യാപിക്കുമെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയും ട്രംപ് ഭരണകൂടവും തമ്മില്‍ ആശയസംഘര്‍ഷത്തിനിടയാണ് ഗീതയുടെ അവിടേക്കുള്ള പോക്കെന്നതും ശ്രദ്ധേയമാണ്. അടുത്ത ഫസ്റ്റ് ഡെപ്യൂട്ടി മാനേജറെ നിര്‍ദേശിക്കാനുള്ള അവകാശം യുഎസിനാണ്. ഇതോടെ ഐഎംഎഫില്‍ നിന്ന് പിന്മാറുമെന്ന് ഉള്‍പ്പെടെ ഭീഷണികള്‍ മുഴക്കിയ ട്രംപിന് താല്പര്യമുള്ളയാളെ ഈ റോളിലേക്ക് കൊണ്ടുവരാനുള്ള സാഹചര്യവും ഒരുങ്ങുകയാണ്. ആഗോള സമ്പദ്‌വ്യവസ്ഥ പുനഃക്രമീകരിക്കാനും മിക്കവാറും എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്കും തീരുവ ഉയര്‍ത്തി യുഎസിന്റെ വ്യാപാര കമ്മി അവസാനിപ്പിക്കാനും ട്രംപ് ശ്രമിക്കുന്ന സമയത്താണ് ഗീതാ ഗോപിനാഥ് ഐഎംഎഫ് വിടുന്നത്. 

ഹാവാര്‍ഡിനെ സംബന്ധിച്ചും നിര്‍ണായക സമയത്താണ് ഗീതാ ഗോപിനാഥിന്റെ മടക്കം. ഭരണം, നിയമനം, പ്രവേശ രീതികള്‍ എന്നിവ മാറ്റാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങള്‍ സര്‍വകലാശാല നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സര്‍വകലാശാല ട്രംപിന്റെ എതിര്‍പ്പിന് വിധേയമായ സമയത്താണ് ഗീതാ ഗോപിനാഥിന്റെ തിരിച്ചുവരവെന്നതും ശ്രദ്ധേയമാണ്. ഐഎംഎഫിന്റെ തലപ്പത്തെ രണ്ടാമത്തെ വലിയ പദവിയായ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന ഗീത, ഹാർവഡ് യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സ് അധ്യാപികയായി ഓഗസ്റ്റിൽ തിരിച്ചെത്തും. സ്ഥാനമൊഴിയാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് പടിയിറക്കം. 

ഹാർവഡിൽ അധ്യാപികയായിരിക്കേ 2019ലാണ് ചീഫ് ഇക്കണോമിസ്റ്റായി ഐഎംഎഫിൽ ചേർന്നത്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയുമായിരുന്നു. തുടർന്ന്, 2022ൽ ജെഫ്രി ഒകമോട്ടോയുടെ പിൻഗാമിയായി ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി. ഈ പദവിയിലും എത്തുന്ന ആദ്യ വനിതയെന്ന നേട്ടവും ഗീതയ്ക്ക് സ്വന്തം. ഐഎംഎഫിന്റെ മാനേജിങ് ഡയറക്ടർ ബൾഗേറിയക്കാരി ക്രിസ്റ്റലീന ജോർജിയേവയാണ്. ഐഎംഎഫിന്റെ മാനേജിങ് ഡയറക്ടർ, ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ പദവികളിൽ ഒരേസമയം വനിതകളായതും ആദ്യമായിരുന്നു. കോവിഡ് കാലത്തുൾപ്പെടെ ലോക സാമ്പത്തിക മേഖലയ്ക്ക് കരുത്തേകുന്ന കൃത്യമായ നിരവധി വിലയിരുത്തലുകൾ ഗീത ഗോപിനാഥിൽ നിന്നുണ്ടായെന്ന് ഐഎംഎഫ് നേരത്തേ വ്യക്തമാക്കിയിരുന്നു. 

ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ എന്ന നിലയിൽ ഐഎംഎഫിന്റെ നയരൂപീകരണം, ജിഎ7, ജി20 എന്നിവയിൽ ഐഎംഎഫിന്റെ ഇടപെടലുകൾ, യുക്രെയ്ൻ, അർജന്റീന എന്നിവിടങ്ങളിലെ ഐഎംഎഫിന്റെ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം മികച്ച പങ്കാണ് ഗീത വഹിച്ചതും. ഐഎംഎഫില്‍ ജോലി ചെയ്യാന്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും സാധിച്ചതിലുള്ള നന്ദി ഗീതാ ഗോപിനാഥ് പ്രസ്ഥാവനയിലൂടെ അറിയിച്ചു. ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവയ്ക്കും തന്നെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞയായി നിയമിച്ച ഐഎംഎഫ് മുന്‍ മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡിനും ഗീതാ ഗോപിനാഥ് നന്ദി അറിയിച്ചു. ഇപ്പോള്‍ അക്കാദമിക് രംഗത്തേക്ക് മടങ്ങുകയാണെന്നും ആഗോള വെല്ലുവിളികളെ നേരിടുന്നതിനായി അന്താരാഷ്ട്ര ധനകാര്യത്തിലും ബൃഹദ്‌സാമ്പത്തികശാസ്ത്രത്തിലും ശ്രദ്ധകേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങള്‍ തുടരാന്‍ ആഗ്രഹിക്കുന്നതായും ഗീതാ ഗോപിനാഥ് അറിയിച്ചു. അടുത്ത തലമുറയിലെ സാമ്പത്തികവിദഗ്ദ്ധരെ പരിശീലിപ്പിക്കാനാണ് തിരിച്ചുപോക്കെന്നും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.