
ജെന്‍സോള്‍, ബ്ലൂസ്മാര്‍ട്ട് വായ്പാതട്ടിപ്പില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. കമ്പനിയുടെ സ്ഥാപകരായ അൻമോൾ സിങ് ജഗ്ഗി, പുനിത് സിങ് ജഗ്ഗി എന്നിവര്‍ക്കെതിരെ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) വഞ്ചനാ കുറ്റം ചുമത്തിയിരുന്നു. പിന്നാലെ മെട്രോനഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഇവി ടാക്സി സേവനദാതാക്കളായ ബ്ലൂസ്മാർട്ട് കാബ് സേവനം നിര്‍ത്തി. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനായി സ്വരൂപിച്ച വായ്പ പ്രൊമോട്ടർമാരുടെ വ്യക്തിഗത ചെലവുകൾക്കും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾക്കും അടുത്ത ബന്ധുക്കളുടെയോ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടിയും ഉപയോഗപ്പെടുത്തിയെന്നാണ് ആരോപണം. ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി, പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്ന് ജെന്‍സോള്‍ 977.75 കോടി രൂപ വായ്പയെടുത്തിരുന്നു. അനുബന്ധ കമ്പനിയായ ബ്ലൂസ്മാര്‍ട്ടിനായി 6,400 വൈദ്യുത വാഹനങ്ങള്‍ വാങ്ങാനായിരുന്നു ഇത്. എന്നാല്‍ വായ്പയെടുത്ത തുകയില്‍ 663.89 കോടി രൂപ മാത്രമാണ് ജെന്‍സോള്‍ ചെലവഴിച്ചത്. ബാക്കി തുക പ്രമോട്ടര്‍മാരുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും മറ്റ് കമ്പനികളില്‍ നിക്ഷേപിക്കാനും ചെലവഴിച്ചു. തുടര്‍ന്ന് വായ്പ കൃത്യമായി തിരിച്ചടച്ചെന്ന രേഖകള്‍ ജെന്‍സോള്‍ കൃത്രിമമായി ഉണ്ടാക്കി. ഇതുവഴി കമ്പനിയുടെ സാമ്പത്തികാവസ്ഥ നല്ലനിലയിലാണെന്ന് നിക്ഷേപകരെയും വിപണിയെയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഒരു ഘട്ടത്തില്‍ 1,125.75 രൂപ വരെ ഉയര്‍ന്നിരുന്ന ജെന്‍സോള്‍ ഓഹരിവില 118 രൂപയിലേക്ക് താഴ്ന്നു.
2025 ഫെബ്രുവരിയിൽ, കമ്പനി തങ്ങളുടെ ഇലക്ട്രിക് വാഹന വിതരണക്കാരിൽ നിന്ന് ഇതുവരെ 4704 ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിയതായി എക്സ്ചേഞ്ച് ഫയലിങ്ങിൽ പറഞ്ഞു. കമ്പനിയുടെ ഇലക്ട്രിക് വാഹന വിതരണക്കാരൻ ഗോ-ഓട്ടോ ആണ്. ജെൻസോൾ 568 കോടി രൂപയ്ക്ക് 4704 ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിയതായി അവർ സ്ഥിരീകരിച്ചു. എന്നാൽ വായ്പയുടെ അവസാന ഗഡു എടുത്ത് ഒരു വർഷത്തിൽ ഏറെ ആയിട്ടും ഏകദേശം 262.13 കോടി രൂപയുടെ കണക്ക് നൽകിയിട്ടില്ലെന്ന് സെബി അന്വേഷണത്തിൽ കണ്ടെത്തി. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനായി ജെൻസോളിൽ നിന്ന് ഗോ-ഓട്ടോയിലേക്ക് പണം കൈമാറ്റം ചെയ്‍ത ശേഷം പല കേസുകളിലും പണം കമ്പനിയിലേക്ക് തിരികെ മാറ്റുകയോ അൻമോളുമായും പുനീതുമായും ബന്ധമുള്ള മറ്റേതെങ്കിലും സ്ഥാപനത്തിലേക്ക് അയയ്ക്കുകയോ ചെയ്തിട്ടുണ്ടെന്ന് സെബി കണ്ടെത്തി. 2022 ൽ ഐആർഇഡിഎയിൽ നിന്ന് വായ്പയെടുത്ത ശേഷം, ജെൻസോൾ ഫണ്ടിന്റെ ഒരു ഭാഗം ഗോ-ഓട്ടോയിലേക്ക് മാറ്റി. ഗോ-ഓട്ടോ ആ പണം ജെൻസോളിന്റെ മറ്റൊരു സ്ഥാപനമായ കാപ്ബ്രിഡ്ജിലേക്ക് മാറ്റി. കാപ്ബ്രിഡ്ജ് ഏകദേശം 42.94 കോടി രൂപ ഡിഎൽഎഫിന് കൈമാറി. ഗുരുഗ്രാമില്‍ അപ്പാർട്ട്മെന്റ് വാങ്ങുന്നതിനാണ് പണം അയച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
മറ്റൊരു അനുബന്ധ കമ്പനിയായ വെൽഫ്രേ സോളാർ ഇൻഡസ്ട്രീസിലേക്കും പണം അയച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഈ കമ്പനിയിലും ജഗ്ഗി സഹോദരന്മാർ ഡയറക്ടർ തലത്തിലുള്ള സ്ഥാനങ്ങൾ വഹിക്കുന്നു. ജെൻസോൾ വെൽഫ്രേയ്ക്ക് 424.14 കോടി രൂപ നൽകി. അതിൽ 382.84 കോടി രൂപ മറ്റ് നിരവധി സ്ഥാപനങ്ങളിലേക്ക് മാറ്റി. ഇതിൽ 246.07 കോടി രൂപ ജെൻസോളുമായി ബന്ധപ്പെട്ട കമ്പനികൾക്കാണ് അയച്ചത്. അതേസമയം അൻമോൾ സിങ് ജഗ്ഗിക്ക് 25.76 കോടി രൂപയും പുനിത് സിങ് ജഗ്ഗിക്ക് 13.55 കോടി രൂപയും നൽകി. തട്ടിപ്പുകള്‍ കണ്ടെത്തിയതോടെ അൻമോൾ സിങ് ജഗ്ഗിയെയും പുനീത് സിങ് ജഗ്ഗിയെയും ഓഹരിവിപണിയില്‍ നിന്ന് സെബി വിലക്കിയിട്ടുണ്ട്. ജെൻസോളിന്റെയും അനുബന്ധ കമ്പനികളുടെയും അക്കൗണ്ടുകൾ പരിശോധിക്കാൻ ഒരു ഫോറൻസിക് ഓഡിറ്ററെ നിയമിച്ചു. കമ്പനിയുടെ ഓഹരി വിഭജനവും സെബി വിലക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.