18 January 2026, Sunday

Related news

October 29, 2025
October 24, 2025
October 24, 2025
August 26, 2025
July 17, 2025
July 12, 2025
July 1, 2025
June 1, 2025
May 9, 2025
May 7, 2025

ഓർമ്മചോപ്പണിഞ്ഞ്, ഒറ്റമരത്തണലില്‍…

Janayugom Webdesk
തൃശൂർ
December 30, 2023 10:16 pm

ഔപചാരികതകൾ ഒഴിവാക്കി ഉദ്ഘാടകനും അധ്യക്ഷനുമില്ലാതെ കേരളവർമ്മ കോളജിലെ വന്‍മരത്തണലിൽ അവർ ഒത്തുചേർന്ന് കേക്ക് മുറിച്ചതോടെ‘ഓർമ്മച്ചോപ്പ്‘സംഗമത്തിന് തുടക്കമായി. പോരാട്ടങ്ങളുടെ അരനൂറ്റാണ്ട് മുമ്പുള്ള സ്മരണകൾ എത്ര ‘കടും ചോപ്പാ‘യിരുന്നുവെന്ന് പുതിയ തലമുറ കാതുകൂർപ്പിച്ചു.കേരളവർമ്മയിലെ എഐഎസ്എഫ് പ്രവര്‍ത്തകരായിരുന്ന പൂര്‍വവിദ്യാര്‍ത്ഥികളാണ് ഓര്‍മ്മച്ചോപ്പ് പടര്‍ത്താനെത്തിയത്. സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനും സിപിഐയുടെ സംസ്ഥാന‑ദേശീയ ഉന്നത നേതൃത്വത്തിലുള്ളവരുമെല്ലാം ഉണ്ടായിരുന്നെങ്കിലും പ്രോട്ടോകോളില്ലാതെ കാലഗണനപ്രകാരമായിരുന്നു അനുഭവങ്ങളുടെ പങ്കുവയ്ക്കൽ. കേരളവർമ്മയിലെ എഐഎസ്എഫിലൂടെ ഉയർന്നുവന്നവരിൽ ഏഴ് എംഎൽഎമാരും ഒരു എംപിയും മന്ത്രിമാരായ മൂന്നുപേരുമുണ്ട്.

സംഘടനയുടെ സംസ്ഥാനസമ്മേളനം 1973ൽ തൃശൂരിൽ സംഘടിപ്പിക്കുമ്പോൾ നടത്തിപ്പിന് പ്രധാന പങ്കുവഹിച്ചത് കേരളവർമയിലെ എഐഎസ്എഫ് ആയിരുന്നുവെന്ന ഓർമ്മയോടെയാണ് മുൻമന്ത്രിയും സിപിഐ ദേശീയ കൗൺസിൽ അംഗവുമായ കെ പി രാജേന്ദ്രൻ ആരംഭിച്ചത്. വിദ്യാർത്ഥി സംഘട്ടനത്തിന്റെ മൂർധന്യാവസ്ഥയിൽ അടച്ചിട്ട കോളജ് തുറന്ന് പ്രവർത്തിക്കാൻ കെ എസ്‌യു നേതാവിനെ വിളിച്ചുകൊണ്ടുപോയി പ്രിൻസിപ്പാളുമായി സംസാരിച്ച് കോളജ് തുറപ്പിച്ചത് മുൻ എംഎൽഎയും മുൻ എംപിയുമായ സി എൻ ജയദേവൻ അനുസ്മരിച്ചു. 

സിപിഐ ദേശീയ കൗൺസിൽ അംഗം പി വസന്തം, സിപിഐ സംസ്ഥാന കൗൺസിൽ മുൻ അംഗം കെ ശ്രീകുമാർ, എഐഎസ്എഫ് മുൻ സംസ്ഥാന സെക്രട്ടറി റോബ്‌സൺപോൾ, സിപിഐ ദേശീയ കൗൺസിൽ അംഗവും മുൻ എംഎൽഎയുമായ രാജാജി മാത്യു തോമസ്, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ, ദേശീയ കൗൺസിൽ അംഗവും മന്ത്രിയുമായ കെ രാജൻ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ബാലചന്ദ്രൻ എംഎൽഎ, സംസ്ഥാന കൗൺസിൽ അംഗവും മുൻ മന്ത്രിയുമായ വി എസ് സുനിൽകുമാർ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി കെ കൃഷ്ണൻ എന്നിവർ കലാലയ ഓർമ്മകൾ പങ്കുവച്ചു.
ഉച്ചക്ക് ശേഷം നടന്ന ‘സൗഹൃദ കൂട്ടായ്മ’ പഴയ സതീർത്ഥ്യരുടെയും അധ്യാപകരുടെയും കൂടിച്ചേരലായി. എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ എ പ്രദീപ്കുമാർ, മുൻ എസ്എഫ്‌ഐ നേതാവ് കെ ആർ വിജയ, കോൺഗ്രസ് മുൻ എംഎൽഎ ടി വി ചന്ദ്രമോഹൻ, അധ്യാപകരായിരുന്ന പ്രൊഫ. ഇ രാജൻ, ഡോ. പി ഭാനുമതി, പ്രോഗ്രസിവ് ഫോറം സംസ്ഥാന പ്രസിഡന്റ് ടി കെ രാമകൃഷ്ണൻ സാംസ്കാരിക പ്രവർത്തകരായ സി രാവുണ്ണി, ഡോ. സത്യനാഥൻ എന്നിവർ സംബന്ധിച്ചു. ഇന്ത്യയിലെ ആദ്യ വിദ്യാർത്ഥി പ്രസ്ഥാനമായ എഐഎസ്എഫ് കേരളത്തിലാദ്യമായാണ് ഇത്തരമൊരു കൂട്ടായ്മ സഘടിപ്പിച്ചതെന്ന് മുഖ്യ സംഘാടകരായ ടി ആർ അനിൽകുമാറും ബി എ ബെന്നിയും പറഞ്ഞു. 

Eng­lish Sum­ma­ry: get togeth­er of AISF union

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.