കോണ്‍ഗ്രസ് നേൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ് വീണ്ടും പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരിക്കുന്നു. ഇന്ന് കോണ്‍ഗ്രസില്‍ വിമര്‍ശനത്തിന് സ്ഥാനമില്ല. ആരും നേതൃത്വത്തെ ചോദ്യം ചെയ്യുന്നില്ല. നേതൃത്വവും ജനങ്ങളും തമ്മില്‍ ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇതാണ് അവസ്ഥ. കോണ്‍ഗ്രസില്‍ ചിലര്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്നില്ല. പക്ഷേ എനിക്ക് വേഗത്തില്‍ പ്രവര്‍ത്തിച്ചാണ് ശീലം. രാഹുല്‍ ഗാന്ധിക്കും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ഉള്‍പ്പെടെ വിമര്‍ശിച്ചാണ് ഗുലാംനബി രംഗത്തു വന്നിരിക്കുന്നത്. കശ്മീര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ താന്‍ ശ്രമിക്കുന്നില്ല. കോണ്‍ഗ്രസില്‍ നിന്ന് ആരെയും അടര്‍ത്തിയെടുക്കാന്‍ താന്‍ ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീര്‍ ഉടനീളം കഴിഞ്ഞ ദിവസം നിരവധി യോഗങ്ങള്‍ ചേര്‍ന്നിരുന്നു ഇതിന് പിന്നാലെയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് അദ്ദേഹത്തിന്റെ പ്ലാന്‍ എന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. നിരവധി പേര്‍ കശ്മീര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. ഗുലാം നബിയുടെ വിശ്വസ്തരായ ഇരുപത് പേരാണ് രാജിവെച്ചത്. സംസ്ഥാന അധ്യക്ഷനെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. പകരം ഗുലാം നബി ആസാദിനെ സംസ്ഥാന അധ്യക്ഷനാക്കാനാണ് ആവശ്യം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതുവരെ ആസാദിനെ അധ്യക്ഷനാക്കാന്‍ സമ്മതിച്ചിട്ടില്ല. രാജ്യസഭയിലെ കോണ്‍ഗ്രസ് നേതാവായിരുന്ന ഗുലാംനബിക്ക് വീണ്ടുമൊരു അവസരവും നിഷേധിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിലെ 23 ജിനേതാക്കളില്‍ പ്രമുഖനായിരുന്നു ഗുലാം നബി ആസാദ്. ദില്ലിയില്‍ നിന്ന് മടങ്ങി കശ്മീരില്‍ സജീവമായ ആസാദിന് വലിയ പിന്തുണയാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്നത്. അതേസമയം താന്‍ റാലികള്‍ നടത്തിയത് കശ്മീരില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് വേണ്ടിയാണ്. കശ്മീരിന്റെ സംസ്ഥാന പദവി എടുത്ത് മാറ്റിയതോടെ ഇവിടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുന്ന അവസ്ഥയിലാണ്.
അതേസമയം ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് നിന്ന് കോണ്‍ഗ്രസ് നേതൃത്വം ഒരുപാട് മാറിപോയെന്ന് ആസാദ് കുറ്റപ്പെടുത്തി. ഇന്ന് കോണ്‍ഗ്രസില്‍ വിമര്‍ശനത്തിന് സ്ഥാനമില്ല. ആരും നേതൃത്വത്തെ ചോദ്യം ചെയ്യുന്നില്ല. ഒരുപക്ഷേ ഇന്ദിരയും രാജീവും തനിക്ക് നേതൃത്വത്തെ ചോദ്യം ചെയ്യാനും വിമര്‍ശിക്കാനും ഒരുപാട് സ്വാതന്ത്ര്യം അനുവദിച്ചിതായും അഭിപ്രായപ്പെട്ടു. അവര്‍ ഒരിക്കലും വിമര്‍ശനത്തെ പ്രശ്‌നമാക്കിയിരുന്നില്ല. അത് അതിരൂക്ഷമായിരുന്നുവെങ്കില്‍ പോലും പ്രശ്‌നമില്ലായിരുന്നു. എന്നാല്‍ ഇന്ന് നേതൃത്വം അതിനെ പാര്‍ട്ടിക്കെതിരെ പടയൊരുക്കമായിട്ടാണ് കാണുന്നത്. എതിര്‍ത്താല്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ആരുമല്ലാതാവും. വിമര്‍ശനത്തെ ഭയക്കുന്നു. രാഷ്ട്രീയത്തില്‍ എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കും പറയാനാവില്ല. എന്നാല്‍ പുതിയൊരു പാര്‍ട്ടി ഉണ്ടാക്കാനായി ഞാന്‍ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയം അവസാനിപ്പിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം.
എന്നാല്‍ ഒരുപാട് പേരാണ് എന്നെ ഇവിടെ പിന്തുണയ്ക്കുന്നത്. അവര്‍ക്ക് വേണ്ടിയാണ് താന്‍ തുടരുന്നതെന്നും ആസാദ് പറഞ്ഞു. നേതൃത്വവും ജനങ്ങളും തമ്മില്‍ ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇതാണ് അവസ്ഥ. കശ്മീരിന്റെ പ്രത്യേക പദവി പോയതിന് ശേഷം പലരും ജയിലിലായി. ആരെയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അനുവദിച്ചിരുന്നില്ല. അതുകൊണ്ടാണ് ഇപ്പോള്‍ അത് തുടങ്ങിയിരിക്കുന്നത്. മറ്റ് പാര്‍ട്ടികളും പ്രവര്‍ത്തനം തുടരുന്നതില്‍ സന്തോഷം. ജനങ്ങളുമായി ബന്ധം സ്ഥാപിക്കുക എന്നതാണ് പ്രധാനമെന്ന് ഗുലാം നബി പറഞ്ഞു. കോണ്‍ഗ്രസില്‍ ചിലര്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്നില്ല. പക്ഷേ എനിക്ക് വേഗത്തില്‍ പ്രവര്‍ത്തിച്ചാണ് ശീലം. ഞാനൊരിക്കലും ആമയെ പോലെ മുന്നോട്ട് നീങ്ങില്ലെന്നും ഗുലാം നബി പറയുന്നു. 40 വര്‍ഷം മുമ്പുള്ള അതേ ഊര്‍ജം എനിക്ക് ഇപ്പോഴുമുണ്ട്. ദിവസം 16 റാലികള്‍ വരെ നടത്താന്‍ എനിക്കാവും. തന്റെ വിശ്വസ്തരില്‍ പലരും കശ്മീരില്‍ അധ്യക്ഷനാവാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ അതിന് താല്‍പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
English Sumamry:Ghulam Nabi Azad says Congress leadership fears criticism
You May also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.