
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്ക് വിജയം. ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഇംഗ്ലീഷ് കരുത്തരായ ലിവര്‍പൂള്‍.
ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 88-ാം മിനിറ്റില്‍ ലിവര്‍പൂളിന് അനുകൂലമായ പെനാല്‍റ്റി കിക്കെടുത്ത ഡൊമിനിക് സൊബോസ്ലായിയാണ് വിജയഗോള്‍ സമ്മാനിച്ചത്. ലീഗില്‍ ഇന്റര്‍ മിലാനും ലിവര്‍പൂളിനും 12 പോയിന്റ് വീതമാണ്. എന്നാല്‍ ഇന്റര്‍ അഞ്ചാമതും ലിവര്‍പൂള്‍ എട്ടാം സ്ഥാനത്തുമാണ്.
ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ തോല്പിച്ചത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ജൂള്‍സ് കുണ്ടെയുടെ ഇരട്ടഗോളുകളാണ് ബാഴ്സയ്ക്ക് വിജയമൊരുക്കിയത്. 21-ാം മിനിറ്റില്‍ അന്‍സ്ഗാര്‍ നൗഫ് നേടിയ ഗോളില്‍ ഫ്രാങ്ക്ഫര്‍ട്ട് മുന്നിലെത്തി. ആദ്യപകുതി തിരിച്ചടിക്കാന്‍ ബാഴ്സയ്ക്കായില്ല. എന്നാല്‍ രണ്ടാം പകുതിയുടെ 50, 53 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് ബാഴ്സലോണ വിജയ വഴിയില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ബാഴ്സ പരാജയപ്പെട്ടിരുന്നു. 10 പോയിന്റോടെ 14-ാമതാണ് ബാഴ്സ. നാല് പോയിന്റുള്ള ഫ്രാങ്ക്ഫര്‍ട്ട് 30-ാമതാണ്.
അതേസമയം ചെല്‍സി അപ്രതീക്ഷിത തോല്‍വി നേരിട്ടു. അറ്റ്ലാന്റ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സിയെ തോല്പിച്ചത്. മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് ചെല്‍സിയാണ്. 25-ാം മിനിറ്റില്‍ ജാവോ പെഡ്രോയാണ് ഗോള്‍ നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ അറ്റ്ലാന്റ ആധിപത്യം ഉറപ്പിച്ചു. 55-ാം മിനിറ്റില്‍ ജിയാന്‍ലൂക്ക സ്കാമാക്കയും 83-ാം മിനിറ്റില്‍ ചാള്‍സ് ഡി കെറ്റെയ്‌ലെരെയും ഗോള്‍ നേടിയതോടെ അറ്റ്ലാന്റ വിജയമുറപ്പിക്കുകയായിരുന്നു. 10 പോയിന്റുമായി ചെല്‍സി ആറാമതും 13 പോയിന്റോടെ അറ്റ്ലാന്റ മൂന്നാമതുമാണ്.
പിഎസ്‌വി ഐന്തോവനെതിരായ ആവേശ മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പിഎസ്‌വിയെ തകര്‍ത്തത്. അത്‌ലറ്റിക്കോയ്ക്കായി ജൂലിയന്‍ അല്‍വാരസ് (37), ഡേവിഡ് ഹാന്‍കോ (52), അലക്സാണ്ടര്‍ സൊര്‍ലോത്ത് (56) എന്നിവരാണ് ഗോളുകള്‍ നേടിയത്. ഗുസ് ടില്‍ (10), റിക്കാര്‍ഡോ പെപി (85) എന്നിവര്‍ പിഎസ്‌വിക്കായി ഗോള്‍ നേടി. 12 പോയിന്റുമായി ഏഴാമതാണ് അത്‌ലറ്റിക്കോ. 19-ാം സ്ഥാനക്കാരാണ് പിഎസ്‌വി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.