
മലയാളികളായ കന്യാസ്ത്രീകളുടെ പ്രേരണയില്‍ മതംമാറാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ബജ്‌റംഗ്‌ദളുകാരുടെ ക്രൂരമര്‍ദനത്തിനിരയായ മൂന്ന് യുവതികള്‍ നാരായണ്‍പൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. കമലേശ്വരി പ്രധാന്‍ (21), ലളിത ഉസെന്ദി (19), സുക്‌മതി മാണ്ഡവി (19) എന്നിവര്‍ സിപിഐ ജില്ലാ സെക്രട്ടറി ഫൂല്‍ സിങ്ങ് ഉള്‍പ്പെടെ നേതാക്കള്‍ക്കൊപ്പമെത്തിയാണ് പരാതി നല്‍കിയത്. ക്രൂരപീഡനങ്ങള്‍ക്ക് വിധേയമാക്കിയ ജ്യോതി ശര്‍മ്മ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട പരാതിയില്‍ തങ്ങള്‍ അനുഭവിക്കേണ്ടിവന്ന തിക്താനുഭവങ്ങള്‍ വിവരിക്കുന്നു. രണ്ട് സ്ത്രീകളടക്കം നൂറോളം പേരടങ്ങുന്ന സംഘമാണ് മര്‍ദിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരകളാക്കി, ജ്യോതി ശര്‍മ്മയും കൂട്ടാളികളും ക്രൂരമായി മര്‍ദിച്ചു, പുരുഷന്മാരായ അക്രമികള്‍ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നിങ്ങനെ പറയുന്ന പരാതിയില്‍ പൊലീസിനെതിരെയും ഗുരുതര ആരോപണങ്ങളുണ്ട്.
പൊലീസിനെ വിളിച്ചുവരുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ അവരുടെ സാന്നിധ്യത്തിലായിരുന്നു അതിക്രമങ്ങള്‍ നടന്നത്. സ്റ്റേഷനിലെത്തിച്ചപ്പോള്‍ അവിടെയും ആള്‍ക്കൂട്ടമെത്തി. സിസിടിവി ഇല്ലെന്നുറപ്പാക്കിയ പ്രത്യേക മുറിയിലാക്കി പൊലീസുകാര്‍ പുറത്തുപോകുകയും സ്ത്രീകളടക്കമുള്ള ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അധിക്ഷേപം തുടങ്ങുകയും ചെയ്തു. സ്റ്റേഷനകത്തുവച്ച് ഭീഷണി തുടര്‍ന്നപ്പോള്‍ പൊലീസ് തിരിഞ്ഞുനോക്കിയില്ല. തുടര്‍ന്ന് നിര്‍ബന്ധപൂര്‍വം ചില കടലാസുകളില്‍ ഒപ്പിടുവിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
എല്ലാം കഴിഞ്ഞ് എത്തിയ പൊലീസുകാര്‍ അവിടെ നിന്ന് പുനരധിവാസ കേന്ദ്രത്തിലേക്ക് കൊണ്ടുപോകകയായിരുന്നു. ആരോടും സംസാരിക്കാന്‍ അനുവദിച്ചില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സഹോദരനെയും മൃഗീയ മര്‍ദനത്തിനിരയാക്കി. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തെയും മനുഷ്യക്കടത്തിന് കൂട്ടുനിന്നുവെന്നാരോപിച്ച് കന്യാസ്ത്രീകള്‍ക്കൊപ്പം ജയിലിലടച്ചു. അതുകൊണ്ട് ജ്യോതി ശര്‍മ്മ ഉള്‍പ്പെടെ ബജ്‌റംഗ്‌ദളുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. യുവതികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സിപിഐ പ്രഖ്യാപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മൂന്നുപേരും ജില്ലാ കൗണ്‍സില്‍ ഓഫിസിലെത്തുകയും പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമെത്തി പരാതി നല്‍കുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.