27 December 2025, Saturday

ഗ്ലോബൽ സിറ്റി പദ്ധതി കാലുമാറ്റം; കേന്ദ്രത്തിനെതിരെ പ്രതിഷേധം

ബേബി ആലുവ
കൊച്ചി
July 24, 2025 11:01 pm

ബംഗളൂരു-കൊച്ചി വ്യവസായ ഇടനാഴിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ അയ്യമ്പുഴയിൽ സ്ഥാപിക്കാൻ ലക്ഷ്യമിട്ട ഗ്ലോബൽ സിറ്റി പദ്ധതിയിൽ നിന്നുള്ള കേന്ദ്ര സർക്കാരിന്റെ കാലു മാറ്റത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ബംഗളൂരു-കൊച്ചി വ്യവസായ ഇടനാഴി എന്ന് പേര് വിളിച്ച പദ്ധതി കേന്ദ്രത്തിന്റെ കാല് മാറ്റത്തോടെ പാലക്കാട് അവസാനിക്കുന്ന തരത്തിലേക്ക് ഇപ്പോൾ മാറിയിരിക്കുകയാണ്. അതേസമയം, പദ്ധതി യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പരിശ്രമങ്ങൾ ഇതിനകം പ്രശംസിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഈ ഇടപെടലിലാണ് ഭൂമി വിട്ടുകൊടുത്തവരടക്കം ഏവരുടെയും ഇപ്പോഴത്തെ മുഴുവൻ പ്രതീക്ഷയും. ബംഗളൂരു-കോയമ്പത്തൂർ‑കൊച്ചി വ്യവസായ ഇടനാഴിയുടെ ഭാഗമായി അയ്യമ്പുഴയിൽ 400 ഏക്കറിൽ നടപ്പാക്കാൻ പദ്ധതിയിട്ട ഗ്ലോബൽ സിറ്റി പ്രോജക്ടിന് 2020ലാണ് പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്. ആരംഭിച്ച് 10 വർഷത്തിനുള്ളിൽ 18,000 കോടി രൂപയുടെ നിക്ഷേപമെത്തുമെന്ന് കരുതപ്പെട്ട പദ്ധതി 10,000 കണക്കിന് തൊഴിൽ അവസരങ്ങളും സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം. 

രാജ്യാന്തര ബാങ്കിങ് കമ്പനികൾ, ബിസിനസ് കാര്യാലയങ്ങൾ, ക്യാപിറ്റൽ മാർക്കറ്റ്, അസറ്റ് മാനേജുമെന്റ്-ഇൻഷുറൻസ് കമ്പനികൾ, ഐടി, ഐടിഇഎസ് സേവനങ്ങൾ, നിയമം-അക്കൗണ്ടിങ്-ഓഡിറ്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ, ഹോസ്പിറ്റാലിറ്റി-കൺവെൻഷൻ‑വിനോദ വ്യവസായ സ്ഥാപനങ്ങൾ, ഗവേഷണ‑വികസന വിജ്ഞാന നിധി തൊഴിലധിഷ്ഠിത ഓർഗനൈസേഷനുകൾ തുടങ്ങിയവയുടെ ഹബ്ബായി ഗ്ലോബൽ സിറ്റിയെ മാറ്റുകയായിരുന്നു പ്രഖ്യാപിത ലക്ഷ്യം.
രാജ്യാന്തര നിയമ പരിരക്ഷയുണ്ടായാൽ മാത്രമേ ആഗോള കമ്പനികൾ പദ്ധതിയിലേക്ക് ആകർഷിക്കപ്പെടുകയുള്ളൂ. പദ്ധതി സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ മനം മാറ്റം മൂലമുണ്ടായ അവ്യക്തതകൾ അഞ്ചാം വർഷത്തിലേക്കും നീളുകയാണ്. ഗ്ലോബൽ ഇൻഡസ്ട്രീയൽ ഫിനാൻസ് ആന്റ് ട്രേഡ് (ഗിഫ്റ്റ്) സിറ്റി എന്നാണ് ആദ്യം പ്രഖ്യാപിച്ചതെങ്കിലും, ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി അധികൃതരുടെ നിർബന്ധം മൂലം പിന്നീട് ഗ്ലോബൽ സിറ്റി എന്ന് പേര് മാറ്റുകയായിരുന്നു. പദ്ധതിയുടെ പകുതി തുക കേന്ദ്ര സർക്കാർ വഹിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും കേന്ദ്രം പിൻവലിഞ്ഞതോടെ മുഴുവൻ സാമ്പത്തിക ബാധ്യതയും സംസ്ഥാന സർക്കാരിന്റെ ചുമലിലായിരിക്കുകയാണ്. 

പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 849 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. കേന്ദ്രം മുഖം തിരിച്ചതോടെ, നേരത്തേ കൃഷി ചെയ്തിരുന്ന പദ്ധതി പ്രദേശം അഞ്ച് വർഷമായി കാട് പിടിച്ചു കിടക്കുകയാണ്. പ്രദേശവാസികൾ വസ്തു ക്രയവിക്രയം ചെയ്യാനോ, പണയപ്പെടുത്തി വായ്പ എടുക്കാനോ കഴിയാതെ നട്ടംതിരിയുകയാണ്. വിഷയത്തിൽ കേന്ദ്രം എടുത്ത വഞ്ചനാപരമായ നിലപാട് പദ്ധതിയുടെ അഞ്ച് വർഷമാണ് നഷ്ടപ്പെടുത്തിയതെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ എം ദിനകരൻ പറഞ്ഞു. വ്യവസായ ഇടനാഴിയിലുൾപ്പെട്ടാൽ അയ്യമ്പുഴ ഗ്ലോബൽ സിറ്റി ആഗോള ഹൈടെക് വ്യവസായ നഗരമായി വളരാനുള്ള സാധ്യത ഏറെയാണ്. നിലപാട് പുനഃപരിശോധിക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് ദിനകരൻ ആവശ്യപ്പെട്ടു. 

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.