
ഒമ്പത് വര്‍ഷത്തിലധികമായി രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് കീഴില്‍ നിരവധി ആഗോള സൂചികകളില്‍ ഇന്ത്യ പിറകിലേക്ക് പോയി. ആഗോള പട്ടിണി സൂചിക (ജിഎച്ച്ഐ) യില്‍ 2022ല്‍ ഇന്ത്യ 121 രാജ്യങ്ങളില്‍ 107-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 2021ല്‍ 101 സ്ഥാനത്തായിരുന്നു നമ്മുടെ രാജ്യം. അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവയ്ക്ക് പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. 22.4 കോടി ജനങ്ങള്‍ പോഷകാഹാരക്കുറവ് നേരിടുന്നവരാണെന്നും പ്രസ്തുത സൂചികയിലുണ്ടായിരുന്നു. ഐറിഷ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കണ്‍സേണ്‍ വേള്‍ഡ്‌വൈഡ് എന്ന ഏജന്‍സിയും ജര്‍മ്മന്‍ സംഘടനയായ സെല്‍റ്റ് ഹംഗര്‍ ഹില്‍ഫും ചേര്‍ന്ന് തയാറാക്കുന്നതാണ് ജിഎച്ച്ഐ.
ഐക്യരാഷ്ട്രസഭ വികസന പദ്ധതിയുടെ ഭാഗമായി തയാറാക്കിയ 2021ലെ മാനവിക വികസന സൂചികയില്‍ 191 രാജ്യങ്ങളില്‍ 132-ാം സ്ഥാനത്താണ് ഇന്ത്യ. 2020ലെ റിപ്പോര്‍ട്ട് പ്രകാരം 189 ല്‍ 131-ാമതായിരുന്ന രാജ്യമാണ് ഒരു സ്ഥാനം കൂടി താഴേയ്ക്ക് പോയത്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിലും ഇന്ത്യ പിറകിലേയ്ക്കാണ് പോയത്. കാനഡയിലെ ഫ്രേസര്‍ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ആഗോള സൂചികയില്‍ മുന്‍ വര്‍ഷം 79-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 105ലേക്കാണ് പതിച്ചത്.
ദ ഇക്കണോമിസ്റ്റ് തയ്യാറാക്കിയ വാര്‍ഷിക ജനാധിപത്യ സൂചികയില്‍ 51ലേയ്ക്ക് ഇന്ത്യയുടെ സ്ഥാനം താഴ്‍ന്നു. മുന്‍വര്‍ഷത്തെ 41 ല്‍ നിന്നായിരുന്നു ഈ പിറകോട്ട് പോക്ക്. റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ 180 രാജ്യങ്ങളെ ആസ്പദമാക്കിയുള്ള പത്ര സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ ഈ വര്‍ഷം 161-ാം സ്ഥാനത്തായി. മുന്‍വര്‍ഷം 150 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. അയല്‍രാജ്യങ്ങളായ ഭൂട്ടാന്‍, ശ്രീലങ്ക, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയെല്ലാം ഇന്ത്യക്ക് മുകളിലാണ് സൂചികയില്‍ സ്ഥാനം നേടിയത്.
സ്ത്രീകളുടെ സമാധാനവും സുരക്ഷയുമെന്ന ആഗോള സൂചികയില്‍ 170 രാജ്യങ്ങളില്‍ 148-ാമതാണ് ഇന്ത്യ. ഇതിന് മുമ്പുള്ള റിപ്പോര്‍ട്ട് പ്രകാരം 167 രാജ്യങ്ങളില്‍ 133 ആയിരുന്നിടത്തുനിന്നാണ് പിറകിലേയ്ക്ക് പോയത്. തോമസ് റോയിറ്റേഴ്സ് ഫൗണ്ടേഷന്‍ സര്‍വേ പ്രകാരം ലോകത്ത് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും അപകടകരമായ രാജ്യവുമാണ് ഇന്ത്യ.
വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) പുറത്തിറക്കിയ 2022 ലെ ആഗോള ലിംഗ വ്യത്യാസ സൂചികയില്‍ 146 രാജ്യങ്ങളിൽ 135-ാം സ്ഥാനത്താണ് ഇന്ത്യ. 2021ൽ 156ൽ ഇന്ത്യ 140-ാം സ്ഥാനത്തായിരുന്നു. സാമ്പത്തിക പങ്കാളിത്തം, വിദ്യാഭ്യാസം നേടല്‍, ആരോഗ്യവും അതിജീവനവും, രാഷ്ട്രീയ അധികാരം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ആഗോള ലിംഗ വ്യത്യാസ സൂചിക തയാറാക്കുന്നത്. ഒരു രാജ്യത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്ന എല്ലാ വിഷയങ്ങളിലും ആഗോളതലത്തില്‍ രാജ്യത്തെ പിന്നിലേയ്ക്ക് നയിച്ചതായിരുന്നു ബിജെപിയുടെ ഭരണകാലമെന്ന് വ്യക്തമാക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിന് പുറമേയുണ്ട്. എന്നിട്ടും വികസന വായ്ത്താരിയും വാചാടോപവുമായി മുന്നോട്ടുപോകുന്ന ബിജെപിക്കും നരേന്ദ്ര മോഡി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനുമെതിരായ പ്രക്ഷോഭങ്ങളും കൂട്ടായ്മകളും രാജ്യത്ത് വളരുകയാണ്. അതിന്റെ ഭാഗമായി സിപിഐ ദേശീയ കൗണ്‍സില്‍ ആഹ്വാനം ചെയ്ത പ്രക്ഷോഭത്തോടനുബന്ധിച്ചുള്ള പ്രാദേശിക പദയാത്രകള്‍ 10 മുതല്‍ 17 വരെ സംസ്ഥാനത്ത് നടക്കും.
English Summary:Global indices where the country lags
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.