16 January 2026, Friday

ഗോ ഫസ്റ്റ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്; വിമാനങ്ങള്‍ തിരിച്ചെടുക്കാന്‍ ഉടമകള്‍ ‚എല്ലാ സര്‍വീസുകളും 12 വരെ റദ്ദാക്കി

Janayugom Webdesk
മുംബൈ
May 6, 2023 7:49 pm

ഗോ ഫസ്റ്റ് പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ഗോ ഫസ്റ്റിന്റെ കൈവശമുള്ള 20 എയർബസ് ജെറ്റുകള്‍ തിരിച്ചെടുക്കാന്‍ വിമാനങ്ങള്‍ വാടകയ്ക്ക് നല്‍കിയ കമ്പനികള്‍ ശ്രമം തുടങ്ങി. ഇത് ഗോ എയര്‍ലെന്‍സിന്റെ വീണ്ടും പറക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും.
ഡബ്ലിനിലെ ജിവൈ ഏവിയേഷൻ ലീസ്, എസ്എംബിസി ഏവിയേഷൻ ക്യാപിറ്റൽ, പെംബ്രോക്ക് എയർക്രാഫ്റ്റ് ലീസിങ് എന്നിവയുൾപ്പെടെയുള്ള കമ്പനികളാണ് പുതിയ എ320നിയോ ജെറ്റുകൾ ഉൾപ്പെടെയുള്ള വിമാനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ കഴിഞ്ഞദിവസം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് അപേക്ഷ നല്‍കിയിരിക്കുന്നത്.
സാധാരണയായി അപേക്ഷ ലഭിച്ച് അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ വിമാനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നതാണ് നിയമം. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വാഡിയയുടെ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഗോ ഫസ്റ്റിന് വിമാനങ്ങള്‍ തിരികെ നല്‍കേണ്ടതായി വന്നേക്കും. ചിലപ്പോള്‍ ഇക്കാര്യത്തില്‍ കമ്പനികള്‍ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
അതേസമയം ഗോ ഫസ്റ്റ് എയര്‍ലൈന്‍ എല്ലാ സര്‍വീസുകളും 12 വരെ റദ്ദുചെയ്തിരിക്കുകയാണ്. ഫ്ളൈറ്റ് റദ്ദാക്കിയതിനാല്‍ യാത്രാ തടസ്സം നേരിട്ട യാത്രക്കാര്‍ക്ക് മുഴുവന്‍ പണവും നല്‍കുമെന്ന് എയര്‍ലൈന്‍ അറിയിച്ചിട്ടുണ്ട്. ആദ്യം മെയ് 3 മുതല്‍ മൂന്ന് ദിവസത്തേക്കാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നത്. പിന്നീട് മെയ് 9 വരെ ഫ്‌ളൈറ്റുകള്‍ റദ്ദാക്കുകയായിരുന്നു. ശേഷം റദ്ദാക്കല്‍ മെയ് 12 വരെ നീട്ടി.
മെയ് 15 വരെ ഗോ ഫസ്റ്റ് എയര്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന നിര്‍ത്തിവച്ചതായും റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് പണം തിരികെ നല്‍കാനും ആവശ്യപ്പെട്ടതായും വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് (എന്‍സിഎല്‍ടി) മുമ്പാകെ ഗോ ഫസ്റ്റ് എയര്‍ലൈന്‍ പാപ്പര്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. 2019 ന് ശേഷം ഇന്ത്യയിലെ ആദ്യത്തെ വലിയ എയര്‍ലൈന്‍ തകര്‍ച്ചയാണ് ഗോ ഫസ്റ്റ് നേരിടുന്നത്.

Eng­lish Sum­ma­ry; More Trou­ble For Bank­rupt Go First, It May Lose Most Of Its Aircraft
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.