22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 9, 2024
October 18, 2024
July 12, 2024
June 30, 2024
March 27, 2024
March 21, 2024
March 21, 2024
March 21, 2024

ഗോ ഫസ്റ്റ് പാപ്പരായി; ജീവനക്കാരെ പിരിച്ചുവിടരുതെന്ന് നിർദേശം

Janayugom Webdesk
ന്യൂഡല്‍ഹി
May 10, 2023 9:34 pm

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പാപ്പരായി പ്രഖ്യാപിക്കണമെന്ന ഗോ ഫസ്റ്റ് എയർലൈസിന്റെ ആവശ്യം അംഗീകരിച്ച് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻ‌സി‌എൽ‌ടി).
പ്രസിഡന്റ് ജസ്റ്റിസ് രാമലിംഗം സുധാകർ, എൽഎൻ ഗുപ്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് പാപ്പരത്ത പരിഹാര പ്രക്രിയ ആരംഭിക്കാനുള്ള ഗോ ഫസ്റ്റിന്റെ അപേക്ഷ അംഗീകരിച്ചത്. കടക്കെണിയിലായ കമ്പനിയുടെ നടത്തിപ്പിനായി അല്‍വരേസ് ആന്‍ഡ് മാര്‍സലിന്റെ അഭിലാഷ് ലാലിനെ ഇടക്കാല റെസലൂഷൻ പ്രൊഫഷണലായും (ഐആർപി) നിയമിച്ചു.
ഇതോടെ ഗോ ഫസ്റ്റ് കമ്പനി മൊറട്ടോറിയത്തിന്റെ സംരക്ഷണയിലാകും. ഗോ ഫസ്റ്റിന് വായ്പ നല്‍കിയിട്ടുള്ള ബാങ്കുകള്‍ക്കോ മറ്റ് ഇടപാടുകാര്‍ക്കോ നിയമപരമായി തിരിച്ചുപിടിക്കല്‍ നടപടികളുമായി ഇനി മുന്നോട്ടു പോകാനാകില്ല. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റിന് ഏകദേശം 11,000 കോടി രൂപയുടെ ബാധ്യതയാണുള്ളത്. 19 വരെയുള്ള എല്ലാ വിമാനങ്ങളും ഗോ ഫസ്റ്റ് റദ്ദാക്കിയിട്ടുണ്ട്.
പാപ്പരത്വ നടപടികളിൽ കമ്പനിയെ പ്രവർത്തിപ്പിക്കാൻ ഐആർപിയെ സഹായിക്കാൻ സസ്പെൻഡ് ചെയ്ത ഡയറക്ടർ ബോർഡിന് നിർദേശം നല്‍കി. കമ്പനിയിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നില്ലെന്ന് ഉറപ്പാക്കാൻ ഐആർപിക്കും നിർദേശം നൽകിയിട്ടുണ്ട്.
അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആന്റ് വിറ്റ്‌നി നിര്‍മിക്കുന്ന എഞ്ചിനുകളിലെ പിഴവുമൂലം സര്‍വീസുകള്‍ മുടങ്ങുകയും 10,800 കോടി രൂപയുടെ നഷ്ടം നേരിടുകയും ചെയ്തുവെന്നാണ് ഗോ ഫസ്റ്റ് ആരോപിക്കുന്നത്. വിവിധ ബാങ്കുകളിലായി 6,521 കോടി രൂപയുടെ ബാധ്യത ഗോ ഫസ്റ്റിനുണ്ട്. ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക്, ഡോയിച്ച് ബാങ്ക്. ആക്‌സിസ് ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നീ അഞ്ച് ബാങ്കുകള്‍ ചേര്‍ന്നാണ് ഇത്രയും തുക വായ്പ നല്‍കിയിരിക്കുന്നത്.
ഗോ ഫസ്റ്റ് സിഇഒ കൗശിക് ഖോന എൻസിഎൽടിയുടെ തീരുമാനത്തെ ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചത്. കമ്പനിയുടെ പുനരുജ്ജീവനത്തിന് വളരെ സമയോചിതവും ഫലപ്രദവുമാണ് വിധിയെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തന ക്ഷമത നിലനിര്‍ത്താന്‍ ഈ തീരുമാനം സഹായിക്കും. നിലവില്‍ പ്രവര്‍ത്തന സജ്ജമായ 27 വിമാനങ്ങള്‍ സര്‍വീസ് തുടരുമെന്നാണ് കരുതുന്നത്.

ആശ്വാസമായി മൊറട്ടോറിയം
പാപ്പരത്തം പൂര്‍ത്തിയാകുന്നതുവരെ ഗോ ഫസ്റ്റിന്റെ എല്ലാ ആസ്തികളും സ്വത്തുക്കളും നിലവിലേതു പോലെ തുടരും. വിമാനങ്ങള്‍ വാടകയ്ക്ക് നല്‍കിയിട്ടുള്ള വിദേശ കമ്പനികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിമാനങ്ങള്‍ തിരിച്ചു പിടിക്കാന്‍ ശ്രമം നടത്തി വരുന്ന വേളയിലുള്ള നിര്‍ണായകമായ ഉത്തരവ് ഗോ ഫസ്റ്റിന് ആശ്വാസമാണ്. ജാക്‌സണ്‍ സ്‌ക്വയര്‍ ഏവിയേഷന്‍, എസ്എംബിസി ഏവിയേഷന്‍ ക്യാപിറ്റല്‍, സി.ഡി.ബി ഏവിയേഷന്റെ ജി.വൈ ഏവിയേഷന്‍ ലീസിംഗ് തുടങ്ങിയവയാണ് ഗോഫസ്റ്റിന്റെ വിദേശ ലീസര്‍മാര്‍. ഇതാദ്യമായാണ് ഒരു വിമാനകമ്പനി കടം തിരിച്ചടയ്ക്കാനും കോണ്‍ട്രാക്റ്റുകള്‍ പുനഃക്രമീകരിക്കാനും പാപ്പരത്ത നിയമത്തെ ആശ്രയിക്കുന്നത്.

Eng­lish Summary;Go First went bank­rupt; Instruc­tions not to lay off employees
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.