31 January 2026, Saturday

Related news

January 28, 2026
January 28, 2026
January 27, 2026
January 22, 2026
January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 16, 2026
January 15, 2026

എൽഡിഎഫ് വിജയത്തിനായി രംഗത്തിറങ്ങുക: സിപിഐ

Janayugom Webdesk
തിരുവനന്തപുരം
November 5, 2025 10:37 pm

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വിജയത്തിനായി രംഗത്തിറങ്ങാന്‍ മുഴുവൻ ജനങ്ങളെയും കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കൗൺസിൽ ആഹ്വാനം ചെയ്തു. അധികാരവികേന്ദ്രീകരണം ഒരു പ്രഖ്യാപിത ഇടതുപക്ഷ നയമാണ്. അധികാരവും വിഭവങ്ങളും താഴെത്തട്ടിലേക്ക് എത്തിക്കുക എന്നത് ഇടതുപക്ഷം എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുള്ള ജനപക്ഷ വികസനത്തിന്റെ ആധാരശിലകളിൽ ഒന്നാണ്. 1957 ൽ അധികാരത്തിൽ വന്ന ഐക്യകേരളത്തിലെ ആദ്യ ജനകീയ മന്ത്രിസഭ മുതൽ കേരളത്തിൽ അധികാരത്തിൽ വന്ന എല്ലാ ഇടതുപക്ഷ സർക്കാരുകളും തദ്ദേശ സ്ഥാപനങ്ങളെ ശാക്തീകരിക്കാൻ കറയറ്റ ഉദ്ദേശശുദ്ധിയോടെ ശ്രമിച്ചു പോന്നിട്ടുണ്ട്. 

73 ഉം 74 ഉം ഭരണഘടന ഭേദഗതിയിലൂടെ ഇപ്പോൾ പ്രാവർത്തികമായ രൂപത്തിലുള്ള ത്രിതല പഞ്ചായത്ത് നഗരപാലികകൾ രൂപമെടുക്കും മുമ്പ് തന്നെ 1990 ൽ ഇടതുപക്ഷ സർക്കാർ ജില്ലാ കൗൺസിലുകൾ രൂപീകരിക്കുകയും ഒട്ടേറെ വകുപ്പുകൾക്ക് കീഴിലുള്ള അധികാരങ്ങൾ അവയ്ക്ക് കൈമാറുകയും ചെയ്തു. എന്നാൽ 1991 അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ അവയെ നിർജീവമാക്കുകയും നൽകപ്പെട്ട അധികാരങ്ങൾ കവർന്നെടുക്കുകയും ചെയ്തു. ത്രിതല പഞ്ചായത്തുകൾ നിലവിൽ വന്നതിനുശേഷവും ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങളെ കൂടി അധികാര വികേന്ദ്രീകരണ പ്രക്രിയയിൽ പങ്കാളികളാക്കുന്ന ജനകീയാസൂത്രണം നടപ്പാക്കിയതും എൽഡിഎഫ് സർക്കാർ തന്നെയാണ്. സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാപരമായ അധികാരങ്ങൾ കവർന്നെടുക്കുകയും അർഹമായ വിഭവങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ഫെഡറലിസത്തിനും അധികാര വികേന്ദ്രീകരണത്തിനും നേരെ വിപരീത ദിശയിൽ ഉള്ളതാണ്. കേരളത്തിലെ സർക്കാരിനെയും തദ്ദേശസ്ഥാപനങ്ങളെയും ശ്വാസംമുട്ടിക്കുകയും വികസനക്ഷേമ പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുകയും ചെയ്യുന്ന വിധത്തിലുള്ള കേന്ദ്രസർക്കാരിനെതിരെ ഒരക്ഷരം ഉരിയാടാൻ പ്രതിപക്ഷമായ യുഡിഎഫ് തയ്യാറാകുന്നില്ല. അധികാരം വികേന്ദ്രീകരണത്തോടുള്ള തങ്ങളുടെ ആത്മാർത്ഥതയില്ലായമ അവരുടെ മുൻകാല ചെയ്തികളും തെളിയിച്ചിട്ടുണ്ട്. 

പ്രതികൂലമായ ഒട്ടേറെ ഘടകങ്ങൾക്കിടയിലും അഭൂതപൂർവമായ വികസനക്ഷേമ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. പശ്ചാത്തല വികസനത്തിൽ നാം ബഹുദൂരം മുന്നോട്ടു പോയി കഴിഞ്ഞിരിക്കുന്നു. അതിദാരിദ്ര്യമുക്തമായ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറി. ഈ നേട്ടങ്ങൾ ഒക്കെ നിലനിർത്തിക്കൊണ്ട് നവകേരളത്തിലേക്ക് മുന്നേറാൻ ഒരുങ്ങുകയാണ് സംസ്ഥാനം. ഈ മുന്നേറ്റത്തിൽ സംസ്ഥാന സർക്കാരിനോട് കൈകോർത്ത് നീങ്ങാൻ കഴിയുന്ന ഭരണസമിതികൾ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും അധികാരത്തിൽ വരേണ്ടതായിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകാൻ മുഴുവൻ വോട്ടര്‍മാരോടും സിപിഐ സംസ്ഥാന കൗൺസിൽ അഭ്യർത്ഥിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.