14 November 2024, Thursday
KSFE Galaxy Chits Banner 2

സൂപ്പറായി ഗോകുലം സൂപ്പര്‍ കപ്പില്‍

സുരേഷ് എടപ്പാള്‍
മഞ്ചേരി
April 6, 2023 10:41 pm

ഈ ഹീറോ സൂപ്പര്‍കപ്പില്‍ കേരളത്തിന്റെ പ്രാതിനിധ്യം ബ്ലാസ്റ്റേഴ്‌സില്‍ ഒതുങ്ങുന്നില്ല. കേരളത്തില്‍ ആദ്യമായെത്തിയ സൂപ്പര്‍ കപ്പ് ക്ലബ്ബ് ഫുട്‌ബോളില്‍ എ­ന്തുവിലകൊടുത്തും കളത്തിലിറങ്ങണമെന്ന ഗോകുലം കേരളയുടെ നിശ്ചയദാര്‍ഢ്യം വിജയം കണ്ടു. കരുത്തരായ കൊല്‍ക്കത്തന്‍ എതിരാളികളെ തകര്‍ത്തു തരിപ്പണമാക്കി ഗോകുലം കേരള ഫൈനല്‍ റൗണ്ടിലെത്തുമ്പോള്‍ ഇക്കുറി കേരളത്തിന്റെ ടീമുകള്‍ രണ്ടെണ്ണം കപ്പടിക്കാന്‍ രണ്ടും കല്പിച്ച് പൊരുതും.പയ്യനാട് സ്റ്റേഡിയത്തില്‍ സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഗോള്‍മഴ പെയ്യിച്ചായിരുന്നു ഗോകുലത്തിന്റെ തുടക്കം. 

മുഹമ്മദന്‍സ് സ്പോട്ടിങ് ക്ലബ്ബിനെ 5–2ന് തകര്‍ത്താണ് ഗോകുലം കേരള സൂപ്പര്‍ കപ്പിന് യോഗ്യത നേടിയത്. ആദ്യനിമിഷങ്ങളില്‍ത്തന്നെ ഗോകുലം മുന്നേറ്റം തുടങ്ങി. 11-ാംമിനിറ്റില്‍ മധ്യനിരക്കാരന്‍ ജൂലിയന്‍ ഒമര്‍ റാമോസ് ഗോകുലത്തിനായി ആദ്യഗോള്‍ നേടി. ബോക്സില്‍ ലഭിച്ച പാസ് റാമോസ് വലയിലാക്കി. ഇരുടീമുകളും ആക്രമണവും പ്രതിരോധവും ശക്തമാക്കിയതോടെ കളി ആവേശത്തിലായി. ആദ്യ പകുതിയില്‍ത്തന്നെ മുഹമ്മദന്‍സ് സ്‌കോര്‍ സമനിലയിലെത്തിച്ചു. മധ്യനിരക്കാരന്‍ കിയാന്‍ ലൂയിസ് ഇടതുപാര്‍ശ്വത്തിലൂടെ നല്‍കിയ ക്രോസ് മുന്നേറ്റക്കാരന്‍ ആബിയോള വലയിലെത്തിച്ചു.

രണ്ടാംപകുതിയുടെ തുടക്കത്തില്‍ത്തന്നെ ഗോകുലം രണ്ടാംഗോള്‍ കണ്ടെത്തി. 47-ാംമിനിറ്റില്‍ സൗരവാണ് ഗോകുലത്തെ മുന്നിലെത്തിച്ചത്. ആഘോഷം അവസാനിക്കുംമുമ്പ് 48-ാംമിനിറ്റില്‍ ആബിയോള വീണ്ടും മുഹമ്മദന്‍സിനായി വലകുലുക്കി. പക്ഷേ പിന്നീടങ്ങോട്ട് മുഹമ്മദന്‍സിന് പിടിച്ചു നില്‍ക്കാനായില്ല. വിജയദാഹവുമായി കുതിച്ച ഗോകുലത്തിന്റെ ഗോള്‍വേട്ടക്കാര്‍ അരമണിക്കൂറിനുള്ളില്‍ മൂന്നുതവണ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചു. 64-ാംമിനിറ്റില്‍ മധ്യനിരക്കാരനായ അ­ഫ്ഗാന്‍ താരം ഫര്‍ഷാദ് നൂറിന്റെ ഒറ്റയാള്‍ മുന്നേറ്റം ഗോകുലത്തിന് 3–2 ലീഡ് സമ്മാനിച്ചു. പോസ്റ്റിന്റെ വലതുമൂലയില്‍നിന്ന് നൂര്‍ തൊടുത്ത ഷോട്ടിനുമുന്നില്‍ മുഹമ്മദന്‍സ് ഗോള്‍ കീപ്പര്‍ സത്യജിത് ബൊര്‍ദോളൊയെ കാഴ്ചക്കാരനാക്കി വലയില്‍. 

പകരക്കാരനായെത്തിയ താഹിര്‍ സമാനാണ് ഗോകുലത്തിന്റെ നാലാംഗോള്‍ നേടിയത്. പ്രതിരോധക്കാരന്‍ അമിനോ ബൗബ നീട്ടിനല്‍കിയ ബോള്‍ ഇടതുപാര്‍ശ്വത്തിലൂടെ പ്രതിരോധനിരയെ കടന്ന് താഹിര്‍ വലയിലാക്കി. താഹിര്‍ സമാന്റെ ഫ്രീ കിക്കാണ് അഞ്ചാംഗോളിന് വഴിയൊരുക്കിയത്. ബോക്സിനകത്ത് കാലില്‍ കിട്ടിയ പന്ത് അബ്ദുള്‍ ഹക്കു ഗോളാക്കി.സൂപ്പര്‍ കപ്പിന്റെ ഗ്രൂപ്പ് സിയിലാണ് ഗോകുലം. ഐഎസ്എല്‍ ചാമ്പ്യന്മാരായ എടികെ മോഹന്‍ ബഗാന്‍, എഫ്‌സി ഗോവ, ജംഷഡ്പൂര്‍ എഫ്‌സി ടീമുകളും ഗ്രൂപ്പിലുണ്ട്.

Eng­lish Summary;Gokulam hero Super Cup
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.