10 January 2026, Saturday

ജര്‍മ്മനിയുടെ ഗോളാറാട്ട്; ക്രൊയേഷ്യയും ലോകകപ്പിന്

Janayugom Webdesk
ബെര്‍ലിന്‍
November 18, 2025 9:40 pm

സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ജര്‍മ്മനിയുടെ ഗോളാറാട്ട്. സ്ലൊവാക്യയെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തോല്പിച്ച് ജര്‍മ്മനി 2026 ഫിഫ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടി. ലിയോറി സനെ ഇരട്ടഗോളുകളുമായി തിളങ്ങി. ആദ്യ മത്സരത്തില്‍ ചരിത്രത്തിലാദ്യമായി ജര്‍മ്മനിയെ വീഴ്ത്തി ഞെട്ടിച്ച സ്ലൊവാക്യയ്ക്കെതിരെ പകരംവീട്ടാനും ജര്‍മ്മനിയ്ക്കായി. പരാജയപ്പെട്ടിരുന്നെങ്കില്‍ പ്ലേ ഓഫ് കളിച്ച് യോഗ്യത ഉറപ്പിക്കണമെന്ന നാണംകെട്ട സമ്മര്‍ദ്ദം മുന്നില്‍ നില്‍ക്കെയാണ് ജര്‍മ്മന്‍ പടയാളികള്‍ മത്സരത്തിനിറങ്ങിയത്. ആദ്യ പകുതിയില്‍ തന്നെ ജര്‍മ്മന്‍ ആധിപത്യം പ്രകടമായിരുന്നു. നാല് ഗോളുകളാണ് പിറന്നത്. 18-ാം മിനിറ്റില്‍ നിക്ക് വോള്‍ട്ട്മേഡാണ് ജര്‍മ്മനിയ്ക്ക് ആദ്യ ഗോള്‍ സമ്മാനിക്കുന്നത്. സനെയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. 29-ാം മിനിറ്റില്‍ സെര്‍ജ് ഗ്നാബ്രി ലീഡ് ഇരട്ടിയാക്കി. 36, 41 മിനിറ്റുകളില്‍ തുടര്‍ച്ചയായി സനെ ഗോളുകള്‍ നേടി ലോകകപ്പ് ടിക്കറ്റ് ജര്‍മ്മനി ഏറെക്കുറെ ഉറപ്പിച്ചു. രണ്ടാം പകുതിയില്‍ പകരക്കാരായി ഇറങ്ങിയ റിഡ്ല്‍ ബകു (67), അരങ്ങേറ്റക്കാരന്‍ അസന്‍ ഒദ്രോഗോ (79) എന്നിവര്‍ കൂടി ഗോളുകള്‍ നേടിയതോടെ 6–0ന്റെ തകര്‍പ്പന്‍ വിജയം ജര്‍മ്മനി സ്വന്തമാക്കുകയായിരുന്നു. പരാജയപ്പെട്ടെങ്കിലും പ്ലേ ഓഫ് കളിച്ച് യോഗ്യത നേടാന്‍ സ്ലൊവാക്യയ്ക്ക് അവസരമുണ്ട്. ഗ്രൂപ്പ് എയില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 15 പോയിന്റാണ് ജര്‍മ്മനി നേടിയത്. 12 പോയിന്റുമായി സ്ലൊവാക്യ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ലക്സംബര്‍ഗിനെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. 44-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജാമി ഡോണ്‍ലെയാണ് വിജയഗോള്‍ നേടിയത്. ഗ്രൂപ്പ് എല്ലില്‍ മോണ്ടെനെഗ്രോയെ തോല്പിച്ച് ക്രൊയേഷ്യയും ലോകകപ്പ് സീറ്റുറപ്പാക്കി. മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ ജയം. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് മുന്‍ ലോകകപ്പ് റണ്ണറപ്പായ ക്രൊയേഷ്യയുടെ തിരിച്ചുവരവ്. മൂന്നാം മിനിറ്റില്‍ മിലിട്ടിന്‍ ഒസ്മാജിക്ക്, 17-ാം മിനിറ്റില്‍ നിക്കോള ക്രിസ്റ്റോവിച്ച് എന്നിവരാണ് മോണ്ടെനെഗ്രോയെ മുന്നിലെത്തിച്ചത്. 37-ാം മിനിറ്റില്‍ പെനാല്‍റ്റി ലഭിച്ചതോടെ ക്രൊയേഷ്യ ഒരു ഗോള്‍ മടക്കി. ഇവാന്‍ പെരിസിച്ചാണ് ഗോള്‍ നേടിയത്. ഇതോടെ ആദ്യ പകുതി 2–1ന് മോണ്ടെനെഗ്രോ മുന്നില്‍ നിന്നു. 72-ാം മിനിറ്റില്‍ ക്രിസ്റ്റിജാന്‍ ജാക്കിച്ച് ക്രൊയേഷ്യക്ക് സമനില സമ്മാനിച്ചു. 87-ാം മിനിറ്റില്‍ നിക്കോള വ്ലാസിച്ച് വിജയഗോള്‍ നേടിയതോടെ ക്രൊയേഷ്യ അടുത്ത വര്‍ഷത്തെ ലോകകപ്പിന് യോഗ്യത നേടുകയായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജിബ്രാള്‍ട്ടറിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് ചെക്ക് റിപ്പബ്ലിക്ക്. ടീമിനായി ആറ് ഗോളുകളും ആറ് താരങ്ങളാണ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള ചെക്കിന് ഇനി പ്ലേ ഓഫ് കളിച്ച് ലോകകപ്പ് ഉറപ്പിക്കാനാകും ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.