
രാജ്യത്ത് സ്വർണാഭരണങ്ങൾ ഈടുവെച്ച് എടുക്കുന്ന വായ്പകളുടെ എണ്ണം കൂടിയെന്ന് കണക്കുകള്‍. സ്വർണവില റെക്കോഡുകൾ പിന്നിട്ടതോടെ സ്വർണ പണയ വായ്പകളും കുത്തനെ ഉയർന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണമായും സ്വര്‍ണവായ്പകള്‍ ക്രമാതീതമായി ഉയരുന്നത് വിലയിരുത്തപ്പെടുന്നു.
71.3 ശതമാനം വർധനവാണ് സ്വർണ പണയ വായ്പയിൽ ഉണ്ടായിരിക്കുന്നതെന്ന് ഫെബ്രുവരി വരെയുള്ള ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവിൽ വ്യക്തിഗത ലോണിന്റെ ആവശ്യകത കുറഞ്ഞിട്ടുമുണ്ട്. വ്യക്തിഗത വായ്പയില്‍ വളർച്ച 14.2 ശതമാനമായി കുറഞ്ഞു, ഒരു വർഷം മുമ്പ് ഇത് 18.2 ശതമാനമായിരുന്നു. സ്ഥിര നിക്ഷേപങ്ങൾക്കും ഓഹരികൾക്കുമെതിരെയുള്ള വ്യക്തിഗത വായ്‌പകളിൽ യഥാക്രമം 19.2, 22 ശതമാനം വാർഷികാടിസ്ഥാനത്തിൽ വർധന രേഖപ്പെടുത്തി.
2024 ഡിസംബർ 27 ഓടെ ബാങ്കുകളുടെ സ്വർണ വായ്‌പ 1.72 ലക്ഷം കോടി രൂപയായി ഉയർന്നു. മുൻ വർഷത്തേക്കാൾ 71 ശതമാനം വർധനയും നിലവിലെ സാമ്പത്തിക വർഷത്തിൽ 68.3 ശതമാനം വർധനവും ഇത് പ്രതിഫലിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഇത് 1.01 ലക്ഷം കോടി രൂപയും 2023 ജനുവരിയിൽ ഇത് 86,133 കോടി രൂപയുമായിരുന്നു.
സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്വർണത്തെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായാണ് സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ തിക്തഫലമായി പണപ്പെരുപ്പം, വരുമാന അസമത്വം തുടങ്ങിയ പ്രശ്നങ്ങള്‍ സാധാരണ പൗരന്‍മാരെ ദോഷകരമായി ബാധിക്കുന്നു. കഴിഞ്ഞ വര്‍ഷം മുതലുളള സ്വര്‍ണ വില വര്‍ധനവ്, ഉയര്‍ന്ന വായ്പാ പലിശനിരക്കുകള്‍ തുടങ്ങിയവയും സ്വര്‍ണ വായ്പ നിരക്കിനെ ഏറെ സ്വാധീനിച്ചു. 2015 ല്‍ മോഡി സര്‍ക്കാര്‍ ആവിഷ്കരിച്ച സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി ഫലം കണ്ടില്ലെന്നും സ്വര്‍ണ വായ്പാ വളര്‍ച്ച വ്യക്തമാകുന്നു. നിലവിൽ ഏകദേശം 27,000 ടണ്ണിലധികം സ്വർണമാണ് ഇന്ത്യയിലെ വീടുകളിലുള്ളത്. അതിൽ ഏകദേശം 5,300 ടൺ വായ്പ എടുക്കുന്നതിനായി പണയം വെച്ചിട്ടുണ്ട്.
അഞ്ച് വർഷത്തിനുള്ളിൽ സ്വർണ വായ്‌പകളിൽ 300 ശതമാനം വളർച്ച രേഖപ്പെടുത്തി. 2019 നും 2024 നും ഇടയിൽ പ്രതിവർഷം 22 ശതമാനം കൂടുതൽ വനിതാ വായ്പക്കാരുണ്ടായെന്ന് കഴിഞ്ഞദിവസം പുറത്തുവിട്ട സിബിൽ‑നിതി ആയോഗ് റിപ്പോർട്ടില്‍ പറയുന്നു. ഈ കാലയളവില്‍ നാലുകോടി പുതിയ വനിതാ വായ്പക്കാർക്കായി 4.7 ലക്ഷം കോടിയുടെ സ്വർണ വായ്പകൾക്ക് ബാങ്കുകള്‍ മുൻഗണന നൽകിയെന്നാണ് കണക്കുകള്‍. സ്‌ത്രീകൾക്ക് നൽകുന്ന മൊത്തം വായ്‌പകള്‍ എടുത്തുനോക്കുകയാണെങ്കില്‍ അതില്‍ ഏകദേശം 38 ശതമാനവും സ്വർണ വായ്പകളാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.