19 December 2024, Thursday
KSFE Galaxy Chits Banner 2

പവന് 42,000 കടന്നു ; റെക്കോർഡ് കുതിപ്പിൽ സ്വർണ വില 

ടി കെ അനിൽകുമാർ
ആലപ്പുഴ 
January 24, 2023 6:47 pm

ലോകത്ത് മറ്റൊരു വസ്തുവിനുമില്ലാത്ത വിലക്കയറ്റം രേഖപ്പെടുത്തി സ്വർണ വില റെക്കോർഡ് കുതിപ്പിൽ . ഇന്നലെ പവന് 280 രൂപ വർധിച്ച് 42,160 രൂപയിലെത്തി . ഗ്രാമിന് 35 രൂപ വർധിച്ച് 5270 രൂപയുമായി . ഇതുവരെ രേഖപെടുത്തിയതിൽ ഏറ്റവും ഉയർന്ന വിലയാണിത് . കഴിഞ്ഞ 50 വർഷത്തിനിടെ സ്വർണ വില 19,000 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ പ്രതിസന്ധി നേരിട്ട 2020 ആഗസ്ത് ഏഴിനായിരുന്നു മുൻപ് സ്വർണത്തിന് സർവകാല റെക്കോർഡ്. പവന് 42,000 രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു അന്നത്തെ വില. സ്വർണത്തിന് കഴിഞ്ഞ 5 വർഷത്തിനിടെ 91.30 ശതമാനമാണ് വില വർധിച്ചത്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനാണ് സ്വര്‍ണവില 40,000 കടന്നത്. അന്ന് രാജ്യാന്തര സ്വര്‍ണവില ഔൺസിന് 2046 ഡോളറായിരുന്നു, രൂപയുടെ വിനിമയ നിരക്ക് 76.10 ആയിരുന്നു.

രാജ്യാന്തര വിപണിയിൽ വില വർധനവ് കേരള വിപണിയിലും പ്രതിഫലിച്ചേക്കും . ആഗോള സാമ്പത്തികമാന്ദ്യവുമായി ബന്ധപ്പെട്ട ആശങ്കളാണ് സ്വർണ വില ഉയരുവാൻ കാരണമെന്നാണ് വിദഗ്ധർ പറയുന്നത് . കൂടാതെ ചൈനയിൽ നിന്നുള്ള ഡിമാൻഡ് സാവധാനം ഉയരുന്നതും പണപ്പെരുപ്പം ഉയർന്ന നിലവാരത്തിൽ തുടരുന്നതും വില ഉയരുവാൻ കാരണമായി . സ്വർണവില ഉയർന്നതോടെ കച്ചവടത്തിൽ വലിയ കുറവു വന്നതായി വ്യാപാരികൾ പറഞ്ഞു. വിവാഹാവശ്യങ്ങൾക്കുള്ള വാങ്ങലുകൾ മാത്രമാണ് കാര്യമായി നടക്കുന്നത്.

അതേസമയം വില ഉയർന്നതോടെ സ്വർണം വിൽക്കാനെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം കൂടി . 2008 ലെ ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷമാണ് സ്വർണം പ്രധാന നിക്ഷേപ വസ്തുവായി മാറിയത് . സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസം ജനങ്ങൾക്കിടയിൽ ശക്തമായത് വിലവർധനവിന് വഴിയൊരുക്കി . 2007 കാലഘട്ടത്തിൽ പവന് 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില നാലിരട്ടിയിലധികമാണ് .

Eng­lish Sum­ma­ry: gold prices today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.