സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന നടി രന്യ റാവുവിൻറെ ജാമ്യാപേക്ഷ ബംഗളൂരു സെഷൻസ് കോടതി തള്ളി. മാർച്ച് 3നാണ് 12.56 കോടി രൂപ വില വരുന്ന സ്വർണം കടത്തിയെന്നാരോപിച്ച് നടി രന്യ റാവു അറസ്റ്റിലാകുന്നത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ രാമചന്ദ്ര റാവു ഇവരുടെ രണ്ടാനച്ഛനാണ്.
സ്വർണം വാങ്ങാനായി ഹവാല ചാനലുകളെ ഉപയോഗിച്ചുവെന്ന് രന്യ സമ്മതിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതിനാൽ മറ്റ് സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി ഇവർക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആരംഭിക്കാൻ അധികൃതർ നോട്ടീസ് അയച്ചിട്ടുണ്ട്.
കേസിലെ രണ്ടാം പ്രതിയും രന്യയുടെ സഹായിയുമായ തരുൺ രാജും തൻറെ ജാമ്യാപേക്ഷയിൽ കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച, ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് അറസ്റ്റ് ചെയ്ത വ്യാപാരി സഹിൽ ജയിൻ വഴിയാണ് രന്യ റാവു കള്ളക്കടത്ത് സ്വർണം നീക്കം ചെയ്തതെന്നാണ് വിവരം. ഇതോടെ കേസിൽ നടി ഉൾപ്പെടെ 3 പേർ അറസ്റ്റിലായിട്ടുണ്ട്.
രന്യ റാവുവും തരുൺ രാജും 26 തവണ ദുബായിൽ ഒരുമിച്ച് യാത്ര ചെയ്തതായി ഡിആർഐ അഭിഭാഷകൻ മധു റാവു പറഞ്ഞു. ഇവർ രാവിലെ പോകുകയും രാത്രിയോടെ തിരിച്ചെത്തുകയും ചെയ്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിന് മുമ്പ് രന്യ തരുണിൻറെ യാത്ര ടിക്കറ്റും ബുക്ക് ചെയ്യുകയും ദുബായിൽ വച്ച് തരുൺ രന്യക്ക് സ്വർണം നൽകുകയുമായിരുന്നു.
സ്വർണ്ണക്കടത്ത് കേസിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ രാമചന്ദ്ര റാവുവിനെയും ചോദ്യം ചെയ്തിരുന്നു. മാർച്ച് 15ന് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ, രാമചന്ദ്ര റാവുവിനോട് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ അറിയിക്കുകയായിരുന്നു.
ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർക്കായി നീക്കി വച്ചരിക്കുന്ന പ്രോട്ടോക്കോൾ ഉപയോഗിച്ച്,സുരക്ഷാ പരിശോധനകളിൽ നിന്ന് രക്ഷപ്പെടുന്നതിനായി താരം തൻറെ രണ്ടാനച്ഛൻ രാമചന്ദ്ര റാവുവിൻറെ പേര് ദുരുപയോഗം ചെയ്തതായി അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.