ദുബായില്‍ നിന്ന് അരക്കിലോ സ്വര്‍ണം കടത്തിയതിന് ശശി തരൂര്‍ എംപിയുടെ പിഎ ശിവകുമാര്‍ പ്രസാദിനെ ഡല്‍ഹി കസ്റ്റംസ് പിടികൂടി. എന്നാല്‍ പിന്നീട് ഇയാളെ ദുരൂഹ സാഹചര്യത്തില്‍ വിട്ടയച്ചു. ശിവകുമാറിനൊപ്പം പിടികൂടിയ വ്യക്തിയുടെ വിശദാംശങ്ങള്‍ കസ്റ്റംസ് പുറത്ത് വിട്ടതുമില്ല. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ നിന്നാണ് ശിവകുമാറും സഹായിയെന്ന് സംശയിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയും പിടിയിലായത്.
വിമാനത്താവള പരിസരത്തേക്ക് പ്രവേശനം ലഭിക്കുന്നതിന് എംപിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമെന്ന നിലയില്‍ ലഭ്യമായ പ്രത്യേക പ്രവേശനപാസ് പ്രസാദിനുണ്ടായിരുന്നു. ഇതുമായി എത്തിയ പ്രസാദ് ബാങ്കോക്കില്‍ നിന്നുള്ള യാത്രക്കാരനായ യുപി സ്വദേശിയില്‍ നിന്ന് സ്വര്‍ണം സ്വീകരിക്കാന്‍ വന്നതാണ് എന്നാണ് ഇന്നലെ രാവിലെ കസ്റ്റംസ് പറഞ്ഞിരുന്നത്. യാത്രക്കാരന്‍ കൊണ്ടുവന്ന അരക്കിലോ സ്വർണം കൈമാറാൻ ശ്രമിക്കുന്നതിനിടെ ഇരുവരും പിടിയിലായി. എംപി പാസ് ഉപയോഗിച്ച് കള്ളക്കടത്തില്‍ സഹായിക്കാനാണ് പ്രസാദും കൂട്ടാളിയും എത്തിയതെന്നും കസ്റ്റംസ് അധികൃതര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ വൈകിട്ടോടെ പ്രസാദിനെ കസ്റ്റംസ് ജാമ്യത്തില്‍ വിട്ടയച്ചതാണ് ദുരൂഹതയ്ക്കിടയാക്കിയത്.
പിടിച്ചെടുത്ത സ്വര്‍ണത്തിന് 35 ലക്ഷം രൂപ വില വരും. കസ്റ്റംസ് അറസ്റ്റ് ചെയ്ത പ്രസാദിനെ ചോദ്യം ചെയ്യലിന് ശേളമാണ് വിട്ടയച്ചത്. കേസില്‍ യുപി സ്വദേശിയെ മാത്രമാണ് ഇപ്പോള്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ആവശ്യമെങ്കില്‍ പ്രസാദിനെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതേസമയം വാർത്ത ഞെട്ടിച്ചെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ആരോപിക്കപ്പെടുന്ന ഒരു തെറ്റും ഞാൻ അംഗീകരിക്കുന്നില്ല. കേസില്‍ നടപടിയെടുക്കാനുള്ള അധികാരികളുടെ ശ്രമങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നു. 72കാരനും വൃക്കരോഗിയുമായ ശിവകുമാറിനെ താൽക്കാലികമായി തന്റെ സ്റ്റാഫിൽ തുടരാൻ അനുവദിച്ചതാണ്. എയര്‍പോര്‍ട്ട് കാര്യങ്ങള്‍ക്കായുള്ള സഹായത്തിന് താല്‍ക്കാലിക നിയമനമായിരുന്നു. നിയമം അതിന്റെ വഴിക്ക് പോകട്ടേയെന്നും ശശി തരൂർ ട്വിറ്ററില്‍ കുറിച്ചു.
English Summary:Gold was smuggled; Tharoor’s PA who was arrested was released
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.