3 July 2024, Wednesday
KSFE Galaxy Chits

Related news

July 1, 2024
October 13, 2023
April 11, 2023
March 19, 2023
January 9, 2023
December 12, 2022
September 1, 2022
September 1, 2022
August 29, 2022
June 29, 2022

എല്ലാത്തരം ജപ്തികളിലും ഇടപെടാൻ സർക്കാരിന് അധികാരം

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം
July 1, 2024 11:02 pm

എല്ലാത്തരം ജപ്തികളിലും ഇടപെടാൻ സർക്കാരിന് അധികാരം നൽകുന്ന സുപ്രധാന നിയമഭേദഗതി ബിൽ റവന്യുമന്ത്രി കെ രാജൻ നിയമസഭയിൽ അവതരിപ്പിച്ചു. 1968 ലെ കേരള നികുതി വസൂലാക്കൽ ആക്ട് ഭേദഗതി ചെയ്യുന്നതാണ് നിർദിഷ്ട ബിൽ. റവന്യു റിക്കവറിയിൽ സർക്കാരിന് മോറട്ടോറിയം പ്രഖ്യാപിക്കാം, തഹസിൽദാർ, കളക്ടർ, റവന്യുമന്ത്രി, ധനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിസഭ എന്നിവർക്ക് ഇളവ് അനുവദിക്കാം.
ബാങ്ക് ജപ്തിയിൽ ഉൾപ്പെടെ സർക്കാരിന് ഇടപെടാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഇത് മറികടക്കാനും സാധാരണജനങ്ങൾക്ക് ആശ്വാസം പകരാനുള്ള എൽഡിഎഫ് സർക്കാരിന്റെ ജനപക്ഷ ബില്ലായാണ് ഇതിനെ വിലയിരുത്തുന്നത്. 

റവന്യു റിക്കവറി മൂലം ബുദ്ധിമുട്ട് നേരിടുന്നവർക്ക് ആശ്വാസമേകാൻ നിയമഭേദഗതി വഴിയൊരുക്കും. നിയമം വരുന്നതോടെ ജപ്തി നടപടിക്കിടവരുത്തുന്ന വായ്പാകുടിശികയിൽ കാൽലക്ഷംവരെ തഹസിൽദാറിനും ഒരുലക്ഷംവരെ ജില്ലാകളക്ടർക്കും അഞ്ചുലക്ഷംരൂപവരെ റവന്യുമന്ത്രിക്കും 10ലക്ഷംവരെ ധനമന്ത്രിക്കും 20ലക്ഷംവരെ മുഖ്യമന്ത്രിക്കും അതിന് മുകളിലുള്ള തുകയ്ക്ക് സംസ്ഥാനസർക്കാരിനും ഇടപെട്ട് ജപ്തി നടപടി താൽക്കാലികമായി നിർത്തിവയ്ക്കാൻ അധികാരം നൽകുന്നു. സഹകരണ, ദേശസാല്‍കൃത, ഷെഡ്യൂൾഡ്, കൊമേഴ്സ്യൽ ബാങ്കുകളുടെയും ജപ്തി നടപടിയിൽ സർക്കാറിന് ഇടപെട്ട് വായ്പ എടുത്തയാൾക്ക് ആശ്വാസം നൽകാൻ പുതിയ നിയമത്തിൽ കഴിയും. എന്നാൽ, വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താനുള്ള അധികാരം കൊടുക്കുന്ന ‘സർഫാസി ആക്ട്’ പ്രകാരമുള്ള ജപ്തിയിൽ ഇടപെടാനാവില്ല. പുതിയ നിയമം വരുന്നതോടെ റവന്യു റിക്കവറി പ്രകാരമുള്ള ജപ്തി നടപടികൾ നീട്ടിവയ്ക്കാനും കൂടുതൽ ഗഡുക്കളായി വായ്പാതുക തിരിച്ചടയ്ക്കാനും സാവകാശം നൽകും. 

നേരത്തെ തഹസിൽദാർ മുതൽ മുഖ്യമന്ത്രിവരെയുള്ളവർക്ക് വായ്പാ തുക 10 ഗഡുക്കളായി തിരിച്ചടയ്ക്കാനുള്ള ഉത്തരവിറക്കാൻ കഴിയുമായിരുന്നു. എന്നാൽ, ജപ്തി നടപടി നീട്ടിവയ്ക്കാൻ പറ്റില്ലായിരുന്നു. ഇക്കാര്യം നിർദേശിച്ച് റവന്യു-ധനമന്ത്രിമാർ ഇറക്കിയ ഉത്തരവ് ബാങ്കുകൾ ഹൈക്കോടതിയിൽ ചോദ്യംചെയ്തു. ഇല്ലാത്ത നിയമത്തിന്റെ പേരിൽ ജപ്തി നടപടി ഒഴിവാക്കാൻ ഇടപെടരുതെന്ന് നിർദേശിച്ച കോടതി, ആവശ്യമെങ്കിൽ നിയമം നിർമ്മിക്കാൻ സർക്കാരിനോട് നിർദേശിച്ചു. അപ്പീൽ സമർപ്പിച്ചെങ്കിലും ഇതും തള്ളി. ഈ സാഹചര്യത്തിലാണ് നിയമ നിർമ്മാണം നടത്തുന്നത്. 

പുതിയ നിയമം വരുന്നതോടെ ജപ്തി നടപടി തടയാനാകുമെന്ന് മാത്രമല്ല പിഴപ്പലിശയുൾപ്പെടെ 12ശതമാനത്തിൽ നിന്ന് ഒമ്പതുശതമാനമായി കുറയ്ക്കാനും സാധിക്കും. കൂടാതെ സർക്കാരിന് ഇടപെട്ട് ഗഡുക്കളായി തിരിച്ചടയ്ക്കാനും ജപ്തി ചെയ്യപ്പെടാനിടയുള്ള ഭൂമി വില്പന നടത്താൻ ഉടമയ്ക്ക് അവസരം നൽകുകയും ചെയ്യുന്നു. വാങ്ങുന്നയാളും വിൽക്കുന്നയാളും ചേർന്ന് നിശ്ചിതഫോറത്തിൽ ജില്ലാകളക്ടർക്ക് അപേക്ഷ നൽകിയാൻ വസ്തുവില്പന രജിസ്റ്റർ ചെയ്യാനാകും. മാത്രമല്ല ജപ്തിചെയ്യപ്പെട്ട ഭൂമി അഞ്ചുവർഷത്തിനുള്ളിൽ തുക ഒരുമിച്ചോ, ഗഡുക്കളായോ അടച്ച് ഉടമയ്ക്ക് തന്നെ ഭൂമി തിരികയെടുക്കാനുള്ള അവസരവും നൽകുന്നു.
ലേലത്തിൽ പോകാത്ത ഭൂമി (ബോട്ട് ഇൻ ലാൻഡ്) സർക്കാരിന് ഒരുരൂപയ്ക്ക് (നേരത്തെ ഇത് പത്തുപൈസയായിരുന്നു) ഏറ്റെടുക്കാം, പലിശ 12ൽനിന്ന് ഒമ്പത് ശതമാനമാക്കിയും കുറയ്ക്കും, വീഴ്ച വരുത്തിയ ആൾക്കോ അടുത്ത ബന്ധുവിനോ ബാധ്യതകൾ തീർത്ത് ഭൂമി അഞ്ചുവർഷത്തിനകം സർക്കാരിൽനിന്ന് ഏറ്റെടുക്കാം തുടങ്ങിയവയാണ് സുപ്രധാന വ്യവസ്ഥകൾ.
ഭേദഗതിയെ ഭരണ, പ്രതിപക്ഷ അംഗങ്ങൾ സ്വാഗതം ചെയ്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എൻ കെ അക്ബർ, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരുടെ ഭേദഗതി നിർദേശത്തോടെ ബിൽ സബ‌്ജക്ട് കമ്മിറ്റിക്ക് വിട്ടു. 

Eng­lish Sum­ma­ry: Gov­ern­ment empow­ered to inter­vene in all types of confiscations

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.