ലൈഫ് പദ്ധതിയുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിൽ സർക്കാർ പിന്നോട്ട് പോകില്ലെന്നും ലൈഫിനെ തകർക്കുന്നവരോട് പറയാനുള്ളത് പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ശ്രമിക്കരുത് എന്നത് മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പയ്യന്നൂർ മണ്ഡലം നവകേരള സദസിന്റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭവനരഹിതരില്ലാത്ത കേരളമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ പ്രതിജ്ഞാബദ്ധതയോടെയാണ് മുന്നോട്ടു പോകുന്നത്. ലൈഫ് മിഷന്‍റെ ഭാഗമായി ഈ സാമ്പത്തികവര്‍ഷം 71,861 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ആണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 1,41,257 വീടുകളാണ് നിര്‍മ്മാണത്തിനായി കരാര്‍ വച്ചത്. ഇതില്‍ 15,518 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ലൈഫ് മിഷന്‍ തകര്‍ന്നു എന്നു ബോധപൂർവം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ലക്ഷ്യമിട്ടതിലും ഇരട്ടി വീടുകളുടെ നിര്‍മ്മാണം നടക്കുകയാണെന്ന യാഥാര്‍ത്ഥ്യം.
പി എം എ വൈ ഗ്രാമീണ്‍ പദ്ധതിയില്‍ 2020–21നു ശേഷം കേന്ദ്രം ടാര്‍ഗറ്റ് നിശ്ചയിച്ചു നല്‍കിയിട്ടില്ലാത്തതിനാല്‍ മൂന്ന് വര്‍ഷമായി ആ പട്ടികയില്‍ നിന്നും പുതിയ വീടുകളൊന്നും അനുവദിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ നിലപാട് തിരുത്താന്‍ കേന്ദ്രം തയ്യാറാകുന്നില്ല.
കേരളത്തില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ എണ്ണം 2,36,670 ആണ്. ഇതില്‍ 36,703 വീടുകള്‍ക്കുള്ള സഹായമാണ് ഇതിനകം കേന്ദ്രം അനുവദിച്ചത്. ഇതില്‍ 31,171ഉം പൂര്‍ത്തിയായിട്ടുണ്ട്. ഓരോ വര്‍ഷവും കേന്ദ്രം തീരുമാനിക്കുന്ന എണ്ണം അനുസരിച്ചാണ് വീടുകള്‍ അനുവദിക്കുന്നത്. കേരളത്തിന് അനുവദിക്കുന്ന സഹായം കൃത്യമായി വിതരണം ചെയ്യാന്‍ എല്ലാ നടപടികളും സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ വീടുകള്‍ കേന്ദ്രം അനുവദിക്കുന്നില്ല എന്നതാണ് വസ്തുത.
വീടൊന്നിന് 72,000 രൂപയാണ് ഗ്രാമീണ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ഇത് 4,00,000 രൂപയാക്കി കേരളം വിതരണം ചെയ്യുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആ വാര്‍ത്തയില്‍ പറഞ്ഞത് 2,10,000 രൂപ കേന്ദ്ര വിഹിതം എന്നാണ്. പി എം എ വൈ ഗ്രാമീണില്‍ 260.44 കോടി കേരളത്തിന് ലഭിക്കേണ്ടതില്‍ 187.5 കോടിയാണ് കിട്ടിയത്. ഇതില്‍ 157.58 കോടി ചിലവാക്കിയിട്ടുണ്ട്. നിലവില്‍ അനുവദിക്കപ്പെട്ട വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതിനു അനുസരിച്ച്, ബാക്കി തുകയും വിതരണം ചെയ്യും.
അനുവദിക്കുന്ന വീടുകള്‍ക്ക് തന്നെ കടുത്ത നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിയാണുള്ളത്. പി എം എ വൈ ഗുണഭോക്താവാണെന്ന വലിയ ബോര്‍ഡ് വെക്കണമെന്ന നിബന്ധന ഉള്‍പ്പെടെ വരുന്നുണ്ട്. മനുഷ്യരുടെ അടിസ്ഥാന ആവശ്യമാണ് പാര്‍പ്പിടം. അതും കേന്ദ്രസര്‍ക്കാരിന്‍റേയും പ്രധാനമന്ത്രിയുടേയും പരസ്യത്തിനുപയോഗിക്കണമെന്ന് വാശി പിടിക്കുന്നത് നല്ല കാര്യമല്ല.
മറച്ചുവെക്കപ്പെടുന്ന കാര്യങ്ങള്‍ സമൂഹത്തോട് തുറന്നു പറയാനുള്ള ഉദ്യമം കൂടിയാണ് നവകേരള സദസ്സ് എന്ന് ഇന്നലെ സൂചിപ്പിച്ചിരുന്നു. അത് ഇന്ന് ചിലർ പരിഹസിച്ചത് കണ്ടു. മറച്ചു വെക്കപ്പെടുന്ന കാര്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടേതാണ്. അങ്ങനെ ഒളിപ്പിച്ചു വെക്കുന്നതും ജനങ്ങള്‍ അനിവാര്യമായും അറിയേണ്ടതുമായ ഒരു വിഷയം തന്നെയാണ് ഭവന നിര്‍മ്മാണത്തിന്‍റെ പ്രശ്നം.
കേന്ദ്രം കേരളത്തിനുള്ള ഫണ്ട് വിഹിതം നിരന്തരം തടഞ്ഞില്ലെങ്കില്‍ ഈ സമയത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോട് അടുക്കാന്‍ കഴിയുന്ന സ്ഥിതി വരുമായിരുന്നു. ഫണ്ട് തടഞ്ഞും, അനാവശ്യ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ചും മറ്റെല്ലാ മാര്‍ഗങ്ങളുപയോഗിച്ചും ലൈഫ് മിഷനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.
കേരളത്തിലെല്ലാവര്‍ക്കും ഭവനങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിനു പിന്തുണ നല്‍കുക എന്നത് മനുഷ്യത്വപരമായ ഉത്തരവാദിത്തമാണ്. അത് നിറവേറ്റാന്‍ എല്ലാവരും തയാറാകണം. അതിനായി മുന്നോട്ടു വരണം. ജനക്ഷേമം ലക്ഷ്യം വെച്ച് സർക്കാർ നടത്തുന്ന ഈ പരിപാടിയോട് സഹരിക്കില്ലെന്ന നിലപാട് സ്വീകരിച്ചത് പ്രതിപക്ഷം ആണ്. നിസഹകരണം മാത്രമല്ല ദുഷ്പ്രചരണവും നടത്തുന്നു. അതു കൊണ്ട് തന്നെ പ്രതിപക്ഷത്തിന് ഇത്തരം നിലപാടിന് പിന്നിലെ ദുഷ്ടലാക്ക് ഓരോ സദസിലും പറയുക തന്നെ ചെയ്യും. ഓരോ സദസിലുമുള്ള ജനസഞ്ചയം ജനങ്ങൾക്ക് സർക്കാരുമായി സംവദിക്കാനുണ്ടെ.ന്നും അവർക്ക് അതിൽ തായ്പര്യവും സർക്കാരിൽ പ്രതീക്ഷയുണ്ടെന്നുമാണ് വ്യക്തമാക്കുന്നത്. ഓരോ മണ്ഡലത്തിലും ദിവസം മുഴുവൻ നിൽക്കുന്നില്ലെങ്കിലും അതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ അത് സമയബന്ധിതമായി കൈകാര്യം ചെയ്യുന്നുണ്ട്.
ജനാധിപത്യവിശ്വാസവും പൗരബോധവും മുറുകെപ്പിടിക്കുന്ന പൊതുസമൂഹമാണ് കേരളത്തിന്‍റെ കരുത്ത് എന്ന് പലരും ചൂണ്ടിക്കാണിക്കാറുണ്ട്. അതു പൂര്‍ണ്ണമായും ശരിയാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് നവകേരള സദസ്സിന്‍റെ രണ്ടാമത്തെ ദിവസവും കണ്ട ജനപങ്കാളിത്തം. കാസര്‍കോട് ചെങ്കള മുതല്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കാലിക്കടവ് വരെ വടക്കേയറ്റത്തെ ജില്ലയിലെ യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ ഒരു മഹാ ജനമുന്നേറ്റ സദസ്സായി ഈ യാത്ര ഉയര്‍ന്നു എന്ന് സംശയമില്ലാതെ പറയാന്‍ കഴിയുന്ന അനുഭവമാണ്. ജനങ്ങള്‍ കേവലം കേള്‍വിക്കാരായി ഇരിക്കുകയല്ല ഇവിടെ. ഓരോരുത്തരും തങ്ങളുടെ സജീവമായ ഇടപെടല്‍ ഉറപ്പാക്കിക്കൊണ്ട് ഇതിനോടൊപ്പം ചേരുകയാണ്.
പൈവെളിഗെയില്‍ ശനിയാഴ്ച റെക്കോഡ് സൃഷ്ടിച്ച ജനാവലിയാണ് ഉദ്ഘാടന പരിപാടിക്കെത്തിയതെങ്കില്‍, ഇന്നലെ ആദ്യദിന പര്യടനത്തില്‍ എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാനും നാടിന്‍റെ പുരോഗതിയ്ക്കായി സ്വന്തം അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും പങ്കുവെക്കാനും ഉത്സാഹപൂര്‍വ്വം വന്നു ചേര്‍ന്ന കാസര്‍ കോട് ജില്ലയിലെ ജനാവലി കേരളത്തിന്‍റെ ഉന്നതമായ ജനാധിപത്യബോധ്യത്തിന്‍റെ മാതൃകയായി വര്‍ത്തിച്ചു. നാടിന്‍റെ പുരോഗതിയ്ക്കായി കൂടുതല്‍ ഊര്‍ജ്ജത്തോടെ മുന്നോട്ടുപോകാനുള്ള പ്രചോദനം നവകേരള സദസ്സ് പകരുകയാണ്.
തിരക്കു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച് വേദികളില്‍ നിവേദനങ്ങള്‍ നല്‍കാനുള്ള സംവിധാനം ഒരുക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമായി 14232 നിവേദനങ്ങളാണ് ലഭിച്ചത്. മഞ്ചേശ്വരത്തു 1908 ഉം കാസര്‍ഗോഡ് 3451ഉം ഉദുമയില്‍ 3733ഉം കാഞ്ഞങ്ങാട് 2840ഉം തൃക്കരിപ്പൂര്‍ 2300ഉം ആണ് ലഭിച്ചത്.
നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പു തന്നെ നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങും. ഇവ മുഴുവനും സ്വീകരിക്കുന്നതു വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. നിവേദനം സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൗണ്ടറുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന നിവേദനങ്ങളും പരാതികളും വേഗത്തില്‍ തീര്‍പ്പാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്.
നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് അറിയാനാകും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈല്‍ നമ്പറോ നല്‍കിയാല്‍ മതി. പരാതികളില്‍ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതല്‍ നടപടിക്രമം ആവശ്യമെങ്കില്‍ പരമാവധി നാലാഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥര്‍ തീരുമാനം എടുക്കും. സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ ജില്ലാ ഓഫീസര്‍മാര്‍ വകുപ്പ്തല മേധാവി മുഖേന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത്തരം പരാതികള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടിയും നല്‍കും.
രണ്ടു ദിവസത്തെ അനുഭവം മുന്‍ നിര്‍ത്തി ഇന്ന് മുതല്‍ ഓരോ കേന്ദ്രത്തിലും നവകേരള സദസ്സിന്‍റെ വേദികളോടനുബന്ധിച്ച് നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്ന ഇരുപതു കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
English Summary:Government is moving forward for homeless-free Kerala: Chief Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.