
ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ വഖഫ് ഭേദഗതി ബില്ലില്‍ പ്രതിപക്ഷത്തെ തള്ളി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം. പ്രതിപക്ഷ അംഗങ്ങളെ യോഗത്തില്‍ നിന്നും പുറത്താക്കി ബില്ലിന് അംഗീകാരം നല്‍കി സംയുക്ത പാര്‍ലമെന്ററി സമിതി. പ്രതിപക്ഷം ഉള്‍പ്പെടെ ബില്ലിനെ എതിര്‍ത്തുള്ള 572 നിര്‍ദേശങ്ങള്‍ നിരാകരിച്ച സമിതി ഭരണപക്ഷം നല്‍കിയ 14 ഭേദഗതികളോടെയാണ് ബില്ലിന് അംഗീകാരം നല്‍കിയത്.
വഖഫ് നിയമത്തില്‍ സമൂലമായ അഴിച്ചുപണി ലക്ഷ്യമിട്ടാണ് മോഡി സര്‍ക്കാര്‍ വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നത്. പ്രതിപക്ഷവും ചില ഭരണകക്ഷികളും എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തില്‍ ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ട് സര്‍ക്കാര്‍ തടി തപ്പുകയും ചെയ്തു. രാജ്യത്തെ വഖഫ് വസ്തുവകകളുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലില്‍ 14 ഭേദഗതികളോടെയാണ് ജെപിസി അംഗീകാരം നല്‍കിയിരിക്കുന്നത്.
പ്രതിപക്ഷം ബില്ലില്‍ 66 ഭേദഗതികളാണ് മുന്നോട്ടു വച്ചത്. ഇതിനു പുറമെ വിവിധ മുസ്ലിം സംഘടനകളുടെ നിര്‍ദേശങ്ങളും ചേര്‍ത്താല്‍ 572 ഭേദഗതികളാണ് വന്നത്. സമിതിയുടെ ഏകപക്ഷീയ നിലപാടിനെതിരെ രംഗത്തെത്തിയ, ടിഎംസി, ഡിഎംകെ, കോണ്‍ഗ്രസ് അംഗങ്ങളെ യോഗത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കിയാണ് സമിതി പ്രമേയം പാസാക്കിയത്.
ബിജെപി എംപി ജഗദംബികാ പാല്‍ അധ്യക്ഷനായ സമിതിയാണ് ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയത്. സമിതിയില്‍ ഭൂരിപക്ഷം ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്കാണ്. രാജ്യസഭയിലെയും ലോക്‌സഭയിലേയുമായി ബിജെപിയിലെ 16, എന്‍ഡിഎ ഘടക കക്ഷികള്‍ക്ക് പത്തും പ്രതിപക്ഷത്തിന് പത്തും എംപിമാര്‍ എന്ന നിലയിലായിരുന്നു സമിതിയിലെ പ്രാതിനിധ്യം. സമിതിയിലെ ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ ജെപിസി പ്രഹസനത്തിലൂടെ ബില്ല് സഭയുടെ അനുമതിക്കായി എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം.
കഴിഞ്ഞ നവംബര്‍ 29 നാണ് സമിതി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് സമര്‍പ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ കാലപരിധി പലവട്ടം നീട്ടി. ഭേദഗതികള്‍ വരുത്തിയ കരടു ബില്‍ ജനുവരി 29ന് തയ്യാറാകുമെന്നാണ് വിലയിരുത്തല്‍. ഈ മാസം 31ന് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യപാദം അവസാനിക്കുന്ന ഫെബ്രുവരി 13 നാകും ബില്‍ വീണ്ടും സഭയുടെ പരിഗണനയ്ക്ക് എത്തുക എന്നാണ് കരുതുന്നത്.
സമിതി അംഗീകാരം നല്‍കിയ ഭേദഗതികള്‍ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജില്ലാ കളക്ടര്‍മാരും ബോര്‍ഡിലെ പ്രത്യേക തസ്തികകളിലെത്തും. വഖഫ് ട്രിബ്യൂണല്‍ അംഗസംഖ്യ രണ്ടില്‍ നിന്നും മൂന്നായി മാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.